അർജന്റീനയെ പിന്തള്ളി ഫിഫ റാങ്കിംഗിൽ ബ്രസീൽ ഒന്നാം സ്ഥാനത്ത്; മഞ്ഞപ്പടയുടെ നേട്ടം ആറു വർഷങ്ങൾക്കു ശേഷം

സൂറിച്ച്: അർജന്റീനയെ പിന്തള്ളി ഇടവേളയ്ക്കു ശേഷം ബ്രസീൽ ഫിഫ ലോക ഫുട്‌ബോൾ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തു തിരിച്ചെത്തി. ആറുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ബ്രസീൽ ലോക ഒന്നാം സ്ഥാനത്ത് തിരിച്ചെത്തുന്നത്. ഏപ്രിൽ ആറിനു പുതിയ ഫിഫ റാങ്കിംഗ് പ്രഖ്യാപിക്കുമ്പോൾ ഒന്നാം സ്ഥാനത്ത് ബ്രസീൽ ഉണ്ടാകും. കഴിഞ്ഞ ഒരു വർഷമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അർജന്റീന രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോക ചാംപ്യൻമാരായ ജർമനിയാണ് മൂന്നാമത്. ചിലെയും കൊളംബിയയും യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളിലുണ്ട്.

റഷ്യൻ ലോകകപ്പിനു യോഗ്യത നേടിക്കൊണ്ടുള്ള തകർപ്പൻ പ്രകടനമാണ് ബ്രസീലിനു ഒന്നാം സ്ഥാനം നേടിക്കൊടുത്തത്. ഉറുഗ്വായെയും പരഗ്വായെയും തോൽപിച്ചത് ബ്രസീലിനു അനായാസം ലോകകപ്പിലേക്കു യോഗ്യത നേടിക്കൊടുത്തു. ഒപ്പം ആറുവർഷത്തിനു ശേഷം ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനവും. പരിശീലകനായി ടിറ്റെ ചുമതലയേറ്റ ശേഷം ഒമ്പതു മത്സരങ്ങൾ തുടർച്ചയായി ബ്രസീൽ വിജയിച്ചു. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ 14 മത്സരങ്ങളിൽ നിന്ന് 10 വിജയവും ഒരു സമനിലയും മൂന്നു തോൽവികളുമാണ് ബ്രസീലിന്റെ സമ്പാദ്യം.

പുതിയ പരിശീലകനു കീഴിൽ തുടർച്ചയായി ജയിച്ച ഒമ്പതു കളികളിൽ നിന്നു 25 ഗോൾ അടിച്ചു കൂട്ടിയപ്പോൾ ആകെ രണ്ടു ഗോൾ മാത്രമാണ് വഴങ്ങിയത്. ഇതോടെ റഷ്യൻ ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമായും ബ്രസീൽ മാറി. കഴിഞ്ഞ ദിവസം ബൊളീവയയോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോറ്റ അർജന്റീനയുടെ ലോകകപ്പ് യോഗ്യത തുലാസിലാണ്.

14 മത്സരങ്ങളിൽ നിന്ന് ആറ് ജയവും നാല് തോൽവിയും നാല് സമനിലയുമാണ് അർജന്റീനയുടെ സമ്പാദ്യം. 22 പോയിന്റുമായി ലാറ്റിൻ അമേരിക്കൻ യോഗ്യത പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് അർജന്റീന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News