യുപിയിലെ മൃഗശാലയിലെ മൃഗങ്ങള്‍ ഇനി വെജിറ്റേറിയനാകേണ്ടിവരും; അറവുശാലകള്‍ പൂട്ടിയതോടെ മാംസവിതരണം നിലച്ചു; മൃഗങ്ങള്‍ പട്ടിണിയില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മാട്ടിറച്ചി നിരോധനം മൂലം മൃഗശാലയിലെ മൃഗങ്ങള്‍ പട്ടിണിയില്‍. ഉത്തര്‍പ്രദേശിലെ ആര്‍എസ്എസ് നേതാവ് യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ ചുവന്ന ഇറച്ചി കഴിക്കുന്ന സിംഹവും കടുവയും പോലുള്ള മൃഗങ്ങളുടെ ഭക്ഷണശീലം പോലും മാറ്റാനുള്ള നീക്കത്തിലാണ്. സംസ്ഥാനത്തെ മൃഗശാലകളിലെ സിംഹങ്ങള്‍ക്കും കടുവകള്‍ക്കുമൊക്കെ ഇപ്പോള്‍ കോഴിയിറച്ചിയാണ് കൊടുക്കുന്നത്. മൃഗങ്ങള്‍ ഇവ കഴിക്കുന്നില്ല. ഇതുമൂലം അവ ദിവസങ്ങളായി പട്ടിണിയിലാണ്.

മാധ്യമപ്രവര്‍ത്തകനായ സാജന്‍ എവുജിനാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്യുന്നത്. ലഖ്‌നൗ, കാണ്‍പൂര്‍ മൃഗശാലകളിലെ നില ഇതാണെന്ന് സാജന്‍ ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

‘ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ മാട്ടിറച്ചിക്കെതിരായ നിലപാട് പരിസ്ഥിതിവിരുദ്ധം കൂടിയാണ്. ജീവശാസ്ത്രം പഠിച്ചവര്‍ക്കെല്ലാം ഭക്ഷ്യശൃംഖലയെക്കുറിച്ച് അറിയാം. സിംഹം, കടുവ തുടങ്ങിയ മൃഗങ്ങള്‍ ചുവന്ന ഇറച്ചിയാണ് കഴിക്കുന്നത്. എന്നാല്‍ അവയുടെ പോലും ഭക്ഷണശീലം മാറ്റാനുള്ള നീക്കത്തിലാണ് യുപി സര്‍ക്കാര്‍. മൃഗശാലയിലെ സിംഹങ്ങള്‍ക്കും കടുവകള്‍ക്കും മാട്ടിറച്ചിക്കു പകരം കോഴിയിറച്ചി കൊടുക്കുന്നു. അവ അതു കഴിക്കുന്നുമില്ല.’-സാജന്‍ ചൂണ്ടിക്കാട്ടുന്നു.

കാണ്‍പൂരിലെ മൃഗശാലയില്‍ മാംസഭോജികളായ 70 മൃഗങ്ങളുണ്ട്. ദിവസേന 400 കിലോ ഇറച്ചി വേണം. ലഖ്‌നൗ മൃഗശാലയില്‍ ഏഴു കടുവ, എട്ടു സിംഹം, എട്ടു കരിമ്പുലി, 12 പുള്ളിപ്പുലി, രണ്ടു കഴുതപ്പുലി, രണ്ടു ചെന്നായ്, രണ്ടു കുറുക്കന്‍ എന്നിവയുണ്ട്. ഇവയ്ക്ക് ദിവസേന 235 കിലോ മാട്ടിറച്ചി നല്‍കിയിരുന്നു. ഇറ്റാവയിലെ സഫാരി പാര്‍ക്കില്‍ മൂന്നു സിംഹങ്ങളും രണ്ടു കുട്ടികളുമുണ്ട്. ദിവസം 30 കിലോ ഇറച്ചി വേണം.

അറവുശാലകള്‍ കൂട്ടമായി അടച്ചു പൂട്ടിയതിനാല്‍ മാംസവിതരണം നിലച്ചു. ഈ സാഹചര്യത്തിലാണ് കോഴിയിറച്ചി കൊടുക്കാന്‍ തുടങ്ങിയതും മൃഗങ്ങള്‍ അവ കഴിക്കാതെ പട്ടിയിലേയ്ക്ക് നീങ്ങിയതും.

ഇത്രയും പറഞ്ഞുകൊണ്ട് ഈ പത്രപ്രവര്‍ത്തകന്‍ ചോദിക്കുന്നു: ‘സംഘ്പരിവാര്‍ തീരുമാനിച്ചാലോ സര്‍ക്കാര്‍ നയം മാറ്റിയാവോ ഭക്ഷ്യശൃംഖലയില്‍ മാറ്റം വരുത്താന്‍ കഴിയുമോ? ‘

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here