എന്താണ് പോക്‌സോ നിയമം? കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയല്‍ നിയമത്തെക്കുറിച്ച് അറിയാം

ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുളള നിയമമാണ് പോക്‌സോ (The Protection of Child from Sexual Offenses Act). 2012ലാണ് പോക്‌സോ നിയമം പ്രാബല്യത്തിലായത്. 18 വയസില്‍ താഴെയുളള ആണ്‍കുട്ടികളും പെണ്‍കുട്ടികളും നേരിടുന്ന ലൈംഗിക ചൂഷണങ്ങള്‍ തടയുകയാണ് ഇതിന്റെ പ്രധാനലക്ഷ്യം.

ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന പഴയ നിയമത്തില്‍ നിന്ന് വ്യത്യസ്തമായി, ലൈംഗിക ബന്ധം മാത്രമല്ല, കുട്ടികളെ അപമാനിക്കുന്ന എല്ലാ പ്രവൃത്തികളെയും ലൈംഗിക കുറ്റമായി കാണുന്നുവെന്നതാണ് പോക്‌സോയുടെ പ്രത്യേകത. കുട്ടികളുടെ അശ്ലീല ചീത്രങ്ങള്‍ ഉള്‍പ്പെടെ, കുട്ടികളെ ലൈംഗിക ചൂഷണത്തിന് സഹായിക്കുന്ന നിലപാടെടുക്കുന്നതും ഈ നിയമപ്രകാരം കുറ്റകരമാണ്.

പോക്‌സോ നിയമം ചുമത്തുന്നതോടെ പ്രതിക്ക് ഒത്തുതീര്‍പ്പിലൂടെ കേസില്‍ നിന്ന് തലയൂരാനുളള എല്ലാ പഴുതുകളും അടയും. പ്രതിക്ക് ജാമ്യം കിട്ടില്ലെന്ന് മാത്രമല്ല, കുറ്റം തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടുമെന്നും ഉറപ്പ്. ഇരയായ കുട്ടി തന്റെ മൊഴി മാറ്റിപ്പറഞ്ഞാലും ആദ്യം പറഞ്ഞ മൊഴിയാകും നിലനില്‍ക്കുക.

POCSO-Act

കുട്ടികളെ ലൈംഗികച്ചുവയോടെ സ്പര്‍ശിക്കുന്നത് മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാനുളള കുറ്റകൃത്യമായി കണക്കാക്കും. ഈ കുറ്റം അധ്യാപകര്‍, മതാധ്യാപകര്‍, ഹോസ്പിറ്റര്‍ സ്റ്റാഫുകള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചെയ്താല്‍ തടവ് ശിക്ഷ 8 വര്‍ഷം വരെയാകാം. ഒരു കുട്ടി പീഡനത്തിനിരയായാല്‍ അവരുടെ രക്ഷിതാക്കള്‍ക്ക് പരാതിയില്ലെങ്കില്‍ മൂന്നാമതൊരാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ ചോദ്യം ചെയ്യാവുന്നതും പരാതി നല്‍കാത്ത രക്ഷിതാക്കള്‍ക്കെതിരെ പോക്‌സോ ചുമത്താവുന്നതുമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം കേസുകള്‍ അധ്യാപകര്‍ മറച്ചുവച്ചാലും സമാനശിക്ഷ ലഭിക്കും.

കേസിന്റെ പ്രാരംഭം മുതല്‍ രഹസ്യസ്വഭാവം സൂക്ഷിക്കുമെന്നതാണ് പോക്‌സോയുടെ മറ്റൊരു പ്രത്യകത. കുട്ടിയുടെ പേരോ, ഫോട്ടോയോ, ദൃശ്യങ്ങളോ, മേല്‍വിലാസമോ പുറത്തുപറയാന്‍ പാടില്ല. അതായത് പൊതുമാധ്യമങ്ങളില്‍ ഇരയെ തിരിച്ചറിയാന്‍ കഴിയുന്ന തരത്തില്‍ ഒരു വാര്‍ത്തയും വരാന്‍ പാടില്ല. കേസില്‍ കൈക്കൊണ്ട നടപടിക്രമങ്ങളെക്കുറിച്ചും പരിചരണത്തെക്കുറിച്ചും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെയും കോടതിയെയും ബോധ്യപ്പെടുത്തുകയും വേണം.

ഗോവ ചില്‍ഡ്രന്‍സ് ആക്ട് 2003 മാത്രമായിരുന്നു പോക്‌സോ വരുന്നതിന് മുന്പ് വരെ ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണത്തിനെതിരായ ശക്തമായ നിയമം. ഐപിസി (1860) 375ബലാത്സംഗം, ഐപിസി (1860) 354 സ്ത്രീകളെ അപമാനിക്കല്‍, ഐപിസി (1860)377 പ്രകൃതിവിരുദ്ധ ലൈംഗികബന്ധം, ഐപിസി (1860)511 കുറ്റകൃത്യം നടത്താനുളള ശ്രമം എന്നിവയായിരുന്നു പോക്‌സോ നിയമം വരുന്നതിന് മുന്‍പുളള ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയാനുളള മറ്റ് നിയമങ്ങള്‍.

ഇന്ത്യയില്‍ 53ശതമാനം കുട്ടികള്‍ ഏതെങ്കിലും തരത്തിലുളള ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുണ്ടെന്നാണ് കണക്ക്. ഈ കണക്കുകളിലും വര്‍ധനവ് വന്നതോടെയാണ് ഇന്ത്യയില്‍ പോക്‌സോ നിയമം കൊണ്ടുവരേണ്ടതിന്റെ ആവശ്യകത ഏറിയതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here