സ്ത്രീധനം കൊടുക്കാൻ സാമ്പത്തികമില്ല; തീരദേശ മേഖലയിലെ ദരിദ്ര കുടുംബങ്ങൾ വരനെ തേടി മാർത്താണ്ഡത്തേക്ക്; സേലം-കോയമ്പത്തൂർ കല്യാണങ്ങളുടെ ദുരന്തവഴിയിൽ മാർത്താണ്ഡവും; കെ.രാജേന്ദ്രന്റെ അന്വേഷണപരമ്പര രണ്ടാംഭാഗം

സ്ത്രീധനം കൊടുക്കാൻ സാമ്പത്തികമില്ലാത്തതിനാൽ തീരദേശ മേഖലയിലെ കുടുംബങ്ങളിലെ പെൺകുട്ടികളെ അയൽ സംസ്ഥാനങ്ങളിലേക്ക് വിവാഹം ചെയ്ത് അയയ്ക്കുന്നു. ദൂരെയെങ്ങും പോകേണ്ട, നമ്മുടെ കൊച്ചു കേരളത്തിൽ തലസ്ഥാന ജില്ലയിലുണ്ട് ഇത്തരം കല്യാണങ്ങൾ. ചില അനുഭവ കഥകൾ കേൾക്കാം.

ആൻസി., തിരുവനന്തപുരത്തെ മത്സത്തൊഴിലാളിയാണ്. വയസ് 60. വിമാനത്താവളത്തിനു സമീപമാണ് താമസം. രാവിലെ നാലു മണിക്ക് ദിനചര്യകൾ തുടങ്ങും. അയൽക്കാരികളായ കൂട്ടുകാരികളോടൊപ്പം വിഴിഞ്ഞം കടപ്പുറത്തേക്കു പോകും. ഒത്ത വിലയ്ക്ക് നല്ല മീൻ കിട്ടിയാൽ അപ്പോൾ തന്നെ അമ്പലമുക്ക് തെരുവിലേക്ക് മീൻ വിൽക്കാനായി മടങ്ങും. അല്ലെങ്കിൽ സംഘത്തോടൊപ്പം കുറഞ്ഞ വിലയ്ക്ക് മീൻ വാങ്ങുന്നതിനായി വിഴിഞ്ഞത്തേക്കോ കോവളത്തേക്കോ സംഘം പോകും.

ഒമ്പതു മണിയോടെ തുടങ്ങുന്ന മീൻ വിൽപന മുഴുവൻ വിറ്റു തീരുന്നതുവരെ നീളും. കണക്കുകൾ നോക്കിയാൽ ആൻസി വലിയ സമ്പന്നയാവേണ്ടതാണ്. ഓരോ ദിവസവും പതിനായിരം മുതൽ പതിനയ്യായിരം വരെ കച്ചവടം നടക്കും. ആൻസിക്ക് ആകെ മൂന്നു മക്കൾ. മൂന്നും പെൺകുട്ടികൾ. എന്തിനാണ് ഈ വാർധക്യത്തിൽ ഇങ്ങനെ കഷ്ടപ്പെടുന്നത്? ചോദിച്ചപ്പോൾ ജീവിത പ്രാരാബ്ധങ്ങൾ ഉളളിലൊതുക്കി ആൻസി ചിരിച്ചു. മൂത്ത മകളെ മാർത്താണ്ഡത്തേക്കും രണ്ടാമത്തെ മകളെ നാഗർകോവിലിലേക്കും വിവാഹം കഴിച്ചയച്ചു. ഇളയ മകളെ തമിഴ്‌നാട്ടിലേക്ക് അയയ്ക്കാനാവില്ല’

