ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ ഇന്ത്യന്‍ യുവതിയുടെ വസ്ത്രമഴിച്ച് പരിശോധിക്കാന്‍ ശ്രമം; വംശീയാധിക്ഷേപമെന്ന് ആരോപണം

ബംഗളൂരു: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ ഇന്ത്യന്‍ വനിതയ്ക്ക് സുരക്ഷാ പരിശോധനയുടെ പേരില്‍ അപമാനം. പരിശോധനയുടെ ഭാഗമായി യുവതിയുടെ വസ്ത്രമഴിക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായാണ് ആരോപണം. ഈ മാസം 29നാണ് 30കാരിയായ ശ്രുതി ബാസപ്പ എന്ന യുവതിയ്ക്ക് അപമാനം നേരിടേണ്ടി വന്നത്.

ബംഗളൂരുവില്‍നിന്ന് ഐസ്‌ലന്‍ഡിലേക്ക് പോയപ്പോഴാണ് സംഭവം. സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് ചില ഉദ്യോഗസ്ഥര്‍ വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടതെന്ന് ശ്രുതി പറയുന്നു. ഏതു തരത്തിലുള്ള പരിശോധനയോടും സഹകരിക്കാമെന്നും, ദിവസങ്ങള്‍ക്കു മുന്‍പ് സര്‍ജറി കഴിഞ്ഞതിനാല്‍ വസ്ത്രമഴിച്ചുള്ള പരിശോധനയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നും ഉദ്യോഗസ്ഥരോട് യുവതി ആവശ്യപ്പെട്ടു. തെളിവായി സര്‍ജറിയുടെ രേഖകളും ഉദ്യോഗസ്ഥരെ കാണിച്ചു.

എന്നാല്‍ വസ്ത്രമഴിച്ചുള്ള പരിശോധന നടത്തണമെന്ന നിലപാടില്‍ തന്നെയായിരുന്നു ഉദ്യോഗസ്ഥര്‍. തുടര്‍ന്ന് ഭര്‍ത്താവായ ഐസ്‌ലന്‍ഡ് പൗരന്‍ പ്രശ്‌നത്തില്‍ ഇടപെട്ടതോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിലപാട് മാറ്റിയത്. നാലു വയസുകാരിയായ മകളും ശ്രുതിയുടെ കൂടെ ഉണ്ടായിരുന്നു. വംശീയ അധിക്ഷേപമാണ് തനിക്കു നേരെയുണ്ടായതെന്ന് യുവതി ആരോപിച്ചു. യൂറോപ്യന്‍ ഇണയോ തുണയോ ഇല്ലാതെ യാത്രചെയ്താലേ തവിട്ടുതൊലിക്കാര്‍ സംശയിക്കപ്പെടാതിരിക്കൂ എന്നുണ്ടോ എന്നും ശ്രുതി ചോദിക്കുന്നു.

സംഭവത്തെ കുറിച്ച് കേന്ദ്രമന്ത്രി സുഷമാ സ്വരാജ് ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. എന്നാല്‍, സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ വിമാനത്താവള അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.

ആഴ്ചകള്‍ക്കു മുന്‍പ് മറ്റൊരു ഇന്ത്യന്‍ വംശജയെയും ഇതേ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അപമാനിച്ചിരുന്നു. രണ്ടു കുട്ടികളുടെ മാതാവായ ഗായത്രി ബോസിനെയാണ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചത്. കുട്ടികളില്ലാതെ യാത്രയ്‌ക്കെത്തിയ ഗായത്രിയുടെ ബാഗില്‍ ബ്രെസ്റ്റ് പമ്പ് കണ്ടതിനെ തുടര്‍ന്ന് മുലയൂട്ടുന്ന അമ്മയാണെന്ന് തെളിയിക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News