താക്കോല്‍ ദ്വാര ജേര്‍ണലിസം അനുവദിക്കാന്‍ പാടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍; ഹണിട്രാപ്പിനെതിരെ വനിതാ മാധ്യമപ്രവര്‍ത്തകര്‍തന്നെ രംഗത്തുവന്നത് സ്വാഗതാര്‍ഹം

കൊല്ലം: അഴിമതിക്കാരെയും ദുര്‍നടപ്പുകാരെയും മാധ്യമങ്ങള്‍ക്ക് തുറന്നുകാട്ടാമെങ്കിലും താക്കോല്‍ ദ്വാര ജേര്‍ണലിസം അനുവദിക്കാന്‍ പാടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത്തരം മാധ്യമപ്രവര്‍ത്തനം നല്ലതല്ല. ഹണിട്രാപ്പ് പോലുള്ള രീതികള്‍ക്കെതിരെ വനിതാ മാധ്യമപ്രവര്‍ത്തകര്‍തന്നെ രംഗത്തുവന്നത് സ്വാഗതാര്‍ഹമാണ്. ജനപക്ഷ താല്‍പര്യത്തിന് പകരം കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന രീതിയിലേക്ക് മാധ്യമങ്ങള്‍ മാറുന്നെന്നും കോടിയേരി പറഞ്ഞു. ദേശാഭിമാനി കൊല്ലം പ്രസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ദൃശ്യമാധ്യമങ്ങള്‍ക്ക് ജനങ്ങളുടെ മേലുള്ള സ്വാധീനം മനസിലാക്കി ഈ രംഗം കോര്‍പറേറ്റുകള്‍ വിഴുങ്ങിക്കഴിഞ്ഞു. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കെതിരെ ദൃശ്യമാധ്യമങ്ങളേയും സോഷ്യല്‍ മീഡിയയേയും ഉപയോഗിച്ച് വലിയ പ്രചാരണമാണ് നടക്കുന്നത്. പിണറായി സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ ആര്‍എസ്എസ് ദേശീയതലത്തില്‍ തന്നെ ശ്രമിക്കുന്നു. ജനങ്ങളെ സര്‍ക്കാറിന് എതിരാക്കാനാണ് നീക്കം. അതിന് കേന്ദ്ര സര്‍ക്കാറിന്റെ പിന്തുണയുണ്ട്. സംസ്ഥാനത്തെ റേഷന്‍ സംവിധാനം തകര്‍ക്കുന്ന വിധത്തിലെ കേന്ദ്ര നിലപാടുകള്‍ ഇതിന്റെ ഭാഗമാണെന്നും കോടിയേരി പറഞ്ഞു.

ദേശാഭിമാനി ചീഫ് എഡിറ്റര്‍ എം.വി ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ, സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, കേന്ദ്ര കമ്മിറ്റിയംഗം പി.കെ ഗുരുദാസന്‍, പി.സോമപ്രസാദ് എം.പി., എം.എല്‍.എമാരായ എം.നൗഷാദ്, എം.മുകേഷ്, മേയര്‍ വി.രാജേന്ദ്രബാബു, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ശിവശങ്കരപിള്ള, സിപിഐഎം ജില്ലാ സെക്രട്ടറി കെ.എന്‍ ബാലഗോപാല്‍, സിപിഐ ജില്ലാ സെക്രട്ടറി എന്‍.അനിരുദ്ധന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel