കംബോഡിയയിൽ അമ്മമാര്‍ മുലപ്പാൽ വിറ്റു കാശാക്കി; നടപടിയുമായി സര്‍ക്കാര്‍

ഫനോം പെൻ: കംബോഡിയയിൽ മുലപ്പാൽ വിറ്റു കാശാക്കുന്ന അമ്മമാരെ വിലക്കി സർക്കാർ. കംബോഡിയയിൽ ജീവിത വരുമാനത്തിന് സ്ത്രീകൾ കണ്ടെത്തിയത് മുലപ്പാൽ വിൽപനയായിരുന്നു. എന്നാൽ, സ്ത്രീകൾ മുലപ്പാലിനെ വരുമാന സ്രോതസ്സായി കണ്ടതോടെ, വിൽപനയെ വിലക്കി സർക്കാരും രംഗത്തെത്തുകയായിരുന്നു. എന്നാൽ ഇതിനെതിരെ വ്യാപകപ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്.

രണ്ടു വർഷം മുമ്പാണ് കംബോഡിയയിലെ ഒരു ഡസനോളം സ്ത്രീകൾ യുഎസ് ആസ്ഥാനമായ ആംബ്രോസിയ ലാബ്‌സ് എന്ന കമ്പനിക്ക് മുലപ്പാൽ സപ്ലൈ ചെയ്തു തുടങ്ങിയത്. എന്നാൽ പിന്നീടിത് വലിയ ബിസിനസായി മാറുകയും അമ്മമാർ സ്വന്തം കുട്ടികൾക്കു പോലും മുലപ്പാൽ കൊടുക്കാതെ വിറ്റ് കാശാക്കുകയും ചെയ്തു. മുലപ്പാലിന് വലിയ മാർക്കറ്റ് വന്നതോടെ അമ്മമാരുടെ എണ്ണം വർധിക്കുന്നതോടൊപ്പം വാടക ഗർഭധാരണവും വൻതോതിൽ വർദ്ധിച്ചു. ഇത് കുട്ടികളുടെ പോഷകാഹാരക്കുറിവിനും വഴിവച്ചതോടെയാണ് മുലപ്പാൽ വിൽപനയ്ക്ക് കൂച്ചുവിലങ്ങിടാൻ കംബോഡിയ സർക്കാർ തീരുമാനിച്ചത്.

മുലപ്പാൽ ബിസ്സിനസ്

കംബോഡിയയിൽ നിന്നും യുഎസ് കമ്പനിയായ ആംബ്രോസിയയിലേക്ക് വലിയ അളവിലാണ് മുലപ്പാൽ കയറ്റുമതി നടത്തിയിരുന്നത്. ഔൺസിന് 0.50 ഡോളർ എന്ന നിലയിലാണ് വിൽപന. ഇതോടെ ദരിദ്ര രാജ്യത്തിന്റെ ഉൾഗ്രാമങ്ങളിൽ പോലും അമ്മമാർ മുലപ്പാൽ വിൽപന വരുമാന മാർഗ്ഗമാക്കി മാറ്റി. പാത്രങ്ങളിൽ നിക്ഷേപിച്ച മുലപ്പാൽ ഏജൻസികളിൽ എത്തിക്കുന്നത് സാധാരണ കാഴ്ചയായി മാറി. മറ്റു ചില രാജ്യങ്ങളിലും മുലപ്പാൽ വെബ്‌സൈറ്റ് വഴിയും സ്വകാര്യ നെറ്റ് വർക്ക് വഴിയും വിതരണം ചെയ്യുന്നുണ്ടെങ്കിലും ഇതു കച്ചവടമായി വർദ്ധിച്ചിട്ടില്ല. എന്നാൽ കംബോഡിയയിൽ കൂടുതൽ മുലപ്പാലിന് ഇൻസെന്റീവ് വരെ നൽകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറി. നവജാത ശിശുവിന് ആറു മാസത്തേക്ക് മുലപ്പാൽ മാത്രം നൽകണമെന്നിരിക്കെ, ഇത്തരം പുതിയ കച്ചവടരംഗത്തിനെതിരെ യൂണിസെഫിന്റെ ചിൽഡ്രൻസ് ചാരിറ്റിയും രംഗത്തെത്തി.

വ്യാപക പ്രതിഷേധം

മുലപ്പാൽ വിൽപന വിലക്കിയതോടെ കംബോഡിയയിൽ വലിയ പ്രതിഷേധം തന്നെ ഉയർന്നിട്ടുണ്ട്. സർക്കാർ ഉത്തരവിൽ വലിയ വേദനയുണ്ടെന്ന് ചിയേ സാം എന്ന സ്ത്രീ പറയുന്നു. ഒരു ദിവസം തങ്ങൾ 12 ഡോളറോളം സമ്പാദിച്ചിരുന്നതായും ഇവർ വെളിപ്പെടുത്തുന്നു. ഫാക്ടറികളിലും മറ്റും ജോലി ചെയ്താൽ തങ്ങൾക്ക് ഇത്രയും പണം ലഭിക്കുന്നില്ലെന്നാണ് ഇവരുടെ വാദം. മുലപ്പാൽ വിൽപന തങ്ങളുടെ അവകാശമാണെന്നും ഇതു നിയന്ത്രിക്കാൻ സർക്കാരിന് അധികാരമില്ലെന്നുമാണ് അവർ പറയുന്നത്. മുലപ്പാൽ വാങ്ങുന്ന ആംബ്രോസിയ കമ്പനിയുടെ വാദമാണ് മറ്റൊരു വിചിത്രം. കമ്പനിയുടെ കണക്കനുസരിച്ച് തങ്ങളുടെ ബിസിനസ് വഴി കംബോഡിയയിലെ 90 കുടുംബങ്ങൾ ധനികരായി മാറിയെന്നാണ് അവകാശവാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel