അശ്ലീല ഫോൺവിളിയുടെ സത്യം എല്ലാവർക്കും മനസ്സിലായെന്നു എ.കെ ശശീന്ദ്രൻ; പൊതുസമൂഹത്തിന്റെ പിന്തുണ തനിക്കു ലഭിച്ചു; തന്നെ സഹായിച്ചത് മാധ്യമങ്ങളെന്നും ശശീന്ദ്രൻ

കോഴിക്കോട്: അശ്ലീല ഫോൺവിളി വിവാദത്തിൽ എല്ലാവർക്കും വസ്തുതകൾ ബോധ്യപ്പെട്ടെന്നു മുൻ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ. തനിക്കെതിരെ ആരോപണം ഉയർന്നെങ്കിലും പൊതുസമൂഹത്തിന്റെ പിന്തുണ തനിക്കു ലഭിച്ചു. ഇതിനു തന്നെ സഹായിച്ചതു മാധ്യമങ്ങളാണ്. തോമസ് ചാണ്ടി തന്നെ എൻസിപിയുടെ മന്ത്രിയാകും. ഇക്കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നും തോമസ് ചാണ്ടി വൈകാതെ മന്ത്രിയായി സ്ഥാനം ഏറ്റെടുക്കുമെന്നും ശശീന്ദ്രൻ മാധ്യമങ്ങളോടു പറഞ്ഞു.

കോഴിക്കോട്ട് തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസ്ഥാനം രാജിവച്ച ശേഷം അദ്ദേഹം ഇന്നലെ രാത്രിയാണ് നാട്ടിലേക്കു മടങ്ങിയത്. കെഎസ്ആർടിസി ബസ്സിൽ നാട്ടിലെത്തിയ അദ്ദേഹം കോഴിക്കോട് വച്ചാണ് മാധ്യമങ്ങൾക്കു മുഖം നൽകിയത്. ആരോപണം ഉയർന്ന ദിവസം തന്നെ കോഴിക്കോട് വച്ച് വാർത്താസമ്മേളനം വിൡച്ചാണ് ശശീന്ദ്രൻ രാജിപ്രഖ്യാപനം നടത്തിയത്.

ശശീന്ദ്രനെതിരായ അശ്ലീലചുവയുള്ള ഫോൺവിളി വിവാദത്തിൽ അന്വേഷണത്തിനു ഇന്നലെയാണ് ജുഡീഷ്യൽ കമ്മിഷനെ പ്രഖ്യാപിച്ചു. റിട്ടയേർഡ് ജഡ്ജി പി.എസ് ആന്റണി അധ്യക്ഷനായ കമ്മിഷനാണ് കേസിൽ അന്വേഷണം നടത്തുക. മൂന്നുമാസത്തിനകം അന്വേഷണം പൂർത്തീകരിക്കാനാണ് കമ്മിഷനു നൽകിയിരിക്കുന്ന നിർദേശം. ഗൂഢാലോചന ഉണ്ടോ എന്നതടക്കം സകലകാര്യങ്ങളും അന്വേഷണത്തിന്റെ പരിധിയിൽ വരും. മന്ത്രിസഭായോഗമാണ് ജുഡീഷ്യൽ കമ്മിഷനെ തീരുമാനിച്ചത്.

കമ്മീഷന്റെ അന്വേഷണ പരിധിയിൽ എന്തൊക്കെ വരണമെന്നതും മന്ത്രിസഭായോഗം ചർച്ച ചെയ്ത് തീരുമാനിച്ചു. ചാനൽ സംപ്രേഷണം ചെയ്ത സംഭാഷണത്തിൽ നിയമവിരുദ്ധമായ കൃത്യങ്ങളോ ഗൂഢാലോചനയോ ഉണ്ടായിട്ടുണ്ടോ എന്നത് പ്രധാനമായും കമ്മീഷൻ പരിശോധിക്കും. സംഭാഷണം ഏതു സാഹചര്യത്തിൽ ഉണ്ടായതാണ്, റെക്കോർഡ് ചെയ്ത പ്രസ്തുത സംഭാഷണം പിന്നീട് ദുരുദ്ദേശപരമായി എഡിറ്റ് ചെയ്യുകയോ അതിൽ കൃത്രിമം കാണിക്കുകയോ ചെയ്തിട്ടുണ്ടോ, അതിനു പിന്നിൽ ആരെല്ലാം പ്രവർത്തിച്ചിട്ടുണ്ട് എന്നിവയാണ് അന്വേഷണത്തിന്റെ പരിധിയിൽ വരുന്ന വിഷയങ്ങൾ.

ഇതുമായി ബന്ധപ്പെട്ട മറ്റ് ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ അതും ഉൾപ്പെടെ സമഗ്ര അന്വേഷണം കമ്മീഷനു നടത്താം. മൂന്നു മാസത്തിനകം കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കണം. വിവാദത്തിൽ ഗൂഢാലോചന, നിയമലംഘനം എന്നീ കാര്യങ്ങളും കമ്മിഷൻ അന്വേഷിക്കും.

ശശീന്ദ്രനെതിരായ ആരോപണം ജുഡീഷ്യൽ കമ്മിഷൻ അന്വേഷിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് പ്രഖ്യാപിച്ചിരുന്നത്. കുറ്റമേറ്റല്ല, ധാർമികതയുടെ പേരിലാണ് ശശീന്ദ്രന്റെ രാജിയെന്നും ശശീന്ദ്രന്റെ ധാർമികത പൊതുസമൂഹം അംഗീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. മന്ത്രിസ്ഥാനം രാജിവച്ച ശശീന്ദ്രന്റെ ഒഴിവിൽ തോമസ് ചാണ്ടിയെ മന്ത്രിയാക്കാനാണ് എൻസിപിയുടെ തീരുമാനം. ഇന്നലെ ചേർന്ന എൻസിപി നേതൃയോഗത്തിൽ എ.കെ ശശീന്ദ്രൻ തന്നെയാണ് തോമസ് ചാണ്ടിയുടെ പേര് നിർദേശിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News