മലയാളികളുടെ പ്രിയപ്പെട്ട ജഗതി ശ്രീകുമാറിനെ കൈരളി ടിവി ആദരിക്കുന്നു;ഏപ്രിൽ ഏഴിനു ദുബായിൽ ഇശൽ ലൈല വേദിയിൽ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നൽകും | വീഡിയോ

ദുബായ്: മലയാളികളുടെ ഹൃദയത്തിൽ നർമ്മത്തിന്റെ അനശ്വര സുവർണ മൂഹൂർത്തങ്ങൾ സൃഷ്ടിച്ച മലയാളികളുടെ പ്രിയതാരം ജഗതി ശ്രീകുമാറിനെ കൈരളി ടിവി ആദരിക്കുന്നു. മലയാളചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം നൽകിയാണ് ഹാസ്യസാമ്രാട്ടിനെ കൈരളി ടിവി ആദരിക്കുന്നത്. ദുബായിൽ കൈരളി ടിവി സംഘടിപ്പിക്കുന്ന ഇശൽ ലൈല പരിപാടിയിൽ പുരസ്‌കാരം സമ്മാനിക്കും. ദുബായ് സബീൽ പാർക്കിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് നടൻ മമ്മൂട്ടി പുരസ്‌കാരം സമ്മാനിക്കും.

മലയാളസിനിമയിൽ പകരം വയ്ക്കാനാകാത്ത വ്യക്തിത്വം, സിനിമാ പ്രേമികളുടെ മനസ്സിലെ എക്കാലത്തെയും മികച്ച ഹാസ്യതാരം, ഹാസ്യ ചക്രവർത്തി, ഹാസ്യസാമ്രാട്ട് എന്നിങ്ങനെ എണ്ണിയാൽ തീരാത്ത വിശേഷണങ്ങൾക്കുടമയാണ് ജഗതി ചേട്ടൻ. സിനിമാ പ്രവർത്തകരുടെയും തലസ്ഥാനവാസികളുടെയും സ്വന്തം അമ്പിളി ചേട്ടൻ. മലയാളികളുടെ ഹൃദയത്തിൽ നർമ്മത്തിന്റെ അനശ്വര മുഹൂർത്തങ്ങൾ സമ്മാനിച്ച ജഗതി ശ്രീകുമാറെന്ന വലിയ നടനെ കൈരളി ടിവി പുരസ്‌കാരം നൽകി ആദരിക്കുകയാണ്.

ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം ദുബായ് സബീൽ പാർക്കിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മമ്മൂട്ടി ജഗതി ശ്രീകുമാറിനു സമ്മാനിക്കും. വാഹനാപകടത്തെ തുടർന്ന് വെള്ളിത്തിരയിൽ നിന്ന് ഒരു ഇടവേള എടുത്ത ജഗതി ശ്രീകുമാർ അഞ്ചു വർഷത്തിനുശേഷം ആദ്യമായാണ് പ്രവാസ ലോകത്ത് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നത്. ഏപ്രിൽ 7 ന് ദുബായിൽ നടക്കുന്ന പുരസ്‌കാരസമ്മാന ചടങ്ങിൽ എത്തുന്നതിന്റെയും പ്രവാസികളുടെ സ്‌നേഹാദരവ് ഏറ്റുവാങ്ങുന്നതിന്റെയും സന്തോഷത്തിലാണ് അമ്പിളി ചേട്ടനും കുടുംബവും.

കൈരളിടിവിയുടെ മാപ്പിളപ്പാട്ട് ഇശൽ ലൈല പരിപാടിയുടെ ഭാഗമായാണ് അവാർഡ് നിശ സംഘടിപ്പിക്കുന്നത്. അവശതകൾ ഒക്കെ മറന്ന് പ്രവാസികളുടെ സ്‌നേഹ വരവേൽപ്പിനായി. കടൽ കടന്നു പോകാൻ. പ്രാർത്ഥനയോടെ ജഗതീ ശ്രീകുമാറും ഒരുങ്ങുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here