മന്ത്രിസ്ഥാനത്തെ ചൊല്ലി എൻസിപിയിൽ ആശയക്കുഴപ്പമില്ലെന്നു ഉഴവൂർ വിജയൻ; ശശീന്ദ്രന്റെ രാജി ധാർമികമായി വിജയിച്ചെന്നു ഉഴവൂർ; പാർട്ടി നിലപാട് അറിയിച്ചുള്ള കത്ത് എൻസിപി മുഖ്യമന്ത്രിക്കു കൈമാറി

തിരുവനന്തപുരം: മന്ത്രിസ്ഥാനത്തെ ചൊല്ലി എൻസിപിയിൽ ആശയക്കുഴപ്പമില്ലെന്നു എൻസിപി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയൻ. എൻസിപി നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻസിപി നേതാക്കൾ രാവിലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ആരെ മന്ത്രിയാക്കണമെന്നതു സംബന്ധിച്ച് പാർട്ടി നിലപാട് വ്യക്തമാക്കി കൊണ്ടുള്ള കത്ത് മുഖ്യമന്ത്രിക്കു കൈമാറിയിട്ടുണ്ട്.

എൻസിപി ദേശീയ നേതൃത്വവുമായി ചർച്ച നടത്തുമെന്നും ഉഴവൂർ വിജയൻ പറഞ്ഞു. ശശീന്ദ്രന്റെ രാജിയെ തുടർന്നുണ്ടായ സംഭവവികാസങ്ങൾ ചർച്ച ചെയ്യാൻ എൽഡിഎഫ് നേതൃയോഗം ഇന്നു അൽപസമയത്തിനകം ചേരും. ശശീന്ദ്രനു പകരം ആരു മന്ത്രിയാകണമെന്ന കാര്യത്തിൽ മുന്നണി യോഗം തീരുമാനം എടുക്കും. നൂറു ശതമാനം പ്രതീക്ഷയിലാണ് താനെന്നു തോമസ് ചാണ്ടി പറഞ്ഞു.

അതിനിടെ, ശശീന്ദ്രനെതിരായ ഫോൺവിളി ആക്ഷേപത്തിൽ മംഗളം ചാനൽ ഇന്നലെ മാപ്പു പറഞ്ഞിരുന്നു. മന്ത്രിയെ കെണിയിൽ പെടുത്തിയത് വീട്ടമ്മയല്ലെന്നും മാധ്യമപ്രവർത്തകയാണെന്നും പറഞ്ഞായിരുന്നു ഖേദപ്രകനം. മംഗളം ചാനലിലൂടെ സിഇഒ അജിത് കുമാർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്റ്റിംഗ് ഓപ്പറേഷൻ ആണ് ഇതെന്നും അജിത് കുമാർ പറഞ്ഞിരുന്നു.

മുതിർന്ന മാധ്യമ പ്രവർത്തകരുൾപ്പെട്ട എട്ടംഗ എഡിറ്റോറിയൽ ടീം ആണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഓപ്പറേഷൻ ഏറ്റെടുക്കാൻ മംഗളത്തിലെ ഒരു മുതിർന്ന മാധ്യമ പ്രവർത്തക സ്വയം സന്നദ്ധയാവുകയായിരുന്നു. സംഭവിച്ച തെറ്റുകൾ ഏറ്റുപറയുന്നു. ഓപ്പറേഷൻ ഏറ്റെടുക്കാൻ ആരെയും നിർബന്ധിച്ചിട്ടില്ല. ഇക്കാര്യം മറ്റാരും അറിഞ്ഞിട്ടുമില്ലെന്നും മംഗളം സിഇഒ ആർ അജിത് കുമാർ വെളിപ്പെടുത്തി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News