തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് വിമർശിക്കപ്പെടുമ്പോൾ 1957 ഓർമ്മ വരുമെന്ന് കഥാകൃത്ത് അശോകൻ ചരുവിൽ. കഴിഞ്ഞ പത്തു മാസത്തിനിടെ നമ്മൾ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന വിദ്യാലയങ്ങൾ കൈവരിച്ച നവോന്മേഷം കാണാതെയാണ് വിദ്യാഭ്യാസ മന്ത്രിക്കു നേരേയുള്ള വിമർശനം. ചോദ്യക്കടലാസ് തയ്യാറാക്കുന്നതിലെ ചില്ലറ അപാകതകളെ മുൻനിർത്തിയുണ്ടായ വിമർശനങ്ങൾ അതിരു കടന്നവയാണെന്നും അശോകൻ നിരീക്ഷിക്കുന്നു.
നമ്മുടെ അധ്യാപക സമൂഹത്തിനു സംഭവിച്ച ധാർമ്മികാധ:പതനമാണ് ചോദ്യക്കടലാസ് രചന നേരിടുന്ന മുഖ്യപ്രശ്‌നം. സുരക്ഷയും സുതാര്യതയും ഉറപ്പുവരുത്താൻ ചെയ്യുന്ന നടപടികൾ ചോദ്യങ്ങളുടെ ക്വാളിറ്റിയെ ബാധിക്കുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലാണ് കഥാകൃത്ത് കൂടിയായ അശോകൻ ചരുവിലിന്റെ പ്രതിരണം.
തങ്ങൾ പിഎസ്‌സിയിൽ വെച്ച് അനുഭവിച്ചതാണിത് എന്ന് മുൻ പിഎസ്‌സി അംഗമായ അദ്ദേഹം പറഞ്ഞു. ചോദ്യബാങ്ക് തന്നെയാണ് പരിഹാരം എന്ന നിർദേശവും അദ്ദേഹം മുന്നോട്ടു വച്ചു.
ഇപ്പോഴത്തെ രീതിയിൽ അധ്യാപകൻ രഹസ്യമായി ചോദ്യമുണ്ടാക്കിയാൽ പിന്നീടത് ആദ്യം കാണുന്നത് പരീക്ഷയെഴുതുന്ന കുട്ടിയാണ്. ഇതിനിടെ മന്ത്രി എങ്ങനെ ഇടപെടും എന്നു വിമർശകർ ചിന്തിക്കേണ്ടതുണ്ട്. തെറ്റു കണ്ടെത്തിയാൽ തിരുത്തുക, കുറ്റക്കാർക്കെതിരെ അന്വേഷിച്ച് ഉചിതമായ ശിക്ഷ നൽകുക എന്നതിൽ വിട്ട് ഒന്നും ചെയ്യാനില്ല.
മഹാനായ വിദ്യാഭ്യാസമന്ത്രി എന്ന് ജോസഫ് മുണ്ടശ്ശേരിയെക്കുറിച്ച് നാം സ്മരിക്കും. നൂറു ശതമാനവും ശരിയാണത്. പക്ഷേ 57-ലെ മന്ത്രിസഭയിൽ ഏറ്റവും കൂടുതൽ വിമർശനം ഉണ്ടായത് മുണ്ടശ്ശേരി മാഷിനെതിരെയാണ്. വിമോചന സമരം തന്നെ അദ്ദേഹത്തെ ഊന്നിയാണ് നടന്നത്. മാങ്ങയുള്ള മാവിനേ കല്ലേറേൽക്കൂ എന്ന ആപ്തവാക്യവും അശോകൻ ചരുവിൽ അനുസ്മരിക്കുന്നു.

Get real time update about this post categories directly on your device, subscribe now.