തിരുവനന്തപുരം: ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എസ്.എം വിജയാനനന്ദ് ഈമാസം വിരമിക്കുന്ന സാഹചര്യത്തിലാണ് നളിനി നെറ്റോയുടെ നിയമനം. സുബ്രത ബിശ്വാസാണ് പുതിയ ആഭ്യന്തര വിജിലൻസ് സെക്രട്ടറി. നിലവിൽ പി.ഡബ്ല്യൂ.ഡി. അഡിഷണൽ ചീഫ് സെക്രട്ടറിയായിരുന്നു. പ്ലാനിംഗ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായ വി.എസ്. സെന്തിലിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ ചുമതല കൂടി നൽകും.
സത്യജിത് രാജൻ പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതല വഹിക്കും. ഷീലാ തോമസ് വിരമിക്കുന്ന ഒഴിവിലാണ് ഈ നിയമനം. ആശ തോമസായിരിക്കും പുതിയ പിഡബ്ല്യുഡി സെക്രട്ടറി. ടൂറിസം ഡയറക്ടറായി പി.ബാലകിരണിനെ നിയമിച്ചു. ഹരിത വി കുമാറാണ് പുതിയ പഞ്ചായത്ത് സെക്രട്ടറി.
1986 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥരായ പി.എച്ച് കുര്യൻ (റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി), ജെയിംസ് വർഗീസ് (ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി) എന്നിവരെ അഡിഷണൽ ചീഫ് സെക്രട്ടറിമാരായി പ്രൊമോട്ട് ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരള മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷന്റെ കാലാവധി ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിച്ചു. കമ്മിഷൻ പുനഃസംഘടിപ്പിച്ചു വിജ്ഞാപനം പുറപ്പെടുവിച്ചു. കേരള ജുഡീഷ്യൽ അക്കാദമിയിൽ 53 തസ്തികകൾ സൃഷ്ടിക്കാനും തീരുമാനിച്ചു.
കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രീബ്യൂണലിൽ സീനിയർ ഗവ. പ്ലീഡർമാരായി എസ്. ഷാജി , കെ.എസ്. ജെയിൻ എന്നിവരേയും പ്ലീഡർമാരായി പി.ജെ സിജ, എസ്.എസ് രാജീവ്, സനോജ് ആർ നായർ, രാഹുൽ.എം.ബി എന്നിവരേയും നിയമിക്കും. റബ്‌കോയ്ക്ക് എതിരായ റവന്യൂ റിക്കവറി നടപടികൾ നിർത്തിവെക്കാൻ തീരുമാനിച്ചു. വിവിധ ധനകാര്യ സ്ഥാപനങ്ങൾക്കായി റബ്‌കോയ്ക്ക് 76.76 കോടി രൂപ കുടിശ്ശികയാണുള്ളത്. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ സംരംഭമായ അസാപ്പിൽ കരാർ അടിസ്ഥാനത്തിൽ പ്രൊജക്ട് മാനേജ്‌മെന്റ് പൂൾ സൃഷ്ടിക്കും.
വർധിച്ചുവരുന്ന തീവ്രവാദ ഭീഷണി കണക്കിലെടുത്ത് ഇന്ത്യാ റിസർവ് ബറ്റാലിയന്റെ കമാൻഡോ വിഭാഗത്തിൽ 210 കമാൻഡോ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. തൃശ്ശൂർ കടങ്ങോട് കിഴക്കുമുറി കൊട്ടിലപ്പറമ്പിൽ കൂട്ട ആത്മഹത്യ ചെയ്ത കുടുംബത്തിൽ ബാക്കിയായ എട്ടു വയസ്സുകാരി വൈഷ്ണവിയുടെ വിദ്യാഭ്യാസ ചെലവ് സർക്കാർ വഹിക്കും.
1989-ലെ കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ആനുകൂല്യത്തിനുളള പട്ടിക വർഷംതോറും പുതുക്കുന്നതിന് നിയമം ഭേദഗതി ചെയ്യാൻ തീരുമാനിച്ചു. യഥാസമയം പദ്ധതിയിൽ ചേരുന്നതിന് ഉടമകൾ തടസ്സം സൃഷ്ടിക്കുന്നതിനാൽ തൊഴിലാളികൾക്കുളള ബുദ്ധിമുട്ട് പരിഹരിക്കാനാണ് ഭേദഗതി കൊണ്ടുവരുന്നത്.
Get real time update about this post categories directly on your device, subscribe now.