‘സേലം – കോയമ്പത്തൂര്‍ കല്ല്യാണം; കണ്ണീരില്‍ കുതിര്‍ന്ന ന്യൂജനറേഷന്‍ വിവാഹരീതി; ദരിദ്ര സ്ത്രീത്വങ്ങളുടെ ഞെട്ടിക്കുന്ന ജീവിതത്തിന്റെ റിപ്പോര്‍ട്ടുമായി കെ രാജേന്ദ്രന്‍

മലബാറിലെ മുസ്ലിം പെണ്‍കുട്ടികളെ ദുരന്തപര്‍വ്വങ്ങളിലേയ്ക്ക് തളളിവിട്ടിരുന്ന അറബികല്ല്യാണങ്ങള്‍ക്ക് ഏറെക്കുറെ വിരാമമായെന്ന് തോന്നുന്നു. മൈസൂര്‍ കല്ല്യാണങ്ങളും ഏറെക്കുറെ നിലച്ചമട്ടാണ്. മുസ്ലിം സമൂഹം വിദ്യാഭ്യാസ, തൊഴില്‍, സാമ്പത്തിക മേഖലകളില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതിനിടയില്‍ ഇതാ കണ്ണീരില്‍ കുതിര്‍ന്ന ഒരു ന്യൂജനറേഷന്‍ വിവാഹ രീതി കൂടി.

‘സേലം – കോയമ്പത്തൂര്‍ കല്ല്യാണം’

കുടിയേറ്റങ്ങളെക്കുറിച്ച് ലോകം മുഴുവന്‍ ചര്‍ച്ചചെയ്യുന്ന കാലമാണിത്. സര്‍ഘര്‍ഷങ്ങളെ തുടര്‍ന്നുളള കുടിയേറ്റങ്ങള്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളെ തുടര്‍ന്നുളള കുടിയേറ്റങ്ങള്‍, കുടിയൊഴിപ്പിക്കലിനെ തുടര്‍ന്നുളള കുടിയേറ്റങ്ങള്‍ എന്നിങ്ങനെയുളള കുടിയേറ്റങ്ങളുടെ പട്ടികയില്‍ ആധുനിക കേരളം ഒന്നുകൂടി എഴുതി ചേര്‍ത്തിരിക്കുന്നു.

കല്ല്യാണ കുടിയേറ്റങ്ങള്‍

പാലക്കാട് തൃത്താലയിലെ കണ്ണനൂര്‍ ലക്ഷം വീട് കോളനിയിലാണ് ആസ്യ എന്ന മധ്യ വയസ്‌ക താമസിക്കുന്നത്. രോഗിണിയായ ആസ്യയെ ഭര്‍ത്താവ് ഉപേക്ഷിച്ച് പോയി. അതോടെ കൂലിപ്പണിചെയ്ത് ആസ്യ മക്കളെ വളര്‍ത്തി. പെണ്‍കുട്ടികള്‍ക്ക് വിവാഹ പ്രായമായതോടെ ആസ്യയുടെ ഉളള് പിടച്ചു. നാട്ടുനടപ്പനുസരിച്ച് വിവാഹം നടക്കണമെങ്കില്‍ ഓരോരുത്തര്‍ക്കും ചുരുങ്ങിയത് നാല് മുതല്‍ അഞ്ച് ലക്ഷം രൂപ സ്തീധനമായും പത്ത് മുതല്‍ ഇരുപത് ലക്ഷം വരെ സ്വര്‍ണ്ണമായും കൊടുക്കേണ്ടിവരും. പെണ്‍കുട്ടികള്‍ മൂന്നുപേരും വീട്ടിലിരിക്കുമോ? ആസ്യ ചിന്താകുഴപ്പത്തിലാണ്ട് നില്‍ക്കുമ്പോള്‍ ഒരു ദിവസം ആസ്യയെ തേടി ഒരു ബ്രോക്കര്‍ എത്തി.

