സെന്‍കുമാറിന്റെ സ്ഥാനമാറ്റം: ഫയലുകള്‍ ഹാജരാക്കണം; നഷ്ടമായ കാലാവധി തിരികെ നല്‍കണമെന്ന ആവശ്യം പരിശോധിക്കാമെന്നും സുപ്രീംകോടതി

ദില്ലി: ഡിജിപി ടിപി സെന്‍കുമാറിന്റെ സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കണമെന്ന് സുപ്രീംകോടതി. തന്റെ വാദം അംഗീകരിക്കുകയാണെങ്കില്‍ ഡിജിപി സ്ഥാനത്ത് നഷ്ടമായ കാലാവധി തിരികെ നല്‍കണമെന്ന ആവശ്യം പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി.

ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ ടിപി സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് സെന്‍കുമാറിന്റെ സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണോ സെന്‍കുമാറിന്റെ സ്ഥാനമാറ്റം എന്ന് സുപ്രീംകോടതി പരിശോധിക്കും. മുഖ്യമന്ത്രി സ്വന്തം നിലക്കാണ് തന്നെ മാറ്റിയതെന്നും ക്യാബിനറ്റിനെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും സെന്‍കുമാറിന് വേണ്ടി ഹാജരായ അഭിഭാഷന്‍ ദുഷ്യന്ത് ദവെ വാദിച്ചു.

പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തില്‍ കിലോമീറ്ററുകളോളം അകലെയായിരുന്ന താന്‍ മാത്രം ഉത്തരവാദിയാകുന്നതെങ്ങനെയാണ്. തനിക്ക് ഉത്തരവാദിത്തമുണ്ടെങ്കില്‍ അന്നത്തെ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയ്ക്കും അതുപോലെ ഉത്തരവാദിത്തമുണ്ട്. എന്നാല്‍ നളിനി നൊറ്റോയെ ഇപ്പോള്‍ ചീഫ് സെക്രട്ടറിയായി സര്‍ക്കാര്‍ ഉയര്‍ത്തിയെന്നും സെന്‍കുമാര്‍ കോടതിയെ ബോധിപ്പിച്ചു. ജിഷ വധക്കേസിലെ അന്വേഷണ വീഴ്ചയും തന്റെ സ്ഥാനമാറ്റത്തിന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഈ രണ്ട് കാര്യവും ഉയര്‍ത്തിക്കാട്ടി സര്‍ക്കാര്‍ തന്നെ മാത്രം കരുവാക്കുകയാണെന്നും സെന്‍കുമാറിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. തുടര്‍ന്നാണ് ഈ രണ്ട് കേസുകളിലെയും അന്വേഷണ റിപ്പോര്‍ട്ടുകളും ഹാജരാക്കാനും ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അദ്ധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടത്.\

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here