
കൊല്ലം: കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട തടാകം വറ്റിവരളുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ തടാകത്തിന്റെ 27 ശതമാനമാണ് കരപ്രദേശമായി മാറിയതെന്ന് പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കടുത്ത വരൾച്ച കാരണം ശാസ്താംകോട്ട തടാകത്തിൽ നിന്നും കൊല്ലം ജില്ലയിലേക്കുള്ള കുടിവെള്ള പമ്പിംഗ് ഭാഗികമായി നിർത്തിവച്ചു.
ശാസ്താംകോട്ട, പടിഞ്ഞാറേ കല്ലട, മൈനാഗപ്പള്ളി പഞ്ചായത്തുകളിലായി 20 കിലോമീറ്റര് വ്യാപിച്ചുകിടന്നിരുന്ന തടാകം ഇന്ന് കൺവെട്ടത്ത് ഒതുങ്ങി. തിളയ്ക്കുന്ന വേനൽ കാരണം തടാകക്കര വീണ്ടുകീറി. ഒരു കാലത്ത് പടിക്കെട്ടിന്റെ മുകളറ്റം തട്ടി നിന്നിരുന്നു കായൽവെള്ളം. അതായത് തറനിരപ്പിൽ നിന്നും ഏകദേശം രണ്ടാൾപ്പൊക്കം വരെ. കൊടുംവേനലിനൊപ്പം മണലൂറ്റും ചെളിയെടുപ്പും കൂടിയായതോടെ കായൽ അതിവേഗം മെലിഞ്ഞു.
കഴിഞ്ഞ വർഷത്തെ ഗൂഗിൾ മാപ്പ് പ്രകാരം 2011-ൽ നിന്നും 2016-ൽ എത്തിയപ്പോൾ കായൽ 27 ശതമാനം കുറഞ്ഞു. ജലസേചന വകുപ്പിന്റെ കണക്ക് പ്രകാരം ദിവസനേ 3 കോടി ലിറ്റർ വെള്ളമാണ് ശാസ്താംകോട്ട തടാകത്തിൽ നിന്നും കൊല്ലം ജില്ലയിലെ വിവിധ സ്ഥലങ്ങളിലെത്തിയിരുന്നത്. ഇന്നതിന്റെ നേർപകുതിയായി കായൽ ചുരുങ്ങിയിരിക്കുന്നു. ചെറുമരങ്ങളും മറ്റും വച്ച് പിടിപ്പിച്ച് തടാകസംരക്ഷണത്തിനുള്ള ശ്രമങ്ങളും ഒരു ഭാഗത്ത് നടക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here