സംസ്ഥാനത്ത് ഇനി 179 ബിവറേജുകളും 29 കൺസ്യൂമർ ഫെഡ് ഔട്ട്‌ലെറ്റുകളും മാത്രം; താഴു വീഴുന്നത് 530-ൽ അധികം മദ്യശാലകൾക്ക്

തിരുവനന്തപുരം: സുപ്രീംകോടതി വിധി നടപ്പാകുന്നതോടെ സംസ്ഥാനത്ത് ഇനി 179 ബിവറേജസ് ഔട്ട്‌ലെറ്റുകളും കൺസ്യൂമർ ഫെഡിന്റെ 29 മദ്യഷോപ്പുകളും മാത്രമായിരിക്കും തുറന്നു പ്രവർത്തിക്കുക. ദേശീയ-സംസ്ഥാന പാതയോരത്തെ ബാറുകൾക്കും ബിയർ-വൈൻ പാർലറുകൾക്കു സുപ്രീംകോടതി വിധിയിലൂടെ താഴ് വീഴുന്നതോടെ ഇനി ശേഷിക്കുക ഇത്രയും മദ്യഷാപ്പുകൾ മാത്രം. വിധി നടപ്പാകുന്നതോടെ 530ൽ അധികം മദ്യശാലകൾക്കാണ് താഴ് വീഴുന്നത്.

ദേശീയ-സംസ്ഥാന പാതയോരത്തെ മദ്യവിൽപനശാലകൾ അടച്ചുപൂട്ടണമെന്ന ഡിസംബർ 15 ലെ സുപ്രീംകോടതി വിധി നടപ്പാകാനൊരുങ്ങുകയാണ്. ബിവറേജസ് കോർപ്പറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും നല്ലൊരു ശതമാനം മദ്യവിൽപ്പന ശാലകൾക്കാണ് താഴ് വീണിരിക്കുന്നത്. സംസ്ഥാനത്ത് എക്‌സൈസ് വർഷം മാർച്ച് 31 ന് അവസാനിച്ചതോടെ സുപ്രീംകോടതി വിധി നടപ്പാകുകയാണ്. സംസ്ഥാനത്ത് ഏപ്രിൽ ഒന്ന് ഡ്രൈ ഡേ ആണ്.

രണ്ടാം തീയതി ഞായറാഴ്ച ആകുമ്പോൾ ബെവ്‌കോയുടെ ആകെയുള്ള 270-ൽ 179 ഔട്ട് ലെറ്റുകൾ മാത്രമേ തുറന്ന് പ്രവർത്തിക്കാൻ ആവുകയുള്ളൂ. എന്നാൽ വിധി വന്നശേഷം ബെവ്‌കോയുടെ 35 ഔട്ട് ലെറ്റുകൾ മാത്രമാണ് അവർക്ക് ഇതുവരെയായി മാറ്റി സ്ഥാപിക്കാനായത്. ഇങ്ങനെ നോക്കുമ്പോൾ ബെവ്‌കോയുടെ 144 ഔട്ട് ലെറ്റുകൾക്ക് താഴ് വീഴും.

കൺസ്യൂമർ ഫെഡ് 29-ൽ 20 ഉം മാറ്റി സ്ഥാപിച്ചു. ബാക്കിയുള്ള 9 മദ്യവിൽപനശാലകൾ മാറ്റിയില്ലെങ്കിൽ പൂട്ടണം. സുപ്രീംകോടതി വിധി പാതയോരത്തെ ബാറുകൾക്കും ബിയർ-വൈൻ പാർലറുകൾക്കും ബാധകമായതോടെ 500 ബിയർ-വൈൻ പാർലറുകൾക്ക് തുറന്ന് പ്രവർത്തിക്കാനാവില്ല. 31 ഫൈവ് സ്റ്റാർ ബാറുകളിൽ 20 എണ്ണവും ഉത്തരവിലൂടെ അടച്ചിടണം. കള്ള് ഷാപ്പുകൾക്കും വിധി ബാധകമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here