ആരാധന മൂത്തപ്പോൾ ധോണിയുടെയും ആധാർ വിവരങ്ങൾ ചോർന്നു; ട്വിറ്ററിൽ പുറത്തുവിട്ട് സർക്കാർ ഏജൻസി; റീട്വീറ്റ് ചെയ്ത് പുലിവാല് പിടിച്ച് കേന്ദ്രമന്ത്രിയും

ആരാധന മൂത്തപ്പോൾ പണി കിട്ടിയത് ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണിക്ക്. ധോണിയുടെ ആധാർ കാർഡിലെ രഹസ്യവിവരങ്ങൾ ട്വിറ്ററിലൂടെ ചോർന്നു. ആധാർ വിവരങ്ങൾ ചോരുന്നതിന് ഒരു തെളിവുകൂടിയാണ് ഇത്. ഇന്നലെയാണ് ധോണിയുടെ ആധാർ വിവരങ്ങൾ ചോർന്നത്. ധോണി ആധാർ കാർഡ് എടുക്കുന്നത് ട്വീറ്റ് ചെയ്ത സർക്കാർ ഏജൻസി ഇതിനൊപ്പം അദ്ദേഹത്തിന്റെ വ്യക്തിഗത വിവരങ്ങൾ കൂടി ട്വിറ്ററിൽ കൂടി പുറത്തു വിടുകയായിരുന്നു. ഇത് റീട്വീറ്റ് ചെയ്ത് കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കർ പ്രസാദ് പുലിവാല് പിടിക്കുകയും ചെയ്തു.

റാഞ്ചിയിൽ ധോണി ആധാർ കാർഡ് എടുക്കുന്ന ചിത്രം സഹിതമാണ് ആധാർ കാർഡ് അനുവദിക്കുന്നതിനുള്ള സർക്കാർ ഏജൻസി ട്വീറ്റ് ചെയ്തത്. തൊട്ടുപുറകെ രവിശങ്കർ പ്രസാദ് ഇത് റീട്വീറ്റ് ചെയ്യുകയും ധോണിയെ മാതൃകയാക്കി പുകഴ്ത്തുകയും ചെയ്തു. എന്നാൽ ചിത്രത്തിനൊപ്പം ധോണിയുടെ വ്യക്തിഗത വിവരങ്ങളും പങ്കുവച്ചിരിക്കുന്നു എന്നു മനസിലാക്കിയ ധോണിയുടെ ഭാര്യ സാക്ഷി സിംഗ് ഉടൻ തന്നെ മന്ത്രിക്ക് റീട്വീറ്റ് ചെയ്തു.

ധോണിയിടെ വ്യക്തിപരമായ വിവരങ്ങൾ പുറത്ത് വിട്ടത് അങ്ങേയറ്റം നിരാശയുണ്ടാക്കുന്നുവെന്നായിരുന്നു സാക്ഷിയുടെ പ്രതികരണം. എന്നാൽ ഇതും മനസിലാക്കാതെ ഒരു വിവരങ്ങളും ചോർന്നിട്ടില്ല എന്നു മന്ത്രി മറുപടി നൽകി. തുടർന്നുള്ള ട്വീറ്റിൽ, ധോണിയുടെ വ്യക്തിഗത വിവരങ്ങളും ചിത്രത്തിനൊപ്പം പങ്കു വച്ചിരിക്കുന്നത് വീണ്ടും ചൂണ്ടിക്കാട്ടിയതോടെയാണ് അദ്ദേഹം അബദ്ധം തിരിച്ചറിഞ്ഞത്. വിവരങ്ങൾ ചൂണ്ടിക്കാട്ടിയതിനു നന്ദി പറഞ്ഞ മന്ത്രി ഇതിനു ഉത്തരവാദികൾ ആയവർക്കെതിരെ നടപടി എടുക്കുമെന്നും വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here