ഗദ്ദർ ആത്മീയവാദത്തിലെന്നു റിപ്പോർട്ട്; ഗദ്ദർ തീർത്ഥയാത്രയിൽ; വിശ്വാസപരിണാമമില്ലെന്നു ഗദ്ദറിന്റെ മറുപടി; ആത്മീയാവശ്യങ്ങൾ അഭിമുഖീകരിച്ചാലേ മാർക്‌സിസത്തിനു മതത്തെ മറികടക്കാനാകൂ എന്നും തെലുങ്കു നാടിന്റെ വിപ്ലവകവി

തെലുങ്കു നാട്ടിലെ വിപ്ലവകവി ഗദ്ദർ ആത്മീയ വാദത്തിലേക്കു തിരിഞ്ഞെന്നു വാർത്ത. മാവോയിസ്റ്റ് വിശ്വാസിയായിരുന്ന ഗദ്ദർ കുടുംബത്തോടൊപ്പം തീർത്ഥയാത്രകളിലാണെന്നാണ് റിപ്പോർട്ടുകൾ. മാവോയിസത്തിൽ നിന്ന് ആത്മീയതയിലേക്ക് എന്നാണ് ഈ മാറ്റത്തിന് തെലുങ്കുമാധ്യമങ്ങൾ നൽകുന്ന ശീർഷകം. എന്നാൽ, ഇതു വിശ്വാസപരിണാമമല്ലെന്നു വിശദീകരിച്ച് തെലുങ്കുനാടിന്റെ ജനകീയകവി വ്യാഖ്യാനങ്ങൾക്ക് അതിരിടുന്നു.

‘അല്ല, ഇതൊരു പരിവർത്തനമല്ല. ഒരു യഥാർത്ഥ മാർക്‌സിസ്റ്റ് ജനങ്ങളുടെ ആത്മീയ ജനാധിപത്യത്തെ മാനിക്കുന്നു. ജനങ്ങൾ പ്രയാസം നേരിടുമ്പോൾ മതവിശ്വാസം അവർക്കു താൽക്കാലികാശ്വാസം നൽകുന്നുണ്ട്. ഇതാണ് ശരിയായ മാർക്‌സിസം.’ ഇതിനോടകം ആന്ധ്രയിലും തെലങ്കാനയിലും ചർച്ചയായ തന്റെ തീർത്ഥയാത്രകളെ ഗദ്ദർ രാഷ്ട്രീയമായിത്തന്നെ വിശിദീകരിക്കുന്നു.

ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് നേതാവും രാഷ്ട്രീയചിന്തകനും ദാർശനികനുമായ അന്തോണിയോ ഗ്രാംഷിയെ ഉദ്ധരിച്ചുകൊണ്ടു കൂടിയാണ് ഗദ്ദർ തന്റെ വിശദീകരണങ്ങൾ നിരത്തുന്നത്. ബൂർഷ്വാസിയുടെ സാംസ്‌കാരിക മൂല്യങ്ങൾ നാടൻ കലയുമായും ജനപ്രിയ സംസ്‌കാരവുമായും മതവുമായും ബന്ധപ്പെട്ടതാണെന്ന ഗ്രാംഷിയുടെ വാക്കുകൾ ഗദ്ദർ ഓർമ്മിപ്പിക്കുന്നു. ജനങ്ങളുടെ ആത്മീയാവശ്യങ്ങളെക്കൂടി അഭിമുഖീകരിച്ചാലേ മാർക്‌സിസത്തിനു മതത്തെ മറികടക്കാനാവൂ. മധ്യകാല ഇന്ത്യയിലെ ഭക്തിപ്രസ്ഥാനം സാംസ്‌കാരിക നവോത്ഥാനമുണ്ടാക്കുകയും ജനങ്ങളെ മാറ്റിത്തീർക്കുകയും ചെയ്തുവെന്നും ഗദ്ദർ ചൂണ്ടിക്കാട്ടുന്നു.

Gaddar 1

മാർക്‌സിസത്തിൽ ഉറച്ചു നിന്നുകൊണ്ട് ഇങ്ങനെ സംസാരിക്കുമ്പോഴും ഗദ്ദർ മാവോയിസത്തിനെതിരായ വിമർശനങ്ങളും മുന്നോട്ടു വയ്ക്കുന്നുണ്ട്. മാവോയിസ്റ്റ് പ്രസ്ഥാനം കടുത്ത അടിച്ചമർത്തൽ നേരിടുകയാണ്. അതുകൊണ്ട്, ലക്ഷ്യസാധ്യത്തിന് പാർലമെന്ററി ജനാധിപത്യപാത തേടാൻ താൻ ആഗ്രഹിക്കുന്നു. ആ വഴി തേടാൻ ജനങ്ങളുടെ പരിച്ഛേദത്തോട് താൻ സംസാരിക്കുകയാണെന്നും ഗദ്ദർ പറയുന്നു.

ഗദ്ദറിന്റെ പുതിയ നിലപാടുകളോട് മാവോയിസ്റ്റുകൾ ഔപചാരികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ ഗദ്ദറിന്റെ നടപടികൾ, സ്വാഭാവികമായും, തങ്ങൾക്ക് ഒരാഘാതമാണെന്ന് പേരു വെളിപ്പെടുത്താത്ത ഒരു മാവോയിസ്റ്റ് നേതാവ് അഭിപ്രായപ്പെട്ടതായി റിപ്പോർട്ടുണ്ട്. അതേസമയം, അടുത്ത കാലത്ത് മാവോയിസ്റ്റ് പ്രസ്ഥാനത്തിൽ സജീവമല്ലെങ്കിലും ഗദ്ദർ മാർക്‌സിസത്തിന്റെയും മാവോയിസത്തിന്റെയും ഉറച്ച അനുഗാമിയാണെന്നും അതേ നേതാവ് മാധ്യമങ്ങളോടു പറഞ്ഞു.

അതേ സമയം ഗദ്ദർ തീർത്ഥയാത്രകൾ തുടരുകയാണെന്നാണ് വാർത്തകൾ. കഴിഞ്ഞയാ!ഴ്ച അദ്ദേഹം യാദാദ്രി ക്ഷേത്രദർശനം നടത്തി. തെലുങ്കാനയിൽ മഴയുണ്ടാകണമെന്നും ജനങ്ങൾക്ക് അനീതിയെച്ചെറുക്കാൻ കരുത്തു നൽകണമെന്നും താൻ പ്രാർത്ഥിച്ചെന്നാണു ഗദ്ദർ ക്ഷേത്രദർശനത്തിനു ശേഷം പറഞ്ഞത്.

ഗദ്ദർ പഴയ ആന്ധ്രയിലെ, ഇന്നത്തെ തെലങ്കാനയിലെ കടമ്മനിട്ട. പഴയ വിപ്ലവപാർട്ടിയായ ഗദ്ദർ പാർട്ടിയുടെ പേരു തൂലികാനാമമാക്കിയ വിപ്ലവകാരി. കൈയിലൊരു തുടിയുമായി തെലുങ്കരെ പാടിയുണർത്തിയ ജനകീയകവി. ഗദ്ദറിന്റെ വേഷപ്പകർച്ച എങ്ങോട്ട് രാഷ്ട്രീയ ഇന്ത്യയും സാംസ്‌കാരിക ഇന്ത്യയും ഉറ്റു നോക്കുകയാണത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News