ഹിമാലയം തുരന്നുള്ള സാഹസികയാത്ര ഇന്ന് മുതല്‍; തുരങ്കപാത മോദി രാജ്യത്തിനു സമര്‍പിക്കും

ഹിമാലയം തുരന്ന് ഹിമാലയ സാനുക്കൾക്കുള്ളിലൂടെ മഞ്ഞിന്റെ കുളിർമ അനുഭവിച്ചൊരു യാത്ര. ഏതു നിമിഷവും മഞ്ഞുവീഴ്ചയോ മലയിലിടിച്ചിലോ ഉണ്ടായേക്കാമെന്ന ഉൾക്കിടിലത്തോടെ ഒരു നേരിയ ഭയം അകമ്പടി സേവിക്കുന്ന യാത്ര ഒഴിവാക്കാം. അങ്ങനൊരു യാത്ര പോകാൻ ആഗ്രഹിക്കാത്തവരായി ആരുണ്ട്. എന്നാൽ, ഇതാ അതിനൊരു അവസരം. ഹിമാലയം തുരന്ന് നിർമ്മിച്ച രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ തുരങ്കപാത ഇന്ന് രാജ്യത്തിന് സമർപ്പിക്കുന്നു.

Himalayam-3

സമുദ്ര നിരപ്പിൽ നിന്ന് 1,200 മീറ്റർ ഉയരത്തിലാണ് ഈ തുരങ്കപാത സ്ഥിതി ചെയ്യുന്നത്. കുദ്, പറ്റ്‌നിടോപ് എന്നിവിടങ്ങൾ വഴിയുള്ള മഞ്ഞുവീഴ്ചയും മലയിടിച്ചിലുമുള്ള ദുർഘടമേറിയ പാതയിലൂടെയുള്ള യാത്രയാണ് ഈ തുരങ്ക പാത യാഥാർത്ഥ്യമാകുന്നതിലൂടെ ഒഴിവാകുന്നത്. ഈ തുരങ്കം വഴി സഞ്ചരിക്കുന്നതിലൂടെ 30 കിലോ മീറ്ററാണ് ലാഭിക്കാനാവുക. യാത്രാ സമയത്തിൽ രണ്ടു മണിക്കൂർ കുറവുണ്ടാകും.ഹിമാലയം തുരന്ന് നിർമിച്ച പാതയെ കുറിച്ചുള്ള പ്രധാനപ്പെട്ട വസ്തുതകൾ ഇങ്ങനെ.

തുരങ്കപാതയുടെ നീളം

9.2 കിലോ മീറ്റർ ദൈർഘ്യമുള്ള പാത ഉധംപൂർ ജില്ലയിലെ ചെനാനിയിൽ ആരംഭിച്ച് റംബാൻ ജില്ലയിലെ നഷ്‌റിയിൽ അവസാനിക്കും. 5 വർഷത്തെ പരിശ്രമത്തിലൂടെയാണ് ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്കുള്ള ദേശീയപാത 44 ൽ 3,720 കോടി രൂപ ചെലവിലാണ് ഈ തുരങ്കം നിർമ്മിച്ചിട്ടുള്ളത്. ഓസ്‌ട്രേലിയൻ ടണൽ മെത്തേഡ് സാങ്കേതികത ഉപയോഗിച്ച് ഇൻഫ്രാസ്ട്രക്ചർ ലീസിംഗ് ആൻഡ് ഫിനാൻഷ്യൽ സർവീസ് ആണ് പാത നിർമിച്ചത്.

രണ്ടു തുരങ്കങ്ങൾ ഒരു ഹൈവേ പാത

Himalayam-2

രണ്ടു തുരങ്കങ്ങൾ ചേർന്നതാണ് ഈ ഹൈവേ തുരങ്ക പാത. പ്രധാന പാതയ്ക്ക് 13 മീറ്റർ വ്യാസമുണ്ട്. സമാന്തരമായി നിർമിച്ച രണ്ടാം പാതയ്ക്ക് ആറു മീറ്റർ വ്യാസമാണ്. ഈ രണ്ടു പാതകളും ബന്ധിപ്പിക്കാൻ നിരവധി ചെറിയ പാതകളുമുണ്ട്. പ്രധാന പാതയിൽ എന്തെങ്കിലും ട്രാഫിക് തടസ്സം നേരിട്ടാൽ രണ്ടാം പാത ഉപയോഗപ്പെടുത്താം. അടിയന്തര ഘട്ടങ്ങളിലും രണ്ടാം പാത ഉപയോഗിക്കാം.പാത വന്നതോടെ ജമ്മു കാശ്മീരും ശ്രീനഗറും തമ്മിലുള്ള ദുരം 30.11 കിമി കുറഞ്ഞു. ഇതിലൂടെ ദിവസേന 27 ലക്ഷത്തിന്റെ ഇന്ധനമാണ് ലാഭിക്കാനാവുക.ഇതോടെ ജമ്മു കാശ്മീരിനും ശ്രീ നഗറിനും ഇടയിലുള്ള യാത്രാ ദൂരം രണ്ടര മണിക്കൂറായി കുറഞ്ഞു.50 കിമി ആണ് പാതയിലെ സ്പീഡ് ലിമിറ്റ്.

