പാലം വേണം പാലം വേണമെന്നു പറഞ്ഞ് തൊണ്ടയിലെ വെള്ളവും വറ്റി; പറഞ്ഞു മടുത്തപ്പോൾ പാലം സ്വയം നിർമ്മിച്ച് നാട്ടുകാർ; കോഴിക്കോട്ട് നിന്നൊരു കൂട്ടായ്മയുടെ കഥ

കോഴിക്കോട്: പാലം വേണം പാലം വേണമെന്നു പറഞ്ഞ് തൊണ്ടയിലെ വെള്ളവും വറ്റിയപ്പോൾ നാട്ടുകാർക്കും മടുത്തു. അങ്ങനെ സ്വന്തമായി ഒരുപാലവും നിർമിച്ചു. കോഴിക്കോട്ടെ കൂട്ടായ്മയുടെ കഥയാണ് പറഞ്ഞുവരുന്നത്. കോഴിക്കോട്ടെ തണ്ണീർപന്തൽ നിവാസികളാണ് അധികൃതർ ഗൗനിക്കാതായപ്പോൾ സ്വന്തമായി പാലം നിർമിച്ച് മാതൃകയായത്.

ഏറെ ചുറ്റി വളഞ്ഞുവേണം തൊട്ടടുത്ത് കാണുന്ന പ്രദേശത്ത് എത്താൻ. വില്ലനാകുന്നതാകട്ടെ ഒരു പുഴയും. പുഴ മറികടക്കാൻ ഒരു പാലം എന്ന ആവശ്യം ഉന്നയിച്ച് നാട്ടുകാർ മടുത്തു. എന്നാൽ പിന്നെ ഒരു പാലം തന്നെ നിർമ്മിച്ചാലോ.? ഈ ചിന്തയാണ് കോഴിക്കോട് തണ്ണീർപന്തലിലെ പ്രദേശവാസികൾക്ക് സ്വന്തമായി പാലം നിർമ്മിക്കാൻ പ്രചോദനമായത്. കക്കോടി പഞ്ചായത്തിനെയും തണ്ണീർ പന്തൽ എന്ന പ്രദേശത്തേയും ബന്ധിപ്പിക്കുന്ന പാലമാണ് നാട്ടുകാർ തന്നെ മുൻകൈ എടുത്ത് നിർമ്മിച്ചിരിക്കുന്നത്.

പൂനൂർ പുഴയ്ക്കു കുറുകെ നിർമ്മിച്ച ഈ മരപ്പാലം ഒരു പ്രദേശത്തിനാകെ ഉപയോഗപ്രദമാകുകയാണ് ഇപ്പോൾ. പരിസരത്തെ വീടുകളിൽ നിന്നു തന്നെയായി പാലത്തിനു വേണ്ട കവുങ്ങും തെങ്ങിൻതടിയും പനയുമെല്ലാം സംഘടിപ്പിച്ചു. ഒരു മാസത്തോളം നീണ്ട പ്രയത്‌നം. അങ്ങനെ ഏറെ നാളത്തെ യാത്രാ പ്രശ്‌നത്തിന് പരിഹാരം നാട്ടുകാർ തന്നെ കണ്ടെത്തി. ഒരു നാടിന്റെ മുഴവൻ അധ്വാനത്തിന്റെ ഫലമായി ആ പാലം നിർമിക്കപ്പെട്ടു.

ഒരു പ്രദേശത്തിന്റെ സ്‌നേഹത്തിന്റെയും കൂട്ടായ്മയുടെയും കൂടി പ്രതീകമാണിത്. മഴക്കാലമായാൽ പാലം പുഴയിൽ മുങ്ങും. അപ്പോഴേക്കും ഒരു പുത്തൻ കോൺക്രീറ്റ് പാലം വേണം. സ്ഥലം എംഎൽഎക്ക് നിവേദനം നൽകിയിട്ടുണ്ട്. മഴയ്ക്കു മുൻപെ പുതിയ പാലം ലഭിക്കുമെന്ന പ്രതീക്ഷയിൽ കൂടിയാണ് ഇവിടുത്തുകാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News