ലോകത്തെ ഞെട്ടിച്ച് ആ സ്വര്‍ണനാണയം മോഷ്ടിക്കപ്പെട്ടു

ഒരു സ്വർണനാണയം മോഷ്ടിക്കന്നത് സാധാരണ ലോകത്തെ ഞെട്ടിക്കാറില്ല. എന്നാൽ ജർമനിയിൽ തിങ്കളാഴ്ചയുണ്ടായ നാണയ മോഷണത്തിന്റെ കഥ കേട്ടാൽ ഞെട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വർണനാണയമാണ് നഷ്ടപ്പെട്ടത്. ശരിക്കും നാണയത്തിന്റെ ഭാരം അറിഞ്ഞാലേ കവർച്ചയുടെ വലിപ്പം വ്യക്തമാകൂ. ഒന്നും രണ്ടുമല്ല 100 കിലോയാണ് നാണയത്തിന്റെ വലിപ്പം . അതായത് 221 പൗണ്ട്.

ലോകത്തിലെ പ്രശസ്തമായ നാണയ നിർമ്മാണ കമ്പനിയായ കനേഡിയൻ മിന്റ് 2007ൽ നിർമ്മിച്ചതാണ് നാണയം. 53 സെന്റീമീറ്റർ വ്യാസവും മൂന്ന് സെന്റീമീറ്റർ കനവുമുള്ള നാണയം ശുദ്ധമായ സ്വർണത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. ഒരു വശത്ത് എലിസബത്ത് രാജ്ഞിയുടെ മുഖവും മറുവശത്ത് മാപ്പിൾ ഇലകളും അലേഖനം ചെയ്തിരിക്കുന്ന നാണയത്തിന് മുപ്പത് കോടി രൂപ മതിപ്പ് വിലയുണ്ട്. 2010 മുതലാണ് നാണയം മ്യൂസിയത്തിൽ പ്രദർശനത്തിന് വെച്ചത്.
ബെർലിനിലെ മ്യൂസിയം ദ്വീപിലുള്ള ‘ബോഡ് മ്യൂസിയ ‘ത്തിലാണ് സംഭവം. ‘ബിഗ് മേപ്പിൾ ലീഫ് ‘ എന്നായിരുന്നു ഭീമൻ നാണയത്തിന്റെ പേര്.അതീവ സുരക്ഷയുള്ള മ്യൂസിയത്തിലെ ബുള്ളറ്റ് പ്രൂഫ് ലോക്കറും സുരക്ഷാ ജീവനക്കാരും സിസിറ്റിവി- അലാറം ഉൾപ്പടെയുള്ള സംവിധാനങ്ങളും തുനിഞ്ഞിറങ്ങിയ കൊള്ളസംഘത്തിന് തടസമായില്ല. സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തന രഹിതമാക്കിയ ശേഷമായിരുന്നു കവർച്ച. മാസങ്ങൾ നീണ്ട ആസൂത്രണത്തിന് ശേഷമാണ് കവർച്ച നടപ്പാക്കിയതെനാണ് നിഗമനം.

തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ച നിലയിൽ കണ്ടെത്തിയ കാറും ഉന്തുവണ്ടിയും ഉപയോഗിച്ചാണ് മോഷ്ടാക്കൾ രക്ഷപെട്ടതെന്ന് പോലീസ് കരുതുന്നു. മോഷ്ടാക്കളുടേതെന്ന് കരുതുന്ന ഏണിയും പോലീസിന് ലഭ്യമായിട്ടുണ്ട്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ നാണയ മ്യൂസിയങ്ങളിൽ ഒന്നാണ് ബോഡ് മ്യൂസിയം . യൂനസ്കോ പട്ടികയിൽ ഇടം പിടിച്ച മ്യൂസിയത്തിൽ അഞ്ച് ലക്ഷത്തിൽപ്പരം അപൂർവസ്തുകൾ ഉണ്ട്. അതുകൊണ്ടുതന്നെ ശക്തമായ സുരക്ഷയുള്ള മ്യൂസിയത്തിൽ സാഹസികമായി കൊള്ള നടന്നത് ലോകത്തെ അമ്പരപ്പിച്ചിരിക്കയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here