‘സേലം കോയമ്പത്തൂര്‍ വിവാഹ ദല്ലാള്‍’

സ്തീധനമായി ഒരു ലക്ഷം രൂപ മാത്രം മതി. സ്വര്‍ണ്ണം ഒമ്പത് പവനും. കോയമ്പത്തരിന് സമീപം ആഡൂരിലെ മുസ്ലിം ചെറുപ്പക്കാരന്‍. അധികം ആലോചിക്കേണ്ടിവന്നില്ല. ആസ്യ മൂത്ത മകള്‍ ഫാത്തിമ്മയുടെ കല്ല്യാണം ഉറപ്പിച്ചു. പളളിക്കാരുടേയും നാട്ടുകാരുടേയും സഹായത്തോടെ വിവാഹം നടത്തി. രണ്ട് വര്‍ഷമായി ഫാത്തിമ്മ ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം ആഡൂരിലാണ് താമസം. അടുത്തിടെ ഉമ്മയ്ക്ക് സുഖമില്ലാതായി. ഉമ്മയെ ചികിത്സിക്കാനായി ഫാത്തിമ്മ നാട്ടിലെത്തി.

‘ഒന്നുകില്‍ കൈയ്യില്‍ ലക്ഷങ്ങള്‍ വേണം. അല്ലെങ്കില്‍ ഐശ്വര്യാറായ് ആവണം. എങ്കിലേ എന്റെ നിലവാരത്തിലുളള മുസ്ലിം പെണ്‍കുട്ടികള്‍ക്ക് കേരളത്തില്‍ വിവാഹം നടക്കൂ. ഇതിലും എത്രയോ ഭേദമാണ് തമിഴ്‌നാട്.’ ഉയര്‍ന്ന തുക സ്തീധനം നല്കാനില്ലെന്ന കാരണത്താലാണ് ഫാത്തിമ്മയ്ക്ക് ആഡൂരിലേയ്ക്ക് കുടിയേറേണ്ടി വന്നത്. പിറന്ന മണ്ണിന്റെ മനുഷ്യത്വ രഹിതമായ ഉപഭോഗ തൃഷ്ണയുടെ ഇരയായതില്‍ ഫാത്തിമ്മയക്ക് വേദനയുണ്ട്.

എങ്കിലും സന്തുഷ്ടയാണ്. സാമ്പത്തികസ്ഥിതി മോശമാണെങ്കിലും സ്‌നേഹിക്കുന്ന ഒരു ഭര്‍ത്താവുണ്ട്. അനിയത്തി റഹ്മത്തിന്റെ വിവാഹവും സമാന സാഹചര്യത്തില്‍ തന്നെയായിരുന്നു. കോയമ്പത്തൂരിലെ ഉക്കുടത്തിലേക്കായിരുന്നു വിവാഹം. സ്തീധനം ഒരു ലക്ഷം രൂപതന്നെ. സ്വര്‍ണ്ണ വിഹിതം ഒമ്പത് പവനില്‍ നിന്ന് പത്ത് പവനായി ഉയര്‍ന്നു.

തൃത്താല പഞ്ചായത്തിലെ ഞാങ്ങാട്ടിരി നാല് സെന്റ് കോളനിക്ക് സമീപം താമസിക്കുന്ന റുഖിയ പൂര്‍ണ്ണ സംതൃപ്തയാണ്. വീട്ടുവേലക്കാരിയായ റുഖിയയുടെ ഭര്‍ത്താവ് രണ്ട് പെണ്‍കുട്ടികളെ കൈകളിലേല്‍പ്പിച്ചാണ് മരണപ്പെട്ടത്. ഏറെ കഷ്ടപ്പെട്ട് മക്കളെ വളര്‍ത്തി വലുതാക്കി. നാട്ടില്‍ നിന്നുതന്നെ കല്ല്യാണം നടത്താന്‍ പരമാവധി നോക്കി. ഇരുപത് മുതല്‍ ഇരുപത്തഞ്ച് പവനെങ്കിലും ഇല്ലെങ്കില്‍ കല്ല്യാണം നടക്കില്ലെന്നായപ്പോള്‍ റുഖിയ കോയമ്പത്തുര്‍ സേലം കല്ല്യാണങ്ങളുടെ സാധ്യത ആരാഞ്ഞു.

