എസ്ബിടിയുടെ പാരമ്പര്യവും സംസ്‌കൃതിയും എസ്ബിഐ തുടരണം | രാധിക സി. നായര്‍

എസ്ബിടി ഒരു സംസ്‌കാരവും പൈതൃകവുമായിരുന്നു. എസ്ബിടി. പുരസ്‌കാരങ്ങള്‍ വിലപ്പെട്ടതായിരുന്നു. എസ്ബിടിയുടെ പാരമ്പര്യവും സംസ്‌കൃതിയും എസ്ബിഐ തുടരണം. എഴുത്തുകാരി രാധിക സി. നായര്‍ എസ്ബിടിക്ക് എഴുതിയ വിട നല്‍കല്‍ക്കുറിപ്പ്.

എസ്ബിടി എനിക്ക്, എനിക്കെന്നല്ല എന്നെപ്പോലുള്ള അനേകായിരം പേര്‍ക്ക് വെറും മൂന്ന് ഇംഗ്ലീഷ് അക്ഷരമല്ല. അതൊരു സംസ്‌കാരവും ഞങ്ങളുടെ ജീവിതത്തിന്റെയും ഓര്‍മയുടെയും പൈതൃകത്തിന്റെയും ഒരു ഭാഗവും കൂടിയായിരുന്നു. കൊച്ചു ക്ലാസ് മുതല്‍ കേട്ട് തുടങ്ങിയ ത്രക്ഷ്യരി. മുതിര്‍ന്നപ്പോള്‍ എസ്ബിടി എനിക്ക് കരുതലിന്റെ ബാലപാഠങ്ങള്‍ പറഞ്ഞു തന്നു. പലതുള്ളി പെരുവെള്ളമാകുന്നത് പോലെ കിട്ടുന്ന ഓരോ പൈസയും സൂക്ഷിച്ചു വച്ച് ഭാവി സുരക്ഷിതമാക്കാനുള്ള മാന്ത്രികവിദ്യ.

കൗമാരകാലത്ത് എസ്ബിടി എന്റെ അസൂയയുടെയും കുശുമ്പിന്റെയും മന്ദിരരൂപമായിരുന്നു. അവിടെ ജോലിക്കു പോകുന്നവര്‍ക്കെല്ലാം വേണ്ടതു ഭംഗിയും കുലീനതയും പ്രൗഡിയുമാണെന്നു ഞാന്‍ വെറുതെ സങ്കടപ്പെട്ടു. കണക്കില്‍ മോശമായ എനിക്കൊരിക്കലും ഒരു ബാങ്കുദ്യോഗസ്ഥ ആകാന്‍ കഴിയില്ല എന്നതുകൊണ്ടുകൂടിയായിരുന്നു എന്റെ സങ്കടം.

ആകാശവാണിയിലും ദൂരദര്‍ശനിലുമൊക്കെ കോളേജ് പഠനകാലത്ത് എന്തെങ്കിലുമൊക്കെ പ്രോഗ്രാം ചെയ്തു കിട്ടുന്ന ചെക്കോ കാശോ എസ്ബിടിയിലായിരുന്നു കൊണ്ട് നിക്ഷേപിച്ചിരുന്നത്. പരിപാടിയില്ലാത്ത പഞ്ഞമാസങ്ങളില്‍ അതായിരുന്നു ശരണം.

ഇപ്പോള്‍ എത്ര സൗഹൃദങ്ങളാണ് അവിടെയുള്ളത്. നന്ദേട്ടന്‍, വിനയന്‍, മധു തുടങ്ങിയവര്‍. സിജിഎം ആയി റിട്ടയര്‍ ചെയ്ത ഹരിച്ചേട്ടന്‍. പിന്നെ അമ്പലപ്പുഴ ശിവകുമാര്‍. എസ്ബിടി ഇന്‍ഹൗസ് മത്സരങ്ങളില്‍ എത്രയെങ്കിലും തവണ ശിവകുമാര്‍ എന്നെ വിധികര്‍ത്താവാക്കി. ഒരു തവണ എസ്ബിടി ബാലസാഹിത്യ പുരസ്‌കാരത്തിന്റെ വിധികര്‍ത്താവുമായി. എന്റെ ഭര്‍ത്താവ് ഡോ. പികെ രാജശേഖരന് നിരൂപണത്തിനും എനിക്ക് ബാലസാഹിത്യത്തിനും ഉള്ള പുരസ്‌കാരങ്ങള്‍ തന്ന് ഞങ്ങളെയും കുടുംബാംഗമാക്കി. ആ തെങ്ങോലത്തണല്‍ ഞങ്ങളുടെ ജീവിതത്തിലെ വേനലുകള്‍ക്ക് മുകളില്‍ എന്നുമുണ്ടായിരുന്നു. എസ്ബിടി ഇനിയില്ല.

എല്ലാ ജീവനക്കാര്‍ക്കും സ്‌നേഹിതര്‍ക്കും ജ്യേഷ്ഠ, ഗുരുതുല്യര്‍ക്കും അവര്‍ ഇനി ജോലിചെയ്യാനൊരുങ്ങുന്ന എസ്ബിഐ ആ സ്‌നേഹത്തണല്‍ തുടര്‍ന്നും നല്‍കണേ എന്ന് പ്രാര്‍ത്ഥിക്കുന്നു.- രാധിക സി. നായര്‍ എഴുതുന്നു. എസ്ബിടിയുടെ മഹത്തായ പാരമ്പര്യവും സംസ്‌കൃതിയും കൈമുതലാക്കി പുത്തനുണര്‍വോടെ ജോലി ചെയ്യാന്‍ എല്ലാവര്‍ക്കും ആശംസയര്പ്പിച്ചുകൊണ്ടാണ് രാധിക കുറിപ്പ് അവസാനിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News