പതിറ്റാണ്ടുകൾക്കു മുമ്പ് സ്വന്തം മാനം കാക്കാൻ ആ 22 കാരി നടത്തിയ പോരാട്ടം; ഇന്നിന്റെ കാലഘട്ടത്തിൽ ഏറെ പ്രസക്തമാണ് ഭൻവാരി ദേവിയുടെ കഥ

ലോകവും കാലവും ഇത്രയേറെ മുന്നേറിയിട്ടും സ്ത്രീയെ സുരക്ഷിതയായി സംരക്ഷിക്കാൻ സമൂഹം ഇന്നും പരാജയപ്പെടുന്നുവെന്നത് ഒരു വലിയ ദുരന്തമാണ്. സാമൂഹികമായും ബൗദ്ധികമായയും ഏറെ മുന്നോട്ടു പോയ ഇന്നിന്റെ പെണ്ണുങ്ങൾ പോലും സ്വന്തം സുരക്ഷയും അഭിമാനവും കാക്കാൻ പാടുപെടുമ്പോൾ പതിറ്റാണ്ടുകൾക്കു മുൻപ് മാനം സംരക്ഷിക്കാൻ ഒരു 22 വയസുകാരി നടത്തിയ പോരാട്ടം എങ്ങനെ വേണം അടയാളപ്പെടുത്തേണ്ടത്? സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമത്തിലേക്ക് വഴി തുറന്നത് ഭാൻവരി ദേവി നടത്തിയ പോരാട്ടങ്ങളാണ്.

Bhanwari-4

രാജസ്ഥാനിലെ ബട്ടാരിയെന്ന തന്റെ ഗ്രാമത്തിൽ നിലനിന്നിരുന്ന ദുരാചാരങ്ങളുടെയും വ്യവസ്ഥിതിയുടെയും നിഴലുപറ്റിയായിരുന്നു 22 വയസുവരെ ഭൻവാരിയുടെ ജീവിതം. അഞ്ചാം വയസിൽ എട്ടു വയസുകാരൻ മോഹൻലാൽ പ്രജാപതിനെ വിവാഹം ചെയ്തു. വിദ്യാഭ്യാസം ലഭിച്ചിട്ടില്ല. ജന്മിയുടെ കൃഷിയിടത്തിൽ പകലന്തിയോളം ജോലി. പക്ഷെ അവകാശങ്ങളെക്കുറിച്ചും തങ്ങൾ നേരിടുന്ന നിയമ നിഷേധങ്ങളെകുറിച്ചും ബോധ്യമുണ്ടായിരുന്നു ഭൻവാരിക്ക്. 1985 മുതൽ തന്റെ ഗ്രാമത്തിലെ വുമൺ ഡെവലപ്പ്‌മെന്റ്് പ്രോഗ്രാമിൽ അംഗമായിരുന്നു അവർ.

രാജസ്ഥാനിൽ വർധിച്ചു വരുന്ന ബാലവിവാഹങ്ങളും പെൺഭ്രൂണഹത്യകളും തടയുക എന്നതായിരുന്നു ലക്ഷ്യം. സജീവ പ്രവർത്തകയായിരുന്ന ഭൻവാരിയിൽ അതൃപ്തി തോന്നിയ സവർണ പുരുഷ മേധാവികൾ കൂട്ടബലാത്സംഗത്തിനിരയാക്കിയാണ് അവളോടുള്ള പ്രതികാരം തീർത്തത്. തോൽക്കാൻ ഭൻവാരിക്ക് മനസുണ്ടായിരുന്നില്ല. അവർ പൊലീസിൽ പരാതി നൽകി. കേസ് കോടതിയിലെത്തി. കേസ് ബലാത്സംഗമല്ല വെറും വാക്കുതർക്കമാണെന്നുമായിരുന്നു കോടതിയുടെ കണ്ടെത്തൽ. പ്രതികളെ കുറ്റവിമുക്തരാക്കി.

Bhanwari-3

സവർണരായ പുരുഷന്മാർക്ക് ഒരിക്കലും താഴ്ന്ന ജാതിയിൽപെട്ട സ്ത്രീയെ പീഡിപ്പിക്കാൻ കഴിയില്ലെന്നായിരുന്നു കോടതിയുടെ വിചിത്രവും ക്രൂരവുമായ ന്യായീകരണം. കോടതി വിധിയും എതിരായതോടെ ഗ്രാമം മുഴുവൻ ഭൻവാരിക്കും കുടുംബത്തിനും എതിരായി. ഊരുവിലക്ക് കൽപ്പിച്ചു. അമ്മയുടെ മൃതദേഹം കാണാൻപോലും ഭൻവാരിയെ അവർ അനുവദിച്ചില്ല. തോൽക്കാൻ തയാറല്ലായിരുന്നു ഭൻവാരി. അവർ പോരാട്ടം തുടർന്നു. സംഭവം ദേശീയ ശ്രദ്ധയാകർഷിച്ചു. കോടതിയുടെ ക്രൂരവിധിയിൽ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകി.

അഞ്ചു വർഷത്തോളം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ 1997ൽ കേസ് സുപ്രീംകോടതിയിലെത്തി. മേൽക്കോടതി വിധിപ്രകാരം ‘വിശാഖ ഗൈഡ് ലൈൻസ്’ എന്ന പേരിൽ നിയമം ഉണ്ടാക്കി. ഇതാണ് പിന്നീട് 1997-ലെ വിശാഖ സ്റ്റേറ്റ് ഓഫ് രാജസ്ഥാൻ കേസിലെ സുപ്രീംകോടതിയുടെ മാർഗനിർദ്ദേശപ്രകാരവും ജോലി സ്ഥലത്ത് സ്ത്രീകൾക്കെതിരെയുണ്ടാവുന്ന പീഡനങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ പാർലിമെന്റിന്റെ ഇരുസഭകളും പാസ്സാക്കി.

Bhanwari-1

9-12-2013 തിയ്യതി പ്രാബല്യത്തിൽ വന്ന സ്ത്രീകൾക്കെതിരെയുള്ള ലൈംഗികപീഡന നിയമം 2013-ലേക്ക് നയിച്ചു. ഇതിനിടയിൽ ഭൻവാരിയെ തേടി ഒരുപാട് ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങളും എത്തി.

Bhanwari-2

ലക്ഷക്കണക്കിന് സ്ത്രീകൾക്ക് സുരക്ഷിതമായ തൊഴിലിടങ്ങൾ ഒരുക്കിയത് ഈ ധീരവനിതയുടെ പോരാട്ടമാണ്. പക്ഷെ ഭൻവാരിക്ക് ഇപ്പോഴും നീതി ലഭിച്ചിട്ടില്ല. ഈ 56-ാം വയസിലും അവർ പോരാട്ടം തുടരുകയാണ്. പിന്തുണയുമായി ഭർത്താവ് മോഹൻലാൽ പ്രജാപതും ഒപ്പമുണ്ട്.

ഗിരിഷ്മ എച്ച് നായര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News