മൂത്ത മകള്‍ക്ക് 12 പവനും 75,000രൂപയും രണ്ടാമത്തെ മകള്‍ക്ക് 15 പവനും 1 ലക്ഷം രൂപയും സ്തീധനം നല്‍കി വിവാഹങ്ങള്‍ നടത്തി. ‘മക്കളും മരുമക്കളുമെല്ലാം നന്നായി. അവര്‍ക്കെല്ലാം ഇന്ന് കോയമ്പത്തൂരില്‍ സ്വന്തമായി വീടുകള്‍ ഉണ്ട്. മൂത്ത മരുമകന്‍ സുന്ദരനാണ്. ചിന്ന അജിത്ത് എന്ന പേരിലാണ് അവന്‍ ഇന്ന് കോയമ്പത്തൂരില്‍ അറിയപ്പെടുന്നത്’.

ആസ്യക്കും റുഖിയക്കും മക്കളുടെ കോയമ്പത്തൂര്‍ – സേലം വിവാഹങ്ങളുടെ പരിണാമങ്ങളെക്കുറിച്ചോര്‍ത്ത് ഇതുവരെ ദു:ഖിക്കേണ്ടിവന്നിട്ടില്ല. എന്നാല്‍ ഇവരുടെ അനുഭവങ്ങള്‍ പൊതുപ്രവണതയുടെ ഭാഗമല്ല. പല വിവാഹലോചനകള്‍ക്ക് പുറകിലും ചൂഷണാസക്തിയുണ്ട്. ഇത് തിരിച്ചറിയാന്‍ അധികമാരും ശ്രമിക്കാറില്ല.

കോയമ്പത്തൂര്‍ – സേലം വരന്‍മാരെ മലബാറിലെ ഗ്രാമങ്ങളിലെത്തിക്കുന്ന വിവാഹ ദല്ലാള്‍മാര്‍ ഇന്ന് ഈ ഗ്രാമങ്ങളില്‍ സജീവമാണ്. ഒരു വരനെ സംഘടിപ്പിച്ചാല്‍ 25,000 രൂപവരെയാണ് ഇവര്‍ കമ്മീഷനായി വാങ്ങുന്നത്.

പൊതുപ്രവര്‍ത്തകനായ ഹൈദ്രു ബുദ്ധിമുട്ടുകള്‍ ഇങ്ങനെ വിവരിക്കുന്നു.

‘വിവാഹം നടക്കണമെങ്കില്‍ വരന്റേയും വധുവിന്റേയും മഹല്‍ കമ്മറ്റികള്‍ സമ്മത പത്രങ്ങള്‍ നല്‍കണം. തമിഴ്‌നാട്ടിലെ മഹല്‍ കമ്മറ്റികള്‍ നല്കുന്ന പത്രങ്ങളും ദല്ലാള്‍മാരുടെ വാക്കുകളും വിശ്വാസത്തിലെടുക്കുക എന്നതു മാത്രമാണ് ഇവര്‍ക്ക് ചെയ്യാനുളളത്. തമിഴ്‌നാട്ടില്‍ പോയി അന്വേഷിക്കാനുളള സാമ്പത്തിക ശേഷിയോ ആള്‍ ബലമോ ഇവര്‍ക്കില്ല’.

കണ്ണനൂര്‍ കോളനിയില്‍ തന്നെ വിവാഹ ദുരന്തങ്ങളുടെ കാഴ്ച്ചകള്‍ കാണാം.

