പോളണ്ടിൽ ഇന്ത്യൻ വിദ്യാർത്ഥിക്കു നേരെ ആക്രമണം; വിദ്യാർത്ഥിക്കു തലയ്ക്ക് പരുക്കേറ്റതായി സൂചന; ആക്രമണമുണ്ടായത് ബുധനാഴ്ച

വാഴ്‌സ്വാ: പോളണ്ടിൽ ഇന്ത്യൻ വിദ്യാർഥിക്കു നേരെ ആക്രമണം ഉണ്ടായതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സുരക്ഷാകാരണങ്ങളാൽ വിദ്യാർഥിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു വിടാനാവില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം ആക്രമണം സംബന്ധിച്ച വിശദമായ റിപ്പോർട്ട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പോളണ്ടിലെ ഇന്ത്യൻ അംബാസിഡർ അജയ് ബിസാരിയയിൽ നിന്ന് ആവശ്യപെട്ടിട്ടുണ്ട്. കൂടാതെ സർക്കാർ ഈ വിഷയത്തിൽ കാര്യക്ഷമമായ അന്വേഷണം നടത്തുമെന്നും വിദേശകാര്യമന്ത്രി ട്വീറ്റ് ചെയ്തു.

അമിത് അഗ്‌നിഹോത്രിയെന്നയാളുടെ ട്വീറ്റിലൂടെയാണ് വിദ്യാർത്ഥി ആക്രമിക്കപ്പെട്ട വിവരം പുറത്തറിഞ്ഞത്. വിദ്യാർത്ഥി മരിച്ചെന്നായിരുന്നു ആദ്യ വിവരം. എന്നാൽ, കൂടുതൽ അന്വേഷണത്തിൽ വിദ്യാർത്ഥി മരണത്തിൽ നിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ടെന്ന് പോളണ്ടിലെ ഇന്ത്യൻ അംബാസിഡർ അജയ് ബിസാരിയ സുഷമ സ്വരാജിനെ അറിയിച്ചു. തുടർന്ന് വിഷയത്തെപ്പറ്റി വിശദമായി അന്വേഷിക്കാൻ മന്ത്രി നിർദേശിച്ചു.

വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തുന്നതായി സുഷമ പിന്നീട് ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു വിദ്യാർത്ഥിക്കു മർദ്ദനമേറ്റത്. ട്രാമിൽ സഞ്ചരിക്കുമ്പോഴാണ് അജ്ഞാതനായൊരാൾ ക്രൂരമായ ആക്രമണം അഴിച്ചുവിട്ടത്. ഒടുവിൽ ഒരു സുഹൃത്തിനെ വിവിരം അറിയിച്ചതനുസരിച്ച് അദ്ദേഹം പ്രദേശവാസികളുടെ സഹായത്തോടെയാണ് അവശനിലയിലായ യുവാവിനെ ആശുപത്രിയിലെത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here