വരാനിരിക്കുന്നത് കൊടും ചൂടിന്റെ ദിനങ്ങള്‍; വരള്‍ച്ചാ ഭീഷണിയില്‍ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍; മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മുംബൈ : രാജ്യത്ത് വരും ദിവസങ്ങളില്‍ വരാനിരിക്കുന്നത് കൊടും ചൂടിന്റെ ദിനങ്ങള്‍. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ചുട്ടുപൊള്ളും. വേനല്‍ക്കാലം രണ്ടുമാസം കൂടി ശേഷിക്കെ വരള്‍ച്ചയുടെ ഭീഷണി ഉയര്‍ത്തിയാണ് രാജ്യത്ത് ചൂട് കൂടുന്നത്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്.

വേനല്‍ തുടങ്ങിയ ആഴ്ചയില്‍ തന്നെ വിവിധ സംസ്ഥാനങ്ങളില്‍ ചൂട് 40 ഡിഗ്രിക്ക് മുകളിലെത്തി. സാധാരണ താപനിലയില്‍ നിന്ന് ഏഴ് ഡിഗ്രിയുടെ വര്‍ധനയാണ് മാര്‍ച്ച് അവസാനം ആകുമ്പോഴേക്കും പലയിടത്തും അനുഭവപെടുന്നത്. പഞ്ചാബിലും ലുധിയാനയിലും താപനില ഏഴു ഡിഗ്രി കൂടിയതായാണ് റിപ്പോര്‍ട്ടുകള്‍.

വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ പലതും ഇപ്പോള്‍ തന്നെ കടുത്ത ചൂടിന്റെ പിടിയിലാണ്. പലയിടത്തും താപനില 40 ഡിഗ്രികടന്നു. മഹാരാഷ്ട്രയിലെ ഭിരയില്‍ 46.5 ഡിഗ്രിസെല്‍ഷ്യസും അകോളയില്‍ 44.1ഉം രാജസ്ഥാനിലെ ബാര്‍മറില്‍ 43.4ഉം ഹരിയാനയിലെ നര്‍ണോളില്‍ 42ഉം ഡിഗ്രി ചൂടാണ് രേഖപെടുത്തിയത്. യുപിയിലും ഗുജറാത്തിലും താപനില 40 ഡിഗ്രി കടന്നു.

രാജ്യത്ത് പലയിടങ്ങളിലും ഉഷ്ണക്കാറ്റ് ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. തെലങ്കാനയിലും ആന്ധ്രയിലും അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ 47 ഡിഗ്രിവരെ താപനില ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. ഏപ്രില്‍ ഒന്നുവരെ കടുത്ത ചൂടും ഉഷ്ണക്കാറ്റും തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതിനു ശേഷം താപനിലയില്‍ ഒന്നോ രണ്ടോ ഡിഗ്രിയുടെ കുറവുണ്ടായേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. തമിഴ്‌നാട്ടില്‍ കൊടും വരള്‍ച്ചയെ തുടര്‍ന്ന് മുന്നുറോളം കര്‍ഷകരാണ് മരിച്ചത്. ആത്മഹത്യകളും, വിളനാശത്തിന്റെ ആഘാതം മൂലമുണ്ടായ മരണങ്ങളും ഉള്‍പ്പെടെയാണിത്. തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം, തിരുച്ചി മേഖലകളിലാണ് മരണം ഏറെയും. കഴിഞ്ഞ വര്‍ഷം ഉഷ്ണ തരംഗത്തില്‍ 550 പേരാണ് രാജ്യത്ത് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News