ഫാത്തിമ്മയെന്ന ദരിദ്ര രണ്ട് പെണ്‍മക്കളോടോപ്പം താമസിക്കുന്ന കൂര മാനുഷിക വികസനത്തില്‍ ആഗോള മാതൃകയെന്ന് അവകാശപ്പെടുന്ന കേരളത്തിനുതന്നെ അപമാനമാണ്. നാട്ടുകാരുടെ സഹായത്തോടെ മകളെ കോയമ്പത്തൂരിലേയ്ക്ക് വിവാഹം ചെയ്തയച്ചു. ഒരു വര്‍ഷം കഴിയുന്നതിന് മുമ്പേ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി. അതോടെ മകള്‍ ഉമ്മ ഫാത്തിമ്മയുടെ കൂരയിലേയ്ക്ക് മടങ്ങിയെത്തി.

Salem-Marriage-1

പട്ടാമ്പിയിലെ ആമിനയുടെ രണ്ട് മക്കളേയും സേലത്തേയ്ക്കാണ് വിവാഹം ചെയ്തയച്ചത്. മരുമക്കള്‍ ആമിനയേക്കാള്‍ ദരിദ്രപശ്ചാത്തലം ഉളളവരായിരുന്നു. അലസന്‍മാരും ധൂര്‍ത്തന്‍മാരുമായ മരുമക്കള്‍ക്ക് കടം കയറി സേലത്ത് ജീവിക്കാന്‍ വയ്യാതായി. അതോടെ കുടുംബ സമേതം മക്കളും മരുമക്കളും ആമിനയുടെ വീട്ടില്‍ മടങ്ങിയെത്തി. വീട്ടുവേലക്കാരിയായ ആമിനക്കിപ്പോള്‍ മക്കളേയും മരുമക്കളേയും പേരക്കുട്ടികളേയും നോക്കണം.

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ ഇരുനൂറോളം കോയമ്പത്തൂര്‍ സേലം വിവാഹങ്ങളാണ് പാലക്കാട് ജില്ലയിലെ തൃത്താലയില്‍ മാത്രം നടത്തത്. മലബാറിലെ മറ്റ് പഞ്ചായത്തുകളിലെ കൂടി കണക്കുകളെടുത്താല്‍ (ഔദ്യോഗിക കണക്കുകള്‍ എവിടെയും രേഖപ്പെടുത്തിയിട്ടില്ല) ഈ സംഖ്യ വളരെ ഉയര്‍ന്നതാവും.

എന്നാല്‍ എല്ലാ കോയമ്പത്തൂര്‍ – സേലം വിവാഹങ്ങളിലും ചില പൊതുഘടകങ്ങള്‍ കാണാം. ദരിദ്ര കുടുംബങ്ങളിലെ അച്ഛന്‍മാര്‍ മരിച്ചു പോയവരോ അച്ഛന്‍മാര്‍ ഉപേക്ഷിച്ചു പോയവരോ ആയ പെണ്‍കുട്ടികളാണ് ഈ വിവാഹങ്ങള്‍ക്ക് വിധേയരാവുന്നത്. എന്തുകൊണ്ട് സേലം- കോയമ്പത്തൂര്‍ വിവാഹം എന്ന ചോദ്യത്തിന് ഒറ്റ മറുപടിയേ ഉള്ളൂ. കേരളത്തിലെ ഉയര്‍ന്ന സ്തീധന തുക താങ്ങാന്‍ ഇവര്‍ക്ക് ശേഷിയില്ല. കുറഞ്ഞ സ്തീധനത്തിന് വിവാഹം ചെയ്യാന്‍ സന്നദ്ധരായ വരന്‍മാരെതേടി ദരിദ്ര്യ സ്തീത്വങ്ങള്‍ പടിഞ്ഞാറന്‍ തമിഴിനാട്ടിലേയ്ക്ക് കുടിയേറുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here