ടെക്‌നോളജി

Himalayam-1

ഒട്ടേറെ സവിശേഷതകളോടെയാണ് ഈ തുരങ്കം നിർമ്മിച്ചിട്ടുള്ളത്. തുരങ്കത്തിനുള്ളിലെ പ്രവർത്തനങ്ങൾ മുഴുവൻ പുറത്ത് നിന്ന് നിയന്ത്രിക്കാവുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ഇന്റഗ്രേറ്റഡ് ടണൽ കൻട്രോൾ സിസ്റ്റമാണ് നടപ്പിലാക്കിയിരിക്കുന്നത്. തുരങ്കത്തിനുള്ളിൽ ഓരോ 8 മീറ്ററിനുമിടയിൽ ശുദ്ധവായു കടക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം വെന്റിലേഷൻ സംവിധാനമുള്ള രാജ്യത്തെ ആദ്യത്തെയും, ലോകത്തെ ആറാമത്തെയും തുരങ്കമാണിത്. ഏതുസമയവും ആശയവിനിമയം നിയന്ത്രിക്കുന്ന സംയോജിത സംവിധാനം ശ്രദ്ധേയമാണ്. അടിയന്തര ഘട്ടങ്ങളിൽ വാഹനങ്ങളിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ച് പുറത്തെത്തിക്കാനുള്ള സംവിധാനവുമുണ്ട്.വായുസഞ്ചാരത്തിന് പ്രത്യേകം വഴികൾ, നിരീക്ഷണ ക്യാമറകൾ,അപകടം സംഭവിച്ചാൽ വിളിച്ചു അറിയിക്കാനുള്ള സംവിധാനം, സ്വയം പ്രവർത്തിക്കുന്ന അഗ്‌നിശമന സിസ്റ്റങ്ങൾ, എഫ്എം സിഗ്‌നൽ റിപ്പീറ്റർ തുടങ്ങി സേവനങ്ങൾ ഒരുക്കിയിട്ടുണ്ട്.

നിരീക്ഷണത്തിനായി 124 ക്യാമറകൾ

തുരങ്കത്തിനുള്ളിൽ നിരീക്ഷണത്തിനായി 124 ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.വാഹനങ്ങൾക്ക് വേഗ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മണിക്കൂറിൽ 50 കിലോമീറ്ററാണ് പരിധി. കൂടാതെ ലോ ബീമിൽ ഹെഡ്‌ലൈറ്റ് പ്രകാശിപ്പിക്കുകയും വേണം. അകത്തെ ചൂട് നിരീക്ഷിക്കാനും ക്രമീകരിക്കാനും സംവിധാനമുണ്ട്. യാത്രക്കാരെ സഹായിക്കാൻ ഓരോ 150 മീറ്ററിലും ഫോൺ സംവിധാനം, മൊബൈൽ റെയ്ഞ്ച് ലഭിക്കാനും സജ്ജീകരണങ്ങളുണ്ട്.

സാമ്പത്തിക നേട്ടം

ജമ്മു കാശ്മീരിലെ 2000ൽ അധികം ചെറുപ്പക്കാർക്ക് ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതിലൂടെ തൊഴിൽ ലഭിക്കും.കാർ യാത്രികർക്ക് ഇരുവശത്തേയ്ക്കുമുള്ള യാത്രയ്ക്ക് 55 രൂപ, മിനി ബസിന് 90 രൂപ, ബസ്ട്രക്ക് തുടങ്ങിയവയ്ക്ക് 190 രൂപ എന്നിങ്ങനെയാണ് നിരക്ക്. അഞ്ച് മീറ്ററിൽ താഴെ ഉയരമുള്ള വാഹനങ്ങൾക്കു മാത്രമേ പാതയിൽ പ്രവേശനമുള്ളൂ.. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ജമ്മുകശ്മീരിലെ കാർഷിക ഉത്പന്നങ്ങളുടെ ചരക്ക് നീക്കം സുഗമമായി നടത്താൻ ഇരു തുരങ്കങ്ങളിലൂടെയും സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News