അച്ഛനെന്ന വിശ്വാസം; ദ ഗ്രേറ്റ് ഫാദര്‍

പ്രതിസന്ധി ഘട്ടത്തിലും ഒരു പുതുമുഖത്തിനൊപ്പം വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായ മമ്മൂട്ടി എന്ന നടന്റെ ധീരതയാണ് ദ ഗ്രേറ്റ് ഫാദര്‍. ആദ്യ ചുവടുവെപ്പില്‍ തന്നെ പുതിയ പരീക്ഷണത്തിന് മുതിര്‍ന്ന ഹനീഫ് അദേനിയുടെ മികവുമാണ് ഈ സിനിമ. ഓരോ കഥാപാത്രവും അനശ്വരമാക്കിയ അഭിനയ മികവാണ് സിനിമയിലുടനീളം കാണാനാവുന്നത്.

സാമൂഹ്യ പ്രതിസന്ധി ഉയര്‍ത്തിപ്പിടിക്കുന്ന കലാരൂപമായി സിനിമയെ കാണുന്നവര്‍ക്ക് സംതൃപ്തിയോടെ ഗ്രേറ്റ് ഫാദര്‍ കണ്ടിറങ്ങാം. വിനോദമായി മാത്രം സിനിമയെ കാണുന്നവര്‍ക്കും ഗ്രേറ്റ് ഫാദര്‍ നല്ലൊരു അനുഭവമായിരിക്കും. തമിഴില്‍ ഗൗതം വാസുദേവ് മേനോന്‍ സ്വീകരിച്ച മേക്കിംഗ് രീതിയോട് സാമ്യമുണ്ട് ഗ്രേറ്റ് ഫാദറിന്. സിനിമയെ ആകെ നോക്കിക്കാണുമ്പോഴും വില്ലനെ അവതരിപ്പിച്ച രീതിയിലും ഈ സാമ്യത അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ ഇത് മലയാളിക്ക് പുത്തന്‍ അനുഭവം തന്നെയായിരിക്കും എന്നതില്‍ സംശയമില്ല.

മമ്മൂട്ടി എന്ന നടനെ എല്ലാ തരത്തിലും ഉപയോഗിക്കാന്‍ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്. സൗന്ദര്യവും, ഡയലോഗ് റപ്രസന്റേഷനും ആഴമേറിയ അഭിനയവും സിനിമ നന്നായി ഉപയോഗപ്പെടുത്തി. മകളും കുടുംബവുമായുള്ള ഡേവിഡിന്റെ ബന്ധം തീവ്രമായി തന്നെ അവതരിപ്പിക്കുന്നു. ആദ്യപകുതിയിലെ ഓരോ സീനുകളും ഇങ്ങനെ ഒരു കുടുംബം ഉണ്ടായിരുന്നെങ്കില്‍ എന്ന് മലയാളികളെ തോന്നിപ്പിക്കും വിധമാണ് ഒരുക്കിയിട്ടുള്ളത്.

ചെറിയ സീനുകളില്‍ പോലും അഭിനയിച്ച കഥാപാത്രങ്ങള്‍ മനസില്‍ തങ്ങിനില്‍ക്കുന്ന അവതരണ ശൈലിയാണ് ഹനീഫ് അദേനി സ്വീകരിച്ചത്. മലയാള സിനിമയ്ക്ക് അത്ര പരിചിതമല്ലാത്ത വഴികളിലൂടെയുള്ള മേക്കിംഗ് ആണ് ഗ്രേറ്റ് ഫാദര്‍ നടത്തിയിരിക്കുന്നത്. ട്രെയിലറുകളിലും പോസ്റ്ററുകളിലും ഈ വ്യത്യസ്തത കാണാനുണ്ടായിരുന്നു. സ്‌നേഹ, ആര്യ, അനിക, ഷാം, ഐഎം വിജയന്‍, മിയ, സന്തോഷ് കീഴാറ്റൂര്‍, കലാഭവന്‍ ഷാജോണ്‍, മാളവിക, സുബീഷ് സുധി എന്നിങ്ങനെ ചെറുതും വലുതുമായ കഥാപാത്രങ്ങളെല്ലാം പ്രേക്ഷക മനസില്‍ തങ്ങിനില്‍ക്കുന്ന അവതരണ ശൈലിയായിരുന്നു.

പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രം തന്നെയായിരുന്നു ഗ്രേറ്റ് ഫാദര്‍. മാസ് ലുക്കില്‍ മമ്മൂട്ടി വരുകയും ഡയലോഗ് റപ്രസന്റേഷന്‍ നടത്തുകയും ചെയ്യുമ്പോഴും എന്താണ് സംഭവിക്കുന്നതെന്നറിയാനുള്ള ആകാംക്ഷയാണ് പ്രേക്ഷനുണ്ടാകുന്നത്. തുടക്കം മുതല്‍ ഈ സസ്‌പെന്‍സ് നിലനിര്‍ത്തിപ്പോകുന്നതില്‍ സംവിധായകന്‍ വിജയിക്കുക തന്നെ ചെയ്തു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ വലിയ ചര്‍ച്ചയാകുമ്പോള്‍ സിനിമയ്ക്ക് അതില്‍ നിന്നും മാറി നില്‍ക്കാനാകില്ലെന്നത് വസ്തുതയാണ്. കലയും സാഹിത്യവുമാണ് സമൂഹത്തിന്റെ നട്ടെല്ല്. അങ്ങനെ നോക്കുമ്പോള്‍ അച്ഛനെന്ന വിശ്വാസം ഓരോ കുട്ടിയിലും ഉണ്ടാക്കിയെടുക്കാന്‍ ഗ്രേറ്റ് ഫാദറിന് സാധിക്കും. പെണ്‍കുട്ടികളുള്ള അച്ഛന്‍മാര്‍ കാണേണ്ട സിനിമ എന്ന് ചിലര്‍ വിശേഷിപ്പിക്കുന്നുണ്ട്. അതിനോട് തീരെ യോജിപ്പില്ല. എല്ലാ കുടുംബവും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണിത്. പുതിയകാലത്ത് കുട്ടികള്‍ക്ക് മാതാപിതാക്കള്‍ നല്ല സുഹൃത്തുക്കളായിരിക്കണമെന്ന് യാഥാര്‍ത്ഥ്യത്തോടെ തീവ്രമായി ചിത്രീകരിച്ച സിനിമയെന്ന് ഗ്രേറ്റ്ഫാദറിന് അവകാശപ്പെടാം.

ശക്തമായ സ്ത്രീ കഥാപാത്രമായി മമ്മൂട്ടിയോടൊപ്പം തന്നെ സ്‌നേഹയും മികച്ച് നില്‍ക്കുന്നുണ്ട്. ഡോക്ടറായി എത്തിയ മിയയും കഥാപാത്രമായി ജീവിച്ചു. ‘പൊക്കിളിനും മുട്ടിനും ഇടയില്‍ എന്തോ നഷ്ടപ്പെടാനുള്ളവളാണ് പെണ്ണെന്ന് ധരിച്ചുവെക്കുന്നതാണ് നിങ്ങളുടെയൊക്കെ പ്രശ്‌നം’ എന്ന സിനിമയിലെ ഡയലോഗ് ഓരോ മലയാളിയെയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്.

സ്വന്തം മകളെ പിച്ചിച്ചീന്തയവനെ കണ്ടെത്താനും കൊന്നുകളയാനും അയാളോട് പറയുന്നത് ഭാര്യ മിഷേലാണ്. ‘അര്‍ബുദം വന്നാല്‍ മുറിച്ചുമാറ്റണം, അല്ലെങ്കില്‍ കരിച്ചുകളയണം’ എന്ന സ്‌നേഹയുടെ ഡയലോഗ് നമുക്ക് മുന്നില്‍ വലിയൊരു ചോദ്യചിഹ്നം തന്നെയാണ്. സ്വന്തം ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ മാത്രം ദു:ഖം അനുഭവപ്പെടുന്ന മലയാളിയുടെ തനി നിറവും കപട മാന്യതയും എല്ലാം സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്. പത്രപ്രവര്‍ത്തനത്തിന്റെ ദുഷിച്ച രൂപത്തെ സിനിമയില്‍ പച്ചയായി അവതരിപ്പിക്കുകയും അങ്ങനെയുള്ള സാമൂഹ്യദ്രോഹികളെ എന്ത് ചെയ്യണമെന്ന് കാണിക്കുകയും ചെയ്യുന്നുണ്ട്.

