നൂറു പവനും കാറും പണക്കിഴിയുമില്ലെങ്കിൽ തിരുവനന്തപുരത്ത് എന്തു കല്ല്യാണം? കടബാധ്യത താങ്ങാനാവാതെ മാതാപിതാക്കൾ കുടിയേറുന്നു; സ്ത്രീധനം വിഷാദരോഗികളെ സൃഷ്ടിക്കുന്നതിങ്ങനെ

തൊഴിൽ കുടിയേറ്റങ്ങൾ, കാലാവസ്ഥാ കുടിയേറ്റങ്ങൾ, സംഘർഷാനന്തര കുടിയേറ്റങ്ങൾ എന്നിങ്ങനെ നിരവധി കുടിയേറ്റങ്ങൾക്ക് ലോകം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. ഇവയിൽ പുരാതനകാലം മുതൽ നിലനിൽക്കുന്നതും ഇന്നും നടന്നു കൊണ്ടിരിക്കുന്നതുമായ കുടിയേറ്റമാണ് ആഭ്യന്തര കുടിയേറ്റങ്ങൾ (internal migration). എന്തങ്കിലും പ്രത്യേക കാരണങ്ങളാൽ ഒരു പ്രദേശത്തെ ഒരിടത്തുനിന്നും സമീപത്തെ മറ്റൊരിടത്തേക്ക് മാറുന്നതാണ് ആഭ്യന്തര കുടിയേറ്റങ്ങളെന്നു സാമൂഹ്യശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു.

ഗ്രാമത്തിലെ വെള്ളമില്ലാത്ത പ്രദേശത്തുനിന്ന് വെള്ളമുള്ള പ്രദേശത്തിലേക്കു മാറുന്നതും ഉൾഭാഗത്തു നിന്ന് റോഡരികിലേക്കു മാറുന്നതും കുട്ടികളുടെ പഠന സൗകര്യാർത്ഥം സ്‌കൂളിനടുത്തേക്കു താമസം മാറ്റുന്നതുമെല്ലാം ആഭ്യന്തര കുടിയേറ്റങ്ങളാണ്. ആഭ്യന്തര കുടിയേറ്റങ്ങളിൽ തന്നെ മറ്റൊരു വിഭാഗമുണ്ട്. സാമൂഹ്യശാസ്ത്രജ്ഞർ ‘കാൽവെപ്പ് കുടിയേറ്റങ്ങൾ’ (സ്റ്റെപ്പ് മൈഗ്രേഷൻ) എന്നാണ് ഈ കുടിയേറ്റങ്ങൾക്കു പേരിട്ടിരിക്കുന്നത്. നഗരത്തിൽ നിന്നു ഗ്രാമത്തിലേക്കോ ഗ്രാമത്തിൽ നിന്നു നഗരത്തിലേക്കോ കുറഞ്ഞ കാലയളവിനുളളിൽ നടക്കുന്ന തീവ്രത കുറഞ്ഞ കുടിയേറ്റങ്ങളാണ് ‘കാൽവെപ്പ് കുടിയേറ്റങ്ങൾ’.

Suicide-1

സാമ്പത്തിക ബുദ്ധിമുട്ടുകളാണ് എല്ലാ കുടിയേറ്റങ്ങളുടേയും അടിസ്ഥാനകാരണം. എന്നാൽ കുടിയേറുന്നവർ മുൻ അവസ്ഥയിൽ നിന്ന് സാമ്പത്തികമായോ സാമൂഹ്യമായോ മെച്ചപ്പെടുമെന്നാണ് ഡാനിയൽ ബെല്ലിനെപോലുളള ലോകപ്രശസ്ത സാമൂഹ്യശാസ്ത്രജ്ഞർ ചൂണ്ടിക്കാണിച്ചിട്ടുളളത്. ഗൾഫ് കുടിയേറ്റമാണ് മികച്ച ഉദാഹരണം. ഗൾഫിലേക്കു കുടിയേറിയവരും അവരുടെ കുടുംബങ്ങളും സർവോപരി അവരുടെ നാടും കാലക്രമത്തിൽ പുരോഗതി കൈവരിച്ചു. മെച്ചപ്പെട്ട ജീവിത സാഹചര്യത്തിൽ നിന്ന് മോശപ്പെട്ട ജീവിത സാഹചര്യത്തിലേക്കുള്ള കുടിയേറ്റമാണ് ഇപ്പോൾ പശ്ചിമേഷ്യയിൽ നിന്ന് യൂറോപ്പിലേക്കു നടന്നു കൊണ്ടിരിക്കുന്നത്.

