ശശീന്ദ്രനെതിരെ മംഗളം ഗൂഢാലോചന നടത്തിയെന്ന് എഫ്‌ഐആര്‍: മാനഹാനി വരുത്തണമെന്നും ഉദ്ദേശം; ചെയര്‍മാന്‍ സാജന്‍ വര്‍ഗീസ് ഒന്നാം പ്രതി, സിഇഒ അജിത്കുമാര്‍ രണ്ടാം പ്രതി

തിരുവനന്തപുരം: എകെ ശശീന്ദ്രനെതിരായ ഫോണ്‍ കെണിയില്‍ മംഗളം ക്രിമിനല്‍ ഗൂഢാലോചന നടത്തിയതെന്ന് പൊലീസ്. എകെ ശശീന്ദ്രന് മാനഹാനി വരുത്തണമെന്ന ഉദ്ദേശവും ചാനലിന് ഉണ്ടായിരുന്നുവെന്നും പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ എഫ്‌ഐആറില്‍ പറയുന്നു. മംഗളം ചെയര്‍മാന്‍ സാജന്‍ വര്‍ഗീസിനെ ഒന്നാം പ്രതിയാക്കി തയ്യാറാക്കിയ എഫ്‌ഐആറിന്റെ പകര്‍പ്പ് പീപ്പിള്‍ ടി.വിക്ക് ലഭിച്ചു.

എകെ ശശീന്ദ്രനെതിരായ ഫോണ്‍ കെണിക്കു പിന്നില്‍ കുറ്റകരമായ ഗൂഢാലോചനയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ട്. മംഗളം ചാനലിന്റെ മാര്‍ക്കറ്റിംഗിന്റെ ഭാഗമായി ഒന്‍പത് പ്രതികള്‍ ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയെന്ന് എഫ്‌ഐആറില്‍ പറയുന്നു.

എകെ ശശീന്ദ്രനെ മാനഹാനി വരുത്തണമെന്ന ഉദ്ദേശവും ഉണ്ടായിരുന്നു. അതിനായി ലൈംഗിക ചുവയുള്ള അശ്ലീല സംഭാഷണം സംപ്രേഷണം ചെയ്തു. മംഗളം ടെലിവിഷന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയും സംഭാഷണം പ്രചരിപ്പിച്ചു. മംഗളം ചെയര്‍മാന്‍ സാജന്‍ വര്‍ഗീസിനെ ഒന്നാം പ്രതിയാക്കി തയ്യാറാക്കിയിരിക്കുന്ന എഫ്‌ഐആറില്‍ സിഇഒ ആര്‍ അജിത്കുമാര്‍ രണ്ടാം പ്രതിയാണ്. മന്ത്രിയെ ഫോണ്‍ ചെയ്ത പെണ്‍കുട്ടിയും പ്രതിപ്പട്ടികയിലുണ്ട്. മുഴുവന്‍ പ്രതികള്‍ക്കും അടുത്ത രണ്ട് ദിവസങ്ങളില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News