ഹോസ്റ്റലിലെ കുളിമുറിയിൽ രക്തം; ആർത്തവമുണ്ടോയെന്നു പരിശോധിക്കാൻ വാർഡൻ പെൺകുട്ടികളുടെ വസ്ത്രമഴിപ്പിച്ചു

ലഖ്‌നൗ: സ്‌കൂൾ ഹോസ്റ്റലിലെ കുളിമുറിയിൽ രക്തം കണ്ടതിനെ തുടർന്ന് സ്‌കൂൾ വാർഡൻ പെൺകുട്ടികളുടെ വസ്ത്രം അഴിച്ചു പരിശോധിച്ചു. ആവർത്തവമുണ്ടോ എന്നു പരിശോധിക്കാനാണ് വാർഡൻ പെൺകുട്ടികളുടെ വസ്ത്രം അഴിപ്പിച്ചത്. കുളിമുറിയിലെ ചുവരിലും തറയിലും രക്തം കണ്ടതിനെത്തുടർന്ന് സ്‌കൂൾ ഹോസ്റ്റലിലെ 70 പെൺകുട്ടികളുടെ വസ്ത്രമഴിച്ച് വാർഡൻ പരിശോധന നടത്തിയതായാണ് പരാതി.

മുസാഫർ നഗറിലെ കസ്തൂർബാ ഗാന്ധി ഗേൾസ് റെസിഡൻഷ്യൽ സ്‌കൂളിലെ ഹോസ്റ്റൽ വാർഡനാണ് കുട്ടികളെ അപമാനിച്ചത്. ആർത്തവത്തെത്തുടർന്നുള്ള രക്തമാണ് കണ്ടതെന്നും ആരാണ് അതിനുത്തരവാദി എന്നു കണ്ടെത്താനുമാണ് പരിശോധന നടത്തിയതെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസമായിരുന്നു വാർഡൻറെ ഉടുപ്പഴിക്കൽ ശിക്ഷ. കുളിമുറിയിലെ ചുവരിലും നിലത്തും രക്തം കണ്ടതിനെ തുടർന്ന് സത്രീവാർഡൻ എഴുപത് വിദ്യാർഥിനികളെ ഭീഷണിപ്പെടുത്തി ഉടുപ്പഴിപ്പിക്കുകയായിരുന്നു. തുണി അഴിച്ചില്ലെങ്കിൽ മർദിക്കുമെന്ന് വാർഡൻ ഭീഷണിപ്പെടുത്തിയതായി പെൺകുട്ടികൾ പറയുന്നു.

കുട്ടികളുടെ പരാതിയെത്തുടർന്ന് വിദ്യാഭ്യാസ വകുപ്പ് വാർഡനെ സസ്‌പെന്റ് ചെയ്യുകയും വാർഡനെതിരെ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. എന്നാൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും രക്തം കണ്ടപ്പോൾ വിദ്യാർഥിനികൾക്ക് ഒന്നും പറ്റിയില്ല എന്നു ഉറപ്പ് വരുത്താനാണ് പരിശോധന നടത്തിയതെന്നും വാർഡൻ പറയുന്നു. സ്‌കൂളിൽ കർക്കശക്കാരിയായതു കൊണ്ട് തന്നെ പുറത്താക്കാനുള്ള ചിലരുടെ ഗൂഢശ്രമത്തിന്റെ ഭാഗമായാണ് ഈ ആരോപണമെന്നും അവർ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel