കാസർഗോഡ്: അമ്മക്കോഴിയെ തെരുവുനായ്ക്കൾ കൊന്നതോടെ മുട്ടകൾ വിരിയാൻ പൂവൻ കോഴി അടയിരുന്നു. സീമകളില്ലാത്ത സ്‌നേഹത്തിന് തൃക്കരിപ്പൂരിൽ നിന്നാണ് ഈ വാഴ്ത്ത്. അമ്മ നഷ്ടപ്പെട്ടതിനാൽ വിരിയാതെ പോകുമായിരുന്ന മുട്ടകൾക്കുളളിലെ ജീവൻറെ തുടിപ്പുകൾക്ക് പിതൃനെഞ്ചിന്റെ ചൂടു പകരുകയായിരുന്നു പൂവൻ കോഴി.
പടന്ന എടച്ചാക്കൈ ഷിഹാബുദ്ധീന്റെ വീട്ടിൽ നിന്നാണ് അപൂർവസ്‌നേഹത്തിന്റെ വിജയഗാഥ. വീട്ടിലെ തള്ളക്കോഴിയെ തെരുവുനായ്ക്കൾ വേട്ടയാടി കൊന്നിരുന്നു. മാതൃസ്‌നേഹത്തിന്റെ ചൂട് മുട്ടകൾക്ക് അൽപംമാത്രം നൽകിയാണ് തളളക്കോഴി പോയത്. പിന്നീട് അടയിരിക്കൽ ദൗത്യം പൂവൻ ഏറ്റെടുക്കുകയായിരുന്നു.
മുട്ട വിരിയുമെന്ന പ്രതീക്ഷ വീട്ടുകാർക്ക് അൽപം പോലും ഇല്ലായിരുന്നു. എന്നാൽ രണ്ടു ഭ്രൂണങ്ങൾ പിതൃസ്‌നേഹം തിരിച്ചറിഞ്ഞ് കുഞ്ഞുങ്ങളായെത്തി. കുഞ്ഞുങ്ങളുടെ സംരക്ഷണം പൂവന്റെ പക്കൽ ഭദ്രം. റാഞ്ചാൻ വരുന്നവരെ കാണുമ്പോൾ പൂവൻറെ ചിറകിനടിയിൽ ഒളിക്കും കുഞ്ഞുങ്ങൾ.
Get real time update about this post categories directly on your device, subscribe now.