ജേക്കബ് തോമസിന്റെ സ്ഥാനചലനം: പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും കൊമ്പ് കോര്‍ക്കുന്നു

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ മാറ്റിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, കെപിസിസി അധ്യക്ഷന്‍ എം.എം.ഹസനും കൊമ്പ് കോര്‍ക്കുന്നു. ജേക്കബ് തോമസിന്റെ മാറ്റം ദുരൂഹമാണെന്നും കാരണങ്ങള്‍ വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ചെന്നിത്തല ശക്തമായി രാവിലെ രംഗത്ത് വന്നിരുന്നു.

അഴിമതി വിരുദ്ധത അതിന്റെ പ്രതീകമായാണു ജേക്കബ് തോമസിനെ മുഖ്യമന്ത്രി അവതരിപ്പിച്ചത്. രണ്ടാഴ്ച മുന്‍പുവരെ വിജിലന്‍സ് ഡയറക്ടറെ മാറ്റില്ലെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. എന്നിട്ടും എന്തുകൊണ്ട് ഇപ്പോള്‍ വിജിലന്‍സ് ഡയറക്ടറെ മാറ്റി. മുഖ്യമന്ത്രി അത് വ്യക്തമാക്കണം. ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചെന്നിത്തലയുടെ വാദങ്ങള്‍ അമ്പേ തള്ളിക്കളഞ്ഞു എം.എം.ഹസന്‍ രംഗത്ത് വന്നു.

‘ജേക്കബ് തോമസ് മാലാഖയോ വിശുദ്ധനോ അല്ല. ജേക്കബ് തോമസ് അഴിമതി ആരോപണം നേരിടുന്ന ഉദ്യോഗസ്ഥനാണ്.’ ഹസന്‍ ചൂണ്ടിക്കാട്ടി. ‘അഴിമതി ആരോപണം നേരിടുമ്പോള്‍ അഴിമതി അന്വേഷിക്കുന്ന സംവിധാനത്തിന്റെ തലപ്പത്ത് ഇരിക്കാനാവില്ല. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ നടപടിയെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നു.’ ഹസന്‍ വ്യക്തമാക്കി. ജേക്കബ് തോമസ് പ്രശ്‌നത്തില്‍ ഹസന്റെ പ്രതികരണം വന്നതോടെ കോണ്‍ഗ്രസ്സിലെ എ ഗ്രൂപ്പും ഐ ഗ്രൂപ്പും വീണ്ടും വിരുദ്ധ നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ്.

പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ നടപടിയെ ചോദ്യം ചെയ്തപ്പോള്‍ കെപിസിസി അധ്യക്ഷന്‍ മുഖ്യമന്ത്രിയുടെ നടപടിയെ സ്വാഗതം ചെയ്യുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here