സംഘർഷങ്ങൾ മൂലം അഭയാർത്ഥികൾക്ക് അവരുടെ നാടുകളിൽ ജീവിക്കാനാവില്ല. തുടർന്നുളള ജീവിതം സാമ്പത്തിക
ഭദ്രതയില്ലാത്തതാവുമെങ്കിലും താരതമ്യേന മെച്ചപ്പെട്ട സാമൂഹ്യസുരക്ഷിതത്വം നൽകുന്നുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വിഭിന്നമാണ് കാൽവെപ്പ് കുടിയേറ്റങ്ങൾ. മറ്റു കുടിയേറ്റങ്ങൾ എല്ലാം കുതിച്ചുചാട്ടങ്ങളോ ഓട്ടങ്ങളോ ആണെങ്കിൽ ഇത് വെറും കാൽവെപ്പ് മാത്രം. സാമൂഹ്യശാസ്തജ്ഞരുടെ നിഗനമങ്ങൾ അനുസരിച്ചാണെങ്കിൽ കേരളത്തിൽ വിവാഹാനന്തരം ഭീമമായ കടബാധ്യതയും പേറി വധുവിന്റെ മാതാപിതാക്കൾ നടത്തുന്ന കുടിയേറ്റങ്ങൾ കാൽവെപ്പ് കുടിയേറ്റങ്ങളുടെ പട്ടികയിലാണ് വരിക.

തലസ്ഥാന ജില്ലയിലെ കണ്ണീർ കല്യാണങ്ങൾ

കേരളത്തിലെ പല പ്രദേശങ്ങളും പ്രത്യേകിച്ച് തലസ്ഥാന ജില്ലയായ തിരുവനന്തപുരം കാൽവെപ്പ് കുടിയേറ്റങ്ങളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായി മാറിയിരിക്കുന്നു. അധികമാരും ശ്രദ്ധിക്കുന്നില്ലെങ്കിലും പല കുടിയേറ്റങ്ങളും ഭയാനകവും സാക്ഷരകേരളത്തിനു അപമാനകരവുമാണ്.

അച്ഛൻ തലസ്ഥാന നഗരിയിലെ അധ്യാപകൻ. അമ്മ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥ. ഇരുവർക്കും പഠിക്കാൻ മിടുക്കിയായ ഒരു പെൺകുട്ടി. അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് അവർ കോർപ്പറേഷൻ പരിധിയിൽ ഒരു വീട് വാങ്ങി. മകളെ പഠിപ്പിച്ച് എൻജിനീയറാക്കി. പഠനം കഴിഞ്ഞ ഉടനെ മകൾക്ക് ടെക്ക്‌നോപാർക്കിൽ ജോലികിട്ടി. തരക്കേടില്ലാത്ത ശമ്പളം. ഇനി മകളുടെ വിവാഹം നടത്തണം. അവർക്ക് ഒട്ടും ബുദ്ധിമുട്ടേണ്ടിവന്നില്ല.

കോളജിലെ സഹപാഠിയെ മകൾ തന്നെ വരനായി കണ്ടെത്തിയിരുന്നു. വരൻ ഓസ്‌ട്രേലിയയിലെ സോഫ്റ്റ്‌വെയർ എൻജിനീയർ. നല്ല സാമ്പത്തികശേഷിയുളള കുടുംബം. തിരുവനന്തപുരത്തെ ഒരു വമ്പൻ ഹോട്ടലിൽ വച്ച് വിവാഹനിശ്ചയം ആർഭാടപൂർവം നടത്തി. കല്യാണ തിയ്യതി കുറിച്ചു. പണമെല്ലാം ശരിയാക്കി. സന്തോഷത്തോടെ വിവാഹക്ഷണം നടത്തുന്നതിനിടയിലാണ് ഒരു ദിവസം വരന്റെ പിതാവിന്റെ ഫോൺകോൾ വന്നത്. അദ്ദേഹത്തിന്റെ ആവശ്യങ്ങൾ കേട്ടു മാഷ് ഞെട്ടി.

Window display of jewelry shop

Window display of jewelry shop

‘സ്വർണ്ണം നൂറു പവനെങ്കിലും വേണം. ഒന്നുകിൽ നഗരപരിധിയിൽ മകന്റെ പേരിൽ അഞ്ച് സെന്റ് സ്ഥലം. അതല്ലെങ്കിൽ ഇപ്പോൾ താമസിക്കുന്ന വീട് മകന്റെ പേരിൽ എഴുതി വയ്ക്കണം. മകന്റെ സുഹൃത്തുക്കൾക്കെല്ലാം ലഭിച്ചതുപോലെ ഒരു ആഡംബര കാറും ആയിക്കോട്ടെ. വിവാഹം കഴിഞ്ഞ് ഇപ്പോൾ മൂന്നു വർഷമായി. മാഷും ടീച്ചറും ഇപ്പോൾ നഗരത്തിലെ മറ്റൊരു വാടകവീട്ടിലാണ് താമസം. ഇരുവരുടേയും ജന്മദേശം പാലക്കാടാണ്. ടീച്ചർ അടുത്ത വർഷം സർവീസിൽ നിന്ന് വിരമിക്കും. അതിനുശേഷം അവർ നാട്ടിലേക്കു പറിച്ചുനടാനുളള തയ്യാറെടുപ്പിലാണ്.

ഇപ്പോൾ മകളും മരുമകളും ഓസ്‌ട്രേലിയയിലാണ് സ്ഥിരതാമസം. സ്ത്രീധനമായി നൽകിയ വീട് അവർ വാടകയ്ക്ക് കൊടുത്തിരിക്കുന്നു. സാമൂഹ്യശാസ്ത്രജ്ഞർ വിവക്ഷിക്കുന്ന ചുവടുവെപ്പ് കുടിയേറ്റങ്ങളുടെ പട്ടികയിലാണ് മാഷുടേയും ടീച്ചറുടേയും കുടിയേറ്റങ്ങൾ വരുന്നത്. തൊഴിൽ കുടിയേറ്റങ്ങളുടേയും കാലാവസ്ഥാ കുടിയേറ്റങ്ങളുടേയും യുദ്ധകുടിയേറ്റങ്ങളുടേയും പോലെ ഈ കുടിയേറ്റം പുറത്തേക്ക് ഒട്ടും പ്രകടമല്ല. എന്നാൽ ഇതുണ്ടാക്കുന്ന സാമൂഹ്യ സാമ്പത്തിക മാനസിക പ്രത്യാഘാതങ്ങൾ വളരെ വലുതാണ്.

Car

തിരുവനന്തപുരം പേരൂർക്കടയിൽ കച്ചവടം നടത്തുന്ന 65 കാരിയായ വനജാക്ഷിയുടെ ജീവിതമാണ് കാൽവെപ്പ് കുടിയേറ്റത്തിന്റെ മറ്റൊരു ഉദാഹരണം. വനജാക്ഷി മകളുടെ വിവാഹത്തിന് 75 പവൻ സ്വർണ്ണം നൽകി. ഒപ്പം മരണശേഷം വീട് മകൾക്കു നൽകാമെന്നു വിവാഹ സമയത്ത് വിൽപത്രത്തിൽ എഴുതിവെച്ചു. എന്നാൽ വിവാഹസമയം വരെ കാത്തിരിക്കാൻ മകൾ തയ്യാറായില്ല. നഗരപരിധിയിൽ തന്നെ താമസിക്കുന്ന മകൾ ഇടയ്ക്കിടെ വീട്ടിലെത്തി കുതിച്ചുയരുന്ന ജീവിത ചെലവുകളുടെ പയ്യാരങ്ങൾ നിരത്തും. മകളുടെ ഭർത്താവിന് പുതിയ ബിസിനസ് തുടങ്ങണം. മൂലധനം കണ്ടെത്താനായി അമ്മയുടെ വീട് വിൽക്കുകയല്ലാതെ മറ്റു മാർഗങ്ങൾ ഒന്നും ഇല്ല.

ഒരു വാടകവീട്ടിലേയ്ക്ക് താമസം മാറ്റി എത്രയും പെട്ടെന്ന് മകൾക്ക് വീട് കൈമാറാനുളള തീവ്രശ്രമത്തിലാണ് വനജാക്ഷി. ഒപ്പം വിഷാദരോഗത്തിന് ചികിത്സയും തേടുന്നു. സ്ത്രീധനത്തിനു ഏറെ മാനങ്ങൾ ഉണ്ട്. അഭ്യസ്തവിദ്യരായ പെൺകുട്ടികളുടെ കാര്യമെടുക്കാം. ഇവരുടെ തൊഴിൽ സ്വപ്‌നങ്ങൾക്കു പോലും ന്യൂജനറേഷൻ സ്ത്രീധന സമ്പ്രദായം വിലങ്ങുതടിയാവുന്നു.

കൈക്കൂലി വാങ്ങാത്ത ഒരു പിഡബ്ല്യൂഡി എൻജിനീയറുടെ മിടുക്കിയായ മകൾക്ക് ഡോക്ടറാവണം. പ്രയത്‌നിച്ചാൽ സർക്കാർ മെഡിക്കൽ കോളജിൽ തന്നെ അഡ്മിഷൻ ലഭിക്കാവുന്നതേയുള്ളൂ. പക്ഷേ, എൻജിനീയർ നിരുത്സാഹപ്പെടുത്തി. അടുത്ത സുഹൃത്തുക്കളോടു മാത്രം ഡോക്ടർ മനസ്സ് തുറന്നു. ‘ഒരു ഡോക്ടറുടെ സ്റ്റാറ്റസിൽ മകളെ വിവാഹം കഴിപ്പിക്കണമെങ്കിൽ കിടപ്പാടം പണയം വെച്ച് പലായനം ചെയ്യേണ്ടിവരും’.

നൂറു പവനെങ്കിലും ഇല്ലെങ്കിൽ എന്തു കല്യാണം?

ഇന്ത്യയിൽ വിവാഹസമയത്ത് സ്വർണ്ണം ഒരു അനിവാര്യതയാണ്. ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിലടിച്ചു കൊണ്ടിരിക്കുന്ന വ്യത്യസ്ത വിഭാഗക്കാരെല്ലാം സ്വർണ്ണാചാരത്തിന്റെ കാര്യത്തിൽ ഒറ്റക്കെട്ടാണ്. ആത്മീയതയെ സങ്കുചിതമായ ഉപഭോഗതൃഷ്ണ സ്വത്വഭേദമെന്യേ സ്വാധീനിക്കും എന്നതിന്റെ പ്രതിഫലനമാണ് സ്വർണ്ണാസക്തിയിൽ കാണുന്ന മതഐക്യം.

നൂറോ ഇരുനൂറോ പവൻ സ്ത്രീധനം കിട്ടുന്നത് എല്ലാ സമുദായങ്ങളിലെയും ബഹുഭൂരിഭാഗം പേരും വലിയ അഭിമാനമായാണു കാണുന്നത്. വിവാഹസമയത്ത് സ്വർണ്ണം കൈമാറുന്നത് സ്തീധനമാണോ? സ്വർണ്ണ കൈമാറ്റം സ്ത്രീധനമല്ല. ഒഴിച്ചുകൂടാനാവാത്ത ആചാരമാണെന്നാണ് പൊതുഅഭിപ്രായം. കൈമാറുന്ന സ്വർണ്ണത്തിന്റെ അളവനുസരിച്ചേ ഇതിനു ഉത്തരം പറയാനാവൂ എന്നു അഭിപ്രായപ്പെടുന്ന ഒരു വിഭാഗവും ഉണ്ട്. എന്തായാലും പെണ്ണിന് പൊന്ന് കൂടിയേ തീരൂ എന്ന സിദ്ധാന്തം മലയാളിയുടെ മനസ്സിൽ രൂഢമൂലമാക്കുന്നതിൽ കമ്പോള ശക്തികൾ എന്നേ വിജയിച്ചിരിക്കുന്നു.

