എസ്ബിടി വിസ്മൃതിയിലേക്കു മറഞ്ഞു; ഇനി എസ്ബിഐ മാത്രം; ഇടപാടുകാരെ ബാധിക്കുന്ന മാറ്റങ്ങളൊന്നുമില്ലെന്നു എസ്ബിഐ

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ബാങ്ക് എന്ന പെരുമയുമായി മലയാളികളുടെ ബാങ്കിംഗ് സങ്കൽപങ്ങൾ യാഥാർത്ഥ്യമാക്കിയ എസ്ബിടി വിസ്മൃതിയിലേക്കു മറഞ്ഞു. ഇനിമുതൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ നാമം ഉണ്ടാവില്ല. എസ്ബിടി-എസ്ബിഐ ലയനം പൂർണമായതോടെ എസ്ബിടിയുടെ സ്ഥാനത്ത് ഇനി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നായിരിക്കും. ലയനത്തിനു മുന്നോടിയായി പേരുകൾ മാറ്റിത്തുടങ്ങി. ശാഖകളുടെയും എടിഎമ്മുകളുടെയും പേരുകൾ മാറ്റിത്തുടങ്ങിയിട്ടുണ്ട്.

രേഖകളിലെല്ലാം എസ്ബിടി എന്നത് എസ്ബിഐ എന്നു മാറുന്നതല്ലാതെ ഇടപാടുകാരെ ബാധിക്കുന്ന മാറ്റങ്ങളൊന്നും ഇപ്പോഴില്ലെന്ന് എസ്ബിഐ അധികൃതർ പറയുന്നു. എസ്ബിടിയുടെ ചെക്ക്ബുക്കും എടിഎം കാർഡുകളും ഉപയോഗിക്കുന്നവർക്കു മൂന്നു മാസത്തേക്കു കൂടി തുടർന്നും അതുപയോഗിക്കാം. ഈ കാലയളവിനുള്ളിൽ എസ്ബിഐയുടെ പുതിയ ചെക്ക്ബുക്കും പാസ്ബുക്കും വിതരണം ചെയ്യും.

ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിച്ചിരുന്ന എസ്ബിടി ഇടപാടുകാർ ഏപ്രിൽ ഒന്നു മുതൽ www.onlinesbi.com
എന്ന സൈറ്റിലേക്കാണ് ലോഗിൻ ചെയ്യേണ്ടത്. നിലവിലെ എടിഎം കാർഡുകൾ തുടർന്നും ഉപയോഗിക്കാം. ലയനത്തോടെ എസ്ബിടിയുടെ 36,123 കോടി രൂപ മൂലധനവും 338 കോടിരൂപ അറ്റാദായവും എസ്ബിഐക്ക് സ്വന്തമാകും. കേരളത്തിൽ ആസ്ഥാനമുള്ള ഏക പൊതുമേഖലാ വാണിജ്യ ബാങ്കിനെ എസ്ബിഐ വിഴുങ്ങുമ്പോൾ സംസ്ഥാന സർക്കാരിന് ഓഹരിയുള്ള സ്വാധീനമുള്ള സ്വതന്ത്രമായ അസ്തിത്വമുള്ള ബാങ്കാണ് ഓർമ്മയാകുന്നത്.

72 വർഷത്തെ ചരിത്രവും വികസന പ്രക്രിയയുടെ ഭാഗമായ ബാങ്കിംഗ് സംസ്‌കാരവുമാണ് എസ്ബിടി-എസ്ബിഐ ലയനത്തോടെ മറയുന്നത്. ലയനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് എസ്ബിടിയുടെ ഹെഡ് ഓഫീസ് മന്ദിരം എസ്ബിഐയുടെ ലോക്കൽ ഹെഡ് ഓഫീസായി മാറ്റിയിരുന്നു. നിലവിൽ എസ്ബിടിയുടെ ബ്രാഞ്ചുകളൊന്നും നിർത്തലാക്കില്ല. എന്നാൽ ആശയക്കുഴപ്പം ഒഴിവാക്കുന്നതിനായി എസ്ബിഐക്ക് സമീപമുള്ള എസ്ബിടി ബ്രാഞ്ചുകളുടെ പേരിനൊപ്പം ടൗൺ ബ്രാഞ്ച് എന്നുകൂടി ചേർക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here