മൂന്നാറില്‍ പ്രകൃതിക്കൊപ്പം മനുഷ്യരെയും പരിഗണിക്കണം; അവകാശ തര്‍ക്കങ്ങളില്‍ ശാശ്വതപരിഹാരം കാണണം; നിലപാട് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: മൂന്നാറില്‍ പ്രകൃതിസംരക്ഷണത്തോടൊപ്പം ജനങ്ങളേയും കണ്ടുകൊണ്ടുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ഭൂമി സംബന്ധിച്ച അവകാശ തര്‍ക്കങ്ങളില്‍ ശാശ്വതപരിഹാരം കാണണമെന്നും കെട്ടിടനിര്‍മാണത്തിന് അനുമതി നല്‍കാനായി നിയമം നിര്‍മിക്കണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കുടിയേറ്റക്കാരെ സംരക്ഷിക്കാനാണ് ഇടുക്കി ജില്ലാ കമ്മിറ്റി ശ്രമിക്കുന്നതെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

മൂന്നാര്‍ ഭൂമിപ്രശ്‌നത്തില്‍ വാദപ്രതിവാദങ്ങള്‍ തുടരവെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാട് വ്യക്തമാക്കിയത്. ഇടുക്കിയിലെ ഭൂപ്രകൃതിയുടെ അവസ്ഥ ഉത്കണ്ഠാജനകമാണെന്നും എന്നാല്‍ പ്രകൃതിസംരക്ഷണത്തൊടൊപ്പം ജനങ്ങളേയും കണ്ടുകൊണ്ടുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നും സെക്രട്ടറിയേറ്റ് വ്യക്തമാക്കി. ഭൂമി സംബന്ധിച്ച അവകാശ തര്‍ക്കങ്ങള്‍ സങ്കീര്‍ണമായ പ്രശ്‌നങ്ങളായി മാറികൊണ്ടിരിക്കുകയാണ്. ഇവക്ക് ശാശ്വതപരിഹാരവും തീര്‍പ്പും കാണാനുള്ള നടപടികളുണ്ടാവണം. കയ്യേറ്റക്കാരെയും കുടിയേറ്റക്കാരെയും വേര്‍തിരിച്ചുകണ്ടുള്ള നടപടിയാണ് ഉണ്ടാകേണ്ടത്. അനധികൃതമായി ഭൂമി കൈവശം വെച്ച് വന്‍കിട കെട്ടിടങ്ങള്‍ നിര്‍മിച്ച വ്യക്തികളുടെയും താമസിക്കാന്‍ വീടുവെച്ച പാവപ്പെട്ടവരെയും ഒരേനിലയില്‍ കാണരുത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് സ്വാഗതാര്‍ഹമാണ്.

മൂന്നാറില്‍ കെട്ടിടനിര്‍മാണത്തിന് അനുമതി നല്‍കാനായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള സംവിധാനമുണ്ടാക്കണമെന്നും ഇതിനായി നിയമനിര്‍മാണം നടത്തണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സിപിഐഎം ഇടുക്കി ജില്ലാ കമ്മിറ്റി കുടിയേറ്റക്കാരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും ഇതിനെ തെറ്റായി പ്രചരിപ്പിക്കാന്‍ നടത്തുന്ന ശ്രമം ജനങ്ങള്‍ തള്ളിക്കളയുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News