യൂറോപ്യൻ യൂണിയൻ വിടാനുള്ള തീരുമാനത്തിൽ നിന്നു പിന്നോട്ടില്ലെന്നു തെരേസ മേ; ബ്രെക്‌സിറ്റ് ചരിത്രപരമായ തീരുമാനം; വിടുതൽ വിജ്ഞാപനത്തിൽ തെരേസ ഒപ്പിട്ടു

ലണ്ടൻ: യൂറോപ്യൻ യൂണിയൻ വിടാനുള്ള ബ്രിട്ടന്റെ തീരുമാനം ചരിത്രപരമെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. ചരിത്രപരമായ തീരുമാനത്തിൽ നിന്ന് ഒരു കാരണവശാലും പിന്നോട്ടു പോകില്ലെന്നും തെരേസ മേ പറഞ്ഞു. ഇതു തനിക്കു സന്തോഷത്തിന്റെ ദിവസം അല്ലെന്നു പറഞ്ഞ യുറോപ്യൻ യൂണിയൻ പ്രസിഡന്റ് ഡൊണാൾഡ് ടസ്‌കിനുള്ള മറുപടിയായാണ് തെരേസ മേ ഇക്കാര്യം പറഞ്ഞത്. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്ന നടപടിക്രമങ്ങൾക്ക് ഔദ്യോഗിക തുടക്കമായി.

ബ്രെക്‌സിറ്റ് നടപടികൾക്കു തുടക്കം കുറിക്കുന്ന വിടുതൽ വിജ്ഞാപനത്തിൽ തെരേസ മേ ഒപ്പിട്ടു. രണ്ടു വർഷം നീളുന്ന നടപടിക്രമങ്ങൾക്കു ശേഷം 2019-ൽ ആയിരിക്കും ബ്രെക്‌സിറ്റ് നടപടികൾ പൂർത്തിയാക്കി ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നു വേർപിരിയുക. ഇതിന്റെ ഔദ്യോഗിക നടപടികൾക്കാണ് വിടുതൽ വിജ്ഞാപനത്തിൽ ഒപ്പുവച്ചതോടെ തുടക്കമായത്. രണ്ടു വർഷം നീളുന്ന ചർച്ചകൾ ഇരുവിഭാഗങ്ങളും തമ്മിൽ നടക്കും. തുടർന്നാകും ഇരുകൂട്ടർക്കും സ്വീകാര്യമായ ഉടമ്പടി ഒപ്പുവച്ച് 2019 മാർച്ചിൽ വേർപിരിയൽ പ്രക്രിയ പൂർത്തിയാക്കുക.

ബ്രെക്‌സിറ്റ് നടപടികൾക്കു തുടക്കം കുറിക്കുന്നതായി കാണിച്ച് യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ഡൊണാൾഡ് ടസ്‌കിനു കത്തയയ്ക്കുകയും ചെയ്തു. അടുത്ത രണ്ടു വർഷത്തിനിടയിൽ ഏതെങ്കിലും വ്യാപാര കരാറിൽ ഏർപ്പെടുന്നതിൽ പരാജയപ്പെട്ടാൽ ഭീകരവാദത്തിനെതിരായ യോജിച്ചുള്ള പോരാട്ടത്തെ അതു ദുർബലമാക്കുമെന്നു തെരേസ മേ കത്തിൽ ചൂണ്ടിക്കാട്ടുന്നു. ലിസ്ബൻ ഉടമ്പടിയിലെ ആർട്ടിക്കിൾ 50 പ്രകാരമുള്ള നടപടിക്രമങ്ങളാണ് അടുത്ത രണ്ടുവർഷം കൊണ്ട് ബ്രെക്‌സിറ്റിനായി പൂർത്തീകരിക്കാനുള്ളത്.

ലിസ്ബൻ ഉടമ്പടിയിലെ ആർട്ടിക്കിൾ 50ന്റെ വിശദാംശങ്ങൾ പ്രധാനമന്ത്രി ഇന്നു പാർലമെന്റിൽ വിശദീകരിക്കും. വിടുതൽ വിജ്ഞാപനം ഇന്നുതന്നെ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ഡൊണാൾഡ് ടസ്‌കിന് കൈമാറും. യൂറോപ്യൻ യൂണിയനിലെ ബ്രിട്ടീഷ് അംബാസിഡർ സർ ടിം ബാരോ വഴിയാകും ബ്രസൽസിൽ വച്ചുള്ള ഈ കൈമാറ്റം. കഴിഞ്ഞവർഷം ജൂൺ 23 നായിരുന്നു യൂറോപ്യൻ യൂണിയൻ വിട്ട് പുറത്തുവരാൻ ‘ബ്രെക്‌സിറ്റ്’ എന്നപേരിൽ പ്രസിദ്ധമായ ഹിതപരിശോധനയിലൂടെ ബ്രിട്ടീഷ് ജനത തീരുമാനിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here