The-Great-Father-1

സാധാരണ മലയാളം സിനിമകളില്‍ കാണുന്ന നായകന്റെ പ്രതികാരവും ആക്ഷനും ഒന്നും ഗ്രേറ്റ് ഫാദറില്‍ കാണാനാകില്ല. എന്നാല്‍ മമ്മൂട്ടിയും ആര്യയും തമ്മിലുള്ള മത്സരിച്ച അഭിനയം പ്രേക്ഷകനെ പിടിച്ചിരുത്തുന്നു. പോലീസ് ഓഫീസറുടെ വേഷത്തില്‍ മികച്ച കഥാപാത്രമായി തന്നെ ആര്യ സിനിമയില്‍ നില്‍ക്കുന്നുണ്ട്. ആക്ഷന്‍ രംഗങ്ങള്‍ക്ക് വ്യത്യസ്തമായ പ്രമേയമാണ് ഉപയോഗിച്ചിരിക്കുന്നത്.

നേരത്തെ മലയാളത്തില്‍ ബിഗ്ബിയും ഗ്യാഗ്സ്റ്ററും കൊണ്ടുവന്ന പരീക്ഷണങ്ങളില്‍ നിന്നും ചെറിയതോതിലുള്ള വ്യത്യാസം പുലര്‍ത്താന്‍ ഗ്രേറ്റ് ഫാദര്‍ ശ്രദ്ധിച്ചിട്ടുണ്ട്. ആക്ഷനുകളില്‍ മമ്മൂട്ടിയെ സ്റ്റൈലിഷ് ആയി അവതരിപ്പിക്കുമ്പോഴും സിനിമയുടെ കാമ്പ് നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതില്‍ സംവിധായകന്‍ ശ്രദ്ധചെലുത്തി.

The-Great-Father-2jpg

സിനിമയിലെ വില്ലന്‍ സസ്‌പെന്‍സായി തന്നെ ഇരിക്കണം. എങ്കിലും വില്ലനെ അവതരിപ്പിച്ചിരിക്കുന്ന രീതിയും വില്ലനായി അഭിനയച്ച നടന്റെ അഭിനയ മികവും എടുത്ത് പറയേണ്ടതാണ്. അടുത്തിറങ്ങിയ മലയാള സിനിമകളിലെല്ലാം ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമായി ഉണ്ടായിരുന്നെങ്കിലും ആളുകളെ ഞെട്ടിപ്പിച്ച വില്ലന്‍ കഥാപാത്രമായാണ് ഗ്രേറ്റ്ഫാദറില്‍ അദ്ദേഹം എത്തുന്നത്.

വില്ലന്റെ മാനസിക വൈകൃതം തന്നെയാണ് സിനിമയുടെ പ്രമേയവും. അത് ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. അതിലൂടെ സമകാലിക വിഷയങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നിടത്താണ് ഗ്രേറ്റ് ഫാദര്‍ കുടുംബ പ്രേക്ഷകര്‍ക്കും ആരാധകര്‍ക്കും പ്രിയപ്പെട്ടതാകുന്നത്.

ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ മലയാളത്തിന് പുതിയ അനുഭവം നല്‍കും എന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. വ്യത്യസ്തമായ സിനിമകള്‍ മലയാളിക്ക് പരിചയപ്പെടുത്താന്‍ ആഗ്രഹിക്കുന്ന പൃഥ്വിയുടെ നിലപാടില്‍ മലയാളിക്ക് പൂര്‍ണ വിശ്വാസം ഉണ്ടായിരുന്നു. ആ വിശ്വാസം ഗ്രേറ്റ് ഫാദര്‍ അതേപടി നിലനിര്‍ത്തി. സ്ലോമോഷനില്‍ കഥ പറയുന്നതിന് ചേര്‍ന്ന പശ്ചാത്തല സംഗീതം തന്നെയാണ് സുഷിന്‍ ശ്യാം ഒരുക്കിയത്.

ഗോപി സുന്ദിന്റെ ഗാനങ്ങളും സിനിമയുടെ കഥയോട് നീതിപുലര്‍ത്തി. മലയാളിക്ക് പ്രതീക്ഷയുള്ള ഒരു സംവിധായകനായി ഈ ഒരു സിനിമയിലൂടെ ഹനീഫ് അദേനി മാറിക്കഴിഞ്ഞിരിക്കുന്നു. സിനിമയിലെ ഓരോ കഥാപാത്രവും, ഓരോ ഡയലോഗും നമുക്ക് ചുറ്റും അലഞ്ഞുതിരിയുന്നുണ്ട്. മലയാളികള്‍ കാണുകയും ചര്‍ച്ച ചെയ്യുകയും വേണം ഈ ഗ്രേറ്റ് ഫാദറിനെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News