Fish-1

തീരഗ്രാമങ്ങളിലെ ദരിദ്ര കുടുംബങ്ങളിൽ ഏറ്റവും പ്രചുരപ്രചാരം നേടിയതാണ് മാർത്താണ്ഡം കല്ല്യാണം. ലത്തീൻ, നാടാർ എന്നിങ്ങനെയുളള മുക്കുവ വിഭാഗങ്ങളിലെ പെൺകുട്ടികളെ തമിഴ്‌നാട്ടിലെ മാർത്താണ്ഡത്തേക്കു കല്യാണം കഴിച്ചു കൊടുക്കുന്നതിനു പിന്നിൽ ഒരു സാമ്പത്തിക ശാസ്ത്രമുണ്ട്. അവിടെ സ്ത്രീധനം കുറവാണ്. മൂന്നു വർഷം മുമ്പ് മൂത്തമകളെ ആൻസി കല്യാണം കഴിപ്പിച്ചത് രണ്ടു ലക്ഷം രൂപയും 12 പവൻ സ്വർണ്ണവും സ്തീധനം നൽകിയാണ്. കഴിഞ്ഞ വർഷം രണ്ടാമത്തെ മോളുടെ കല്യാണം നടന്നു. വരൻ നാഗർകോവിൽ സ്വദേശി. രണ്ടു ലക്ഷവും 15 പവൻ സ്വർണ്ണവുമായിരുന്നു സ്തീധനം.

തിരുവനന്തപുരം ജില്ലയിലെ തീരഗ്രാമങ്ങളിലെ വിവാഹരീതികൾ അനുസരിച്ച് ഇത് ചിലവ് കുറഞ്ഞ വിവാഹങ്ങളാണ്. അതുകൊണ്ടു തന്നെ ദരിദ്രർക്ക് ആശ്രയം മാർത്താണ്ഡം കല്ല്യാണം തന്നെ. ഉച്ചയോടെ ആൻസിയെ തേടി ആദ്യ പലിശ പിരിവുകാരനെത്തും. മൂത്ത മകളുടെ വിവാഹത്തിനായി നാട്ടുപലിശക്കാരനിൽ നിന്നുമെടുത്ത 2 ലക്ഷം രൂപ വായ്പയിലേക്ക് ഇന്നും ദിവസേന 50 രൂപവീതം പലിശയടക്കണം. ഇതുകൊണ്ട് മാത്രം തീരില്ല. രണ്ടു പെൺകുട്ടികളുടെ വിവാഹങ്ങൾക്കായി പലരിൽ നിന്നായി വാങ്ങിയ കടങ്ങളിൽ 5 ലക്ഷം രൂപ തിരിച്ചടയ്ക്കാനുണ്ട്.

Fish-2

ആൻസിയുടെ ഭർത്തവ് ചെറുപ്പത്തിലേ മരിച്ചു പോയി. രണ്ടു സഹോദരൻമാരുണ്ടെങ്കിലും കാര്യമായി സഹായിക്കാൻ ആരും ഇല്ല. ‘കടം വീടാനായി കാത്തിരിക്കാൻ സമയമില്ല. ഈവർഷം ഇളയ മോളുടെ വിവാഹം നടത്തിയേ തീരൂ. ആൻസിയുടെ മൂന്നു മക്കളിൽ ഇളയവൾ മാത്രമാണ് നല്ല വിദ്യാഭ്യാസം നേടിയത്. അവൾ ബിരുദധാരിയാണ്. പഠിച്ചുകൊണ്ടിരിക്കെ അകന്ന കുടുംബത്തിൽപ്പെട്ട ഒരു സഹപാഠിയുമായി അവൾ പ്രേമത്തിലായി. ചെക്കന്റെ വീട്ടുകാർ ആലോചനയുമായി വീട്ടിലെത്തി. ആൻസി ആദ്യം സന്തോഷിച്ചു. ചെക്കന്റെ വീട്ടുകാരുടെ ആവശ്യങ്ങൾ കേട്ടപ്പോൾ അവർ നെഞ്ചത്ത് കൈവെച്ചു. 25 പവൻ സ്വർണ്ണം, 5 ലക്ഷം രൂപ, ഒന്നര സെന്റ് സ്ഥലത്ത് ചെറിയൊരു വീട്. പിന്നെ വിവാഹ ചിലവും.

വീട് നഷ്ടപ്പെടുന്നവർ

ശംഖുമുഖത്തെ ജാൻസിയുടെ അച്ഛനും അമ്മയും മത്സ്യത്തൊഴിലാളികളാണ്. ജാൻസിക്ക് അച്ഛനെക്കുറിച്ച് ഒന്നും
പറയാനില്ല. അദ്ദേഹം മുഴുക്കുടിയനാണ്. പൂവാറിൽ മറ്റൊരു ഭാര്യയും രണ്ടു കുട്ടികളും ഉണ്ട്. ജാൻസിയുടെ എല്ലാമെല്ലാം അമ്മച്ചിയാണ്. കുട്ടിക്കാലം മുതൽക്കേ ജാൻസിക്ക് അമ്മയെ അധികം നേരം വീട്ടിൽ കിട്ടാറില്ല. കടൽക്കരകളിലും മീൻ ലോറികളിലും മത്സ്യമാർക്കറ്റുകളിലുമെല്ലാമായിരുന്നു എന്നും അമ്മയുടെ ജീവിതം.

ജാൻസി പഠിക്കാൻ അത്ര മിടുക്കിയൊന്നുമായിരുന്നില്ല. നന്നായി ബാസ്‌ക്കറ്റ് ബോൾ കളിക്കും. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെല്ലാം പ്രയോജനപ്പെടുത്തി പ്ലസ് ടു വരെ പഠിച്ചു. അമ്മയും ബന്ധുക്കളും ഇപ്പോൾ ജാൻസിക്കായി വിവാഹാലോചനകൾ നടത്തുകയാണ്.

‘എവിടെ നിന്ന് ചെക്കനെ കിട്ടും?’
ജാൻസിക്ക് തെല്ലും സംശയം ഇല്ല;
‘മാർത്താണ്ഡത്തു നിന്ന്.’

മാർത്താണ്ഡത്തെ ചെറുപ്പക്കാരേക്കാൾ വിദ്യാസമ്പന്നരും സാമ്പത്തിക ശേഷിയുളളവരും സുന്ദരൻമാരുമാണ്
പാറശ്ശാല മുതൽ കൊല്ലം വരെയുളള തീരഗ്രാമങ്ങളിലെ ചെറുപ്പക്കാർ. കേരള തീരങ്ങൾ സമ്പന്നമാണ്. എന്നാൽ
അപ്പുറത്ത് തമിഴ്‌നാട്ടിലെ തീരങ്ങൾ താരതമ്യേന ദരിദ്രമാണ്. എന്നിട്ടും ജാൻസിക്കിഷ്ടം മാർത്താണ്ഡം കല്യാണമാണ്. ‘കേരളത്തിൽ നിന്ന് കല്ല്യാണം കഴിച്ചാൽ എൻറെ അമ്മച്ചിയുടെ ജീവിതം തെരുവിലാകും’.

Fish-3

ജാൻസിയുടെ അഭിപ്രായപ്രകടനം അതിശയോക്തി കലർന്നതാണെന്ന് ആദ്യം സംശയിച്ചു. വെട്ടുകാട്ടെ മത്സ്യത്തൊഴിലാളികളായ വീട്ടമ്മമാരായ ഷീലയുടേയും റോസിയുടേയും ജീവിതകഥകൾ വിവരിച്ചപ്പോൾ സംശയം നീങ്ങി. ഷീലയും റോസിയും പെൺമക്കളുടെ വിവാഹങ്ങൾ നടത്തിയത് നാട്ടിൽ നിന്നു തന്നെയാണ്. ഇരുവർക്കും കുടുംബസമേതം ജീവിക്കാൻ രണ്ടു കൂരകൾ ഉണ്ടായിരുന്നു. മക്കൾ വളർന്നു വലുതായപ്പോൾ കൂരകൾ ഒന്നരസെന്റ് വിസ്തൃതിയുളള ചെറിയ വീടുകളാക്കി മാറ്റി. പെൺമക്കളുടെ വിവാഹസമയത്ത് നാട്ടുനടപ്പനുസരിച്ച് അവർക്ക് വീട് നൽകണം.

തങ്ങളുടെ വീടുകൾ മക്കൾക്കായി ഇരുവരും എഴുതിവെച്ചു. വിവാഹശേഷം മരുമക്കൾ കുടുംബസമേതം വീടുകളിൽ താമസമാക്കി. അവർക്കെല്ലാം കുട്ടികളായി. അതോടെ ഷീലയും റോസിയും അധികപ്പറ്റായി. ഇരുവരും വീടുവിട്ടിറങ്ങി. സ്വന്തമായി മേൽവിലാസമില്ലാത്തവരായി മാറി. ഇപ്പോൾ ദയാലുക്കളായ ബന്ധുക്കളുടെ വീട്ടിൽ മാറിമാറി താമസിക്കുകയാണ്.

ലക്ഷ്യം കാണാത്ത ചെറുത്ത് നിൽപുകൾ

മദ്യത്തിനെതിരെയും മയക്കുമരുന്നിനെതിരെയും നടക്കുന്നതുപോലുളള പ്രചാരണം സ്ത്രീധനത്തിനെതിരെ ഇന്നു നടക്കുന്നില്ല. കേരള മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ സംസ്ഥാന കമ്മിറ്റി അംഗവും തിരുവനന്തപുരത്തെ പ്രമുഖ വനിതാ നേതാവുമായ ഷീലയുടെ അനുമാനപ്രകാരം സ്ത്രീധനം ഏറ്റവും ഭീതിതമായ രീതിയിൽ നിലനിൽക്കുന്നത് മത്സ്യത്തൊഴിലാളികൾക്കിടയിലാണ്. ഫെഡറേഷൻ നടത്തുന്ന ക്യാമ്പുകളിൽ സ്ത്രീധനത്തിനെതിരെ പ്രചാരണം നടത്താറുണ്ട്. എന്നാൽ ചെറിയൊരു ശതമാനത്തിനെ മാത്രമേ ശരിയായ രീതിയിൽ സ്വാധീനിക്കാൻ സാധിക്കാറുളളൂ.

മത്സ്യത്തൊഴിലാളി സമൂഹത്തിൽ നിന്ന് കഷ്ടപ്പാടുകളിലൂടെ വളർന്ന് ഉന്നതങ്ങളിലെത്തിയ മധ്യവർഗം സ്ത്രീധനത്തെ അഭിമാനപ്രശ്‌നമായാണ് കാണുന്നത്. മത്സ്യത്തൊഴിലാളി കുടുംബത്തിലെ ഒരു അധ്യാപിക ഒരിക്കൽ മകളുടെ വിവാഹം ക്ഷണിക്കാനായി ഷീലയുടെ വീട്ടിലെത്തി. പത്തു ലക്ഷത്തിന് ഒരു ചെറുക്കനെ വാങ്ങിയെന്നു തുറന്നടിച്ചു കൊണ്ടാണ് അവർ വിവാഹം ക്ഷണിച്ചത്.

‘ഞങ്ങളുടെ കൂട്ടത്തിൽ മിടുക്കനായ ഒരു ശാസ്ത്രജ്ഞനുണ്ട്. അദ്ദേഹത്തിന്റെ മകൾ മിടുക്കിയായ ഒരു സോഫ്റ്റ്‌വെയർ എൻജിനീയറാണ്. അടുത്തിടെ മകൾ വിവാഹിതയായി. സ്തീധനമായി നൽകിയത് ഒരു കോടി രൂപ. 75 ലക്ഷം ചെക്കന്റെ പേരിലും 25 ലക്ഷം ചെക്കന്റെ അച്ഛന്റെ പേരിലും നിക്ഷേപിച്ച ശേഷമാണ് വിവാഹം നടത്തിയത്’. മത്സ്യത്തൊഴിലാളി സമൂഹത്തിന് മാതൃയാവേണ്ടവർ പോലും വൻതുക സ്തീധനം കൊടുത്തും വാങ്ങിയും സമൂഹത്തിന് അപഥ സന്ദേശങ്ങൾ നൽകുന്നു.

ഉയർന്ന തുക സ്ത്രീധനം വാങ്ങി ഭാര്യയുടെ വീട്ടിലോ വസ്തുവിലോ സ്ഥിര താമസമാക്കുന്ന ഭർത്താവ് നിർഗുണ പരബ്രഹ്മമായി മാറുന്ന നിരവധി സംഭവങ്ങൾക്ക് ഷീല സാക്ഷിയായിട്ടുണ്ട്. പല കുടുംബങ്ങളിലും ഭർത്താവിനു സ്ഥാനമില്ല. ഇച്ഛാഭംഗങ്ങൾക്ക് അടിമപ്പെടുന്ന പലരും മദ്യാസക്തരായി മാറുന്നു. അതോടെ കുടുംബം പുലർത്താനുള്ള ഉത്തരവാദിത്തം പൂർണമായും സ്തീയുടെ ചുമലിലാവും. പിന്നെ അവളെങ്ങനെ മകളെ വലിയ തുക സ്ത്രീധനം നൽകി വിവാഹം കഴിച്ചയയ്ക്കും. അവർക്കാശ്രയം മാർത്താണ്ഡം കല്ല്യാണമല്ലാതെ മറ്റെന്താണ്്?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here