ഇവരുടെ കൈകളിൽ നിന്ന് കോടികൾ വാങ്ങി സ്വർണ്ണത്തിന്റെ മഹിമ വർണിക്കുന്ന സെലിബ്രിറ്റികളുടെ പങ്ക് പറയേണ്ടതില്ലല്ലോ? യാഥാർഥ്യം എന്തായാലും ശരി, സ്വർണ്ണ കണക്കുകൾ ഞെട്ടിക്കുന്നതാണ്. അടുത്തകാലത്ത് ആഗോള സ്വർണ്ണ ഉപഭോഗത്തിൽ ചൈനയെ പിന്തളളി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഇന്ത്യയിലാകട്ടെ സ്വർണ്ണ ഉപഭോഗത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് നമ്മുടെ കൊച്ചു കേരളവും. ഒരുവർഷം കേരളത്തിൽ എത്ര സ്വർണ്ണം വിൽക്കപ്പെടുന്നുണ്ട് എന്നതിനെക്കുറിച്ച് വ്യക്തമായ കണക്കില്ല.

കള്ളക്കടത്തിലൂടെ കേരളത്തിലെത്തുന്ന സ്വർണ്ണത്തിന്റെ വ്യക്തമായ വിവരം ലഭ്യമല്ല എന്നതുതന്നെയാണ് കാരണം. പ്രശസ്ത സാമ്പത്തിക മാധ്യമപ്രവർത്തകനായ ജോർജ് ജോസഫിന്റെ അനുമാനം അനുസരിച്ച് ഒരു വർഷം കേരളത്തിൽ 80,000 കോടി രൂപയുടെ സ്വർണ്ണവ്യാപാരം നടക്കുന്നുണ്ട്. ഇതിലെ പകുതിയിലേറെ വിവാഹവുമായി ബന്ധപ്പെട്ട വ്യാപാരമാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ കേരളത്തിലെ സ്തീധന വ്യാപാരത്തിന്റെ മുഖ്യപങ്ക്.

ഈ തുക പോക്കറ്റ് മണി, വീട്, സ്ഥലം, ആഡംബരവാഹനം എന്നിവകൂടി ഇതോടൊപ്പം കൂട്ടിയാൽ കേരളത്തിന്റെ വാർഷിക സ്ത്രീധന വിഹിതം ലഭിക്കും. ഈ വിഷയത്തിൽ ഒരു അനൗദ്യോഗിക കണക്കെടുപ്പ് പോലും സാധ്യമല്ലെങ്കിലും സ്വർണ്ണ കച്ചവടത്തിലെന്ന പോലെ സ്ത്രീധന കച്ചവടത്തിലും ഒന്നാം സ്ഥാനം കേരളത്തിന് തന്നെയാവാനാണ് സാധ്യത.

ചുവടുവെപ്പ് കുടിയേറ്റങ്ങളുടെ സാമൂഹ്യ പ്രത്യാഘാതം ഏറ്റവും അനുഭവിക്കുന്നത് തിരുവനന്തപുരം ജില്ലയാണ്. കേരളത്തിലെ സ്തീധന മരണങ്ങൾ തന്നെയെടുക്കാം. കേരള പൊലീസിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം സ്ത്രീധന മരണ കേസുകളിൽ മുന്നിൽ തിരുവനന്തരം ജില്ലയാണ്. 2012-ൽ എട്ടും 2013-2014 വർഷങ്ങളിൽ അഞ്ചുവീതം സ്ത്രീകളാണ് മൂന്നു വർഷവും തലസ്ഥാന ജില്ലയ്ക്കാണ് ഒന്നാം സ്ഥാനം. ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിനു കീഴിൽ ഒരു വർഷം ചുരുങ്ങിയത് അഞ്ചു സ്ത്രീകളെങ്കിലും സ്തീധനവുമായി ബന്ധപ്പെട്ട് മരണമടയുന്നുവെന്നത് ഞെട്ടിപ്പിക്കുന്നു. ഇവരിൽ അഭ്യസ്തവിദ്യരും ഏറെയുണ്ട്.

Suicide

ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോയുടെ റിപ്പോർട്ടുകൾ അനുസരിച്ച് രാജ്യത്തു നടക്കുന്ന ആത്മഹത്യകളുടെ എണ്ണത്തിലും കേരളം മുന്നിലാണ്. ഒരുലക്ഷത്തിന് 24.9 പേർ എന്നനിലയിൽ കേരളത്തിൽ ആത്മഹത്യകൾ നടക്കുന്നുണ്ട്. ഇവരിലെ നല്ലൊരുവിഭാഗം കുടുംബ പ്രശ്‌നങ്ങളെ തുടർന്നാണ് ആത്മഹത്യചെയ്യുന്നത്. സ്ത്രീധന സംബന്ധമായ മാനസിക പ്രശ്‌നങ്ങളാണ് ഇവരിലെ പലരെയും ആത്മഹത്യയിലേക്കു നയിക്കുന്നത്. എന്നാൽ ഈ മരണങ്ങളൊന്നും സ്ത്രീധന മരണങ്ങളുടെ പട്ടികയിൽപെടുന്നില്ല.

വിഷാദരോഗികളുടെ എണ്ണം പെരുകുന്നു

സാമൂഹ്യശാസ്ത്രജ്ഞർ പറയുന്നതു പോലെ യുദ്ധകുടിയേറ്റങ്ങളും പരിസ്ഥിതി കുടിയേറ്റങ്ങളും ദാരിദ്ര്യ കുടിയേറ്റങ്ങളും സൃഷ്ടിക്കുന്ന ഭീകരാവസ്ഥ സ്ത്രീധന കുടിയേറ്റങ്ങൾക്കില്ല. യുദ്ധവും പരിസ്ഥിതി പ്രശ്‌നങ്ങളും ദാരിദ്ര്യവും സൃഷ്ടിക്കുന്ന മൂലകാരണങ്ങൾ കെടുതികൾ അനുഭവിക്കുന്നവർക്ക് മിക്കപ്പോഴും പരിഹരിക്കാനാവില്ല. എന്നാൽ സ്ത്രീധന കുടിയേറ്റങ്ങളുടെ കാര്യം അങ്ങനെയല്ല. പണത്തിനായുളള മലയാളികളുടെ അത്യാർത്തിയാണ് സ്ത്രീധന കുടിയേറ്റങ്ങളുടെ മൂലകാരണം.

depressed-girl

ഇവയാകട്ടെ കുടുംബബന്ധങ്ങൾപോലും നിഷ്പ്രഭമാക്കും. മാതാപിതാക്കളെ നിറകണ്ണുകളുമായി തെരുവിലിറക്കും. തെക്കൻ ജില്ലകളിലെ മധ്യവർഗ കുടുംബങ്ങളിലെ നല്ലൊരുവിഭാഗം ഇന്നു സ്ത്രീധന കുടിയേറ്റങ്ങളുടെ പിടിയിലാണ്. ഇതുണ്ടാക്കുന്ന സാമൂഹ്യ-സാമ്പത്തിക-മാനസിക-പ്രശ്‌നങ്ങൾ നിരവധിയാണ്. മകളുടെ വിവാഹത്തെ തുടർന്ന് എത്ര കുടുംബങ്ങൾ കാൽവെപ്പ് കുടിയേറ്റങ്ങൾ നടത്തിയെന്നതിന്റെ ഏതാണ്ടൊരു കണക്കു പോലും
ആർക്കും അറിയില്ല. കാരണം വിശാലാക്ഷിയെ പോലുളളവരെ വിഷാദരോഗത്തിലേക്കു തളളിവിടുന്ന ആയിരക്കണക്കിന് ‘കാൽവെപ്പ് കുടിയേറ്റങ്ങൾ’ കേരളത്തിൽ നടക്കുന്നുണ്ട്.

ഗോവിന്ദ് സദാശിവ ഘുർരെയെ പോലുളള വിഖ്യാത സാമൂഹ്യശാസ്രജ്ഞർ ജിവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ
കേരളത്തിലെത്തി ഈ വിഷയത്തെക്കുറിച്ച് രാജ്യാന്തര ശ്രദ്ധയാകർഷിക്കുമായിരുന്ന പഠനം നടത്തുമായിരുന്നു. ഈ വിഷയത്തെ ഗൗരവമായി കണ്ടില്ലെങ്കിൽ പരമ്പരാഗത സ്ത്രീധനത്തിൽ നിന്ന് ന്യൂജനറേഷൻ സ്ത്രീധനത്തിലെത്തി നില്ക്കുന്ന കേരളസമൂഹം വൻ ദുരന്തങ്ങളെ നേരിടേണ്ടി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News