കെഎസ്ആര്‍ടിസി പുനരുദ്ധാരണം: മുഖ്യമന്ത്രി പിണറായി വിജയന്‍ തൊഴിലാളി സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണത്തിനായുള്ള നടപടികള്‍ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തൊഴിലാളി സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. സുശീല്‍ഖന്ന കമ്മീഷന്റെ നിര്‍ദ്ദേശങ്ങളാണ് പ്രധാനമായും ചര്‍ച്ചയായത്. കെഎസ്ആര്‍ടിസിയെ മൂന്ന് മേഖലകളായി തിരിക്കുക, ഡ്യൂട്ടി പാറ്റേണ്‍ പരിഷ്‌കരിക്കുക തുടങ്ങിയ കമ്മീഷന്‍ നിര്‍ദ്ദേശങ്ങളില്‍ സംഘടനകള്‍ നിലപാട് വ്യക്തമാക്കി.

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കെഎസ്ആര്‍ടിസിയെ കരകയറ്റാനുള്ള പരിഷ്‌കരണ നടപടികള്‍ സംബന്ധിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകൃത തൊഴിലാളി സംഘടന പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ച് നടന്ന കൂടിക്കാഴ്ചയില്‍ സുശീല്‍ഖന്ന കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളാണ് പ്രധാനമായും ചര്‍ച്ചയായത്.

കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി കെഎസ്ആര്‍ടിസിയെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്നു മേഖലകളായി തിരിക്കുക, മൂന്നു മേഖലകളുടേയും പ്രവര്‍ത്തനം ഹെഡ് ഓഫീസില്‍ നിന്ന് ഏകോപിപ്പിക്കുക, ബസ് അടിസ്ഥാനമാക്കിയുള്ള ജീവനക്കാരുടെ എണ്ണം കുറക്കുക, ഡബിള്‍ ഡ്യൂട്ടി കുറയ്ക്കുന്നതിന് ഡ്യൂട്ടി പാറ്റേണ്‍ പരിഷ്‌കരിക്കുക തുടങ്ങിയ കമ്മീഷന്‍ നിര്‍ദ്ദേശങ്ങളില്‍ മുഖ്യമന്ത്രി സംഘടനകളുടെ അഭിപ്രായമാരാഞ്ഞു. കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ സംഘടനകള്‍ നിലപാട് വ്യക്തമാക്കി.

തൊഴിലാളികളില്‍ അമിതഭാരമേല്‍പ്പിക്കുന്ന പരിഷ്‌കരണങ്ങളുണ്ടാവരുതെന്ന് ഐഎന്‍ടിയുസി നേതാവ് ആര്‍.ശശിധരന്‍ പറഞ്ഞു. കമ്മീഷന്‍ ശുപാര്‍ശകളെക്കുറിച്ച് തൊഴിലാളി സംഘടകളില്‍നിന്ന് ഇനിയും ക്രിയാത്മകമായ നിര്‍ദ്ദശങ്ങള്‍ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here