ഒഞ്ചിയം രക്തസാക്ഷി മണ്ടോടി കണ്ണന്റെ ജീവിതം അഭ്രപാളിയിലേക്ക്; പറയുന്നത് ഒഞ്ചിയത്തിന്റെ സമരതീക്ഷ്ണ ചരിത്രവും; മെയ് മാസത്തില്‍ ചിത്രീകരണമെന്ന് സംവിധായകന്‍ റിനീഷ് തിരുവള്ളൂര്‍

കോഴിക്കോട് : സ്വന്തം ചോര കൊണ്ട് ജയിലറയില്‍ ഇന്‍ക്വിലാബ് സിന്ദാബാദ് എഴുതിയ ഒഞ്ചിയം രക്തസാക്ഷി മണ്ടോടി കണ്ണന്റെ ജീവിതം ചലച്ചിത്രമാകുന്നു. കോഴിക്കോട് നെദൂര ഫിലിംസിന്റെ ബാനറില്‍ റിനീഷ് തിരുവള്ളൂരാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.

സമര തീക്ഷ്ണമായിരുന്നു ഒഞ്ചിയത്തെ കമ്മ്യൂണിസ്റ്റ് ചരിത്രം. ത്യാഗപൂര്‍ണവും പോരാട്ടവീര്യവും ഒരുപോലെ ചരിത്രമായ ഒഞ്ചിയം സമരവും, സമര രക്തസാക്ഷി മണ്ടോടി കണ്ണന്റെ ജീവിതവുമാണ് ചലച്ചിത്രത്തിന്റെ പ്രമേയം. 1940കളിലെ കമ്യൂണിസ്റ്റ് കര്‍ഷക സമരങ്ങളും ജന്മി നാടുവാഴികളുടെയും പൊലീസിന്റെയും കമ്മ്യൂണിസ്റ്റ് വേട്ടയും ചിത്രത്തില്‍ പ്രമേയമാകുന്നു.

അന്ധവിശ്വാസങ്ങള്‍ക്കെതിരെ നടത്തിയ പ്രവര്‍ത്തനങ്ങളും, വസൂരി രോഗത്തിനെതിരെ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ചിത്രത്തില്‍ അവതരണ വിഷയമാകുന്നുണ്ട്. ഒഞ്ചിയം വെടിവെപ്പും ലോക്കപ്പ് മര്‍ദ്ദനങ്ങളും ചരിത്ര പ്രാധാന്യത്തോടെ അവതരിപ്പിക്കും. ചരിത്രത്തോട് നീതിപുലര്‍ത്തിയാവും ചലച്ചിത്രം അണിയിച്ചൊരുക്കുന്നതെന്ന് സംവിധായകന്‍ റിനീഷ് തിരുവള്ളൂര്‍ പറഞ്ഞു.

മലയാളത്തിലെ മുന്‍നിര അഭിനേതാക്കളും ടെക്‌നീഷ്യന്മാരും ചിത്രത്തിന്റെ ഭാഗമാകും. മെയ് അവസാനത്തോടെ കുറ്റ്യാടി, നിലന്വൂര്‍, പുറങ്കര, ഡല്‍ഹി എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കും. മുരുകന്‍ കാട്ടാക്കട, ഗോപി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ബിജിപാലാണ് ഈണം നല്‍കുന്നത്.

കൈരളി ടിവിയില്‍ മാധ്യമപ്രവര്‍ത്തകനും വടകര ബാറില്‍ അഭിഭാഷകനുമായിരുന്നു സംവിധായകനായ റിനീഷ് തിരുവള്ളൂര്‍. ഗൗരിയമ്മയുടെ ജീവിതത്തെക്കുറിച്ച് ‘ഗൗരി ദ അയേണ്‍ ലേഡി’, എം കേളപ്പേട്ടനെക്കുറിച്ച് ‘ ജീവിതം സമരം സര്‍ഗ്ഗാത്മകത’ എന്നീ ഡോക്യുമെന്ററികളും റിനീഷ് സംവിധാനം ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News