പൊടോര കുഞ്ഞമ്പു നായരും കോയിത്താറ്റില്‍ ചിരുകണ്ടനും പള്ളിക്കല്‍ അബൂബക്കറും മഠത്തില്‍ അപ്പുവും; യൗവനം തുടിക്കുന്ന പ്രായത്തില്‍ കഴുമരത്തെ ചുവപ്പിച്ചവര്‍

പൊടോര കുഞ്ഞമ്പു നായരും കോയിത്താറ്റില്‍ ചിരുകണ്ടനും പള്ളിക്കല്‍ അബൂബക്കറും മഠത്തില്‍ അപ്പുവും. യൗവ്വനകാന്തി തുടിക്കുന്ന പ്രായത്തില്‍ തന്നെ, കേവലം ഇരുപത്തിയഞ്ച് വയസ്സെത്തുന്നതിനു മുമ്പുതന്നെ കഴുമരത്തിലേറി ചെങ്കൊടിയെ കൂടുതല്‍ ചുവപ്പിച്ചു. കയ്യൂര്‍ സമരത്തിന്റെ ശക്തികണ്ട് പലപ്പോഴും മുതലാളിത്തത്തിന് വഴി മാറി നടക്കേണ്ടി വന്നിണ്ടുണ്ട്. 1941 മാര്‍ച്ച് 31ന് നീലേശ്വരം രാജാവിന് ജാഥയായി പോയി നിവേദനം നല്‍കാന്‍ കര്‍ഷകര്‍ തീരുമാനിച്ചു.

എന്നാല്‍ നിവേദനത്തിന്റെ കോപ്പി നേരത്തെ കിട്ടിയ ജന്മി പൊലീസുകാരും ചേര്‍ന്ന് എങ്ങനെയും ജാഥ പൊളിക്കാന്‍ പദ്ധതിയിട്ടു. ജന്മിയുടേയും പൊലീസിന്റെയും പദ്ധതി മനസിലാക്കിയ പാര്‍ട്ടി ജാഗ്രതയോടെ പ്രവര്‍ത്തിച്ചു എന്നാല്‍ ചില സഖാക്കള്‍ക്ക് പൊലീസില്‍ നിന്ന് മര്‍ദ്ദനമേറ്റു. തുടര്‍ന്ന് മാര്‍ച്ച് 26ന് ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കയ്യൂരില്‍ എത്തി അക്രമങ്ങള്‍ അഴിച്ചുവിട്ടു. കയ്യില്‍കിട്ടിയ തൊഴിലാളികളെയും സഖാക്കളെയും തല്ലിചതച്ചു.

ടിവി കുഞ്ഞമ്പു, ടിവി കുഞ്ഞിരാമന്‍ എന്നിവരെ വിട്ടില്‍ കയറി അറസ്റ്റ് ചെയ്തു. ഈ വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നു കയ്യൂര്‍ ജനത ഇളകി മറിഞ്ഞു. പ്രതിഷേധിച്ച് കയ്യൂരില്‍ പൊതുയോഗങ്ങളും പ്രകടനങ്ങളും നടന്നു. പ്രതിഷേധ ദിനമാചരിക്കാന്‍ പിറ്റേ ദിവസം നടന്ന ജാഥയ്ക്കു മുമ്പില്‍ തലേദിവസത്തെ അക്രമത്തില്‍ പങ്കാളിയായ പോലീസ് കോണ്‍സ്റ്റബിള്‍ സുബ്ബരായന്‍ അറിയാതെ വന്നുപെട്ടു. ഇയാളെ കണ്ടതോടെ ജനക്കൂട്ടം അക്രമാസക്തമായി. ജനക്കൂട്ടം സുബ്ബരായനെ തല്ലാന്‍ തുനിഞ്ഞുവെങ്കിലും, മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് തടയുകയായിരുന്നു.

എന്നാല്‍ ധിക്കാരിയും, തികഞ്ഞ മര്‍ദ്ദകനുമായ ഇയാളെ വെറുതെ വിടരുതെന്നായിരുന്നു ജാഥാംഗങ്ങളുടെ ആവശ്യം. അവസാനം, ചെങ്കൊടി പിടിച്ചുകൊണ്ട് ജാഥയുടെ മുന്നില്‍ നടത്തിക്കുവാന്‍ തീരുമാനമായി. ജനക്കൂട്ടത്തിന്റെ കോപത്തില്‍ നിന്നും രക്ഷപ്പെടാന്‍ സുബ്ബരായന്‍ പുഴയിലേക്കെടുത്തു ചാടിയെങ്കിലും യൂണിഫോമിലായിരുന്നതിനാല്‍ പുഴയിലെ ഒഴുക്കിനെതിരേ നീന്തി രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സുബ്ബരായന്‍ മരമപ്പെട്ടു. ഇതിനെ തുടര്‍ന്ന് കയ്യൂരിലും പ്രദേശങ്ങളിലും ഭീകരമായ പൊലീസ് വേട്ടയാണ് അരങ്ങേറിയത് കമ്മ്യൂണിസ്റ്റുകാരെന്ന് കണ്ടവരെയൊക്കെ മര്‍ദിച്ചൊതുക്കി ചെങ്കൊടികളൊക്കെ ചുട്ടുകരിച്ചു.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ കഴിയുന്നതൊക്കെ അവര്‍ ചെയ്തു. ഇകെ നായനാരുള്‍പ്പടെയുള്ള അറുപതോളം പേര്‍ക്കെതിരെ പൊലീസ് കെസെടുത്തു. ഒരു വര്‍ഷത്തിലേറെ കേസ് നടന്നു. ഒടുവില്‍ അഞ്ച് സഖാക്കള്‍ക്ക് വധശിക്ഷ വിധിച്ചു. രണ്ട് പേര്‍ക്ക് അഞ്ച് കൊല്ലവും കുറേ പേര്‍ക്ക് മൂന്ന് കൊല്ലവും തടവ് വിധിച്ചു. ഇംഗ്ലണ്ടില്‍ പ്രീവി കൗണ്‍സിലില്‍ അപ്പീല്‍ പോയങ്കിലും തീരുമാനം മാറ്റാന്‍ സാമ്രാജ്യത്വ ഭരണകൂടം തയ്യാറായില്ല. അങ്ങനെ 1943 മാര്‍ച്ച് 29ന് പുലര്‍ച്ചെ 5ന് കയ്യൂര്‍ സഖാക്കളെ തൂക്കിലേറ്റി. ഇന്‍ക്വലാബ് സിന്ദാബാദ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സിന്ദാബാദ് ഇന്ന് നെഞ്ച് പൊട്ടുമാറുച്ചത്തില്‍ വിപ്ലവ സംഗീതം മുഴക്കി അവര്‍ കയ്യൂരിന്റെ മണ്ണിലും കേരളത്തിലും സഖാക്കളെ മുന്നോട്ട് നയിക്കാന്‍ പ്രപ്തരാക്കി യാത്രയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here