ലോകം വിറങ്ങലിച്ച നിമിഷങ്ങള്‍; എഫ്ബിഐ 27 പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടു

2001 സെപ്റ്റംബര്‍ പതിനൊന്നിന് പെന്റഗണിലും വേള്‍ഡ് ട്രേഡ് സെന്ററിലും ഉണ്ടായ ഭീകരാക്രമണത്തിന്റെ പുതിയ ചിത്രങ്ങളാണ് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ പുറത്തുവിട്ടിരിക്കുന്നത്. ലോകത്തെ ഞെട്ടിച്ച ആ ഭീകരാക്രമണത്തിന്റെ ഇതുവരെ കാണാത്ത ഇരുപത്തേഴ് ചിത്രങ്ങളാണ് ഇത്.

എഫ്ബിഐയുടെ ഔദ്യോഗിക വൈബ്‌സൈറ്റ് വഴിയാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടത്. ചരിത്രപരമായ മൂല്യമുള്ളതും പൊതുജന താല്‍പര്യാര്‍ത്ഥമുളള വിഷയങ്ങളും കൈകാര്യം ചെയ്യുന്ന പേജിലാണ് പെന്റഗണ്‍ ആക്രമണത്തിന്റെ അപൂര്‍വ്വ ചിത്രങ്ങളുള്ളത്. ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെയുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് പ്രധാനമായും ചിത്രങ്ങളിലുള്ളത്. തീയണയ്ക്കാനുുള്ള രക്ഷാപ്രവര്‍ത്തകരുടെ ശ്രമങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളും ചിത്രങ്ങളില്‍ കാണാം.

തകര്‍ന്ന ചുമരുകളും തീയും ഉയരുന്ന പുകയും തീപിടിച്ചു നശിച്ച ഉപകരണങ്ങളുമൊക്കെ ചിത്രങ്ങളില്‍ കാണാം. കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന അമേരിക്കന്‍ പതാകയുടെ ചിത്രവും ഇക്കൂട്ടത്തിലുണ്ട്.

അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ റാഞ്ചിയെടുത്ത യാത്രാവിമാനങ്ങളുപയോഗിച്ചാണ് അല്‍ഖ്വയ്ദ ഭീകരര്‍ ആക്രമണം നടത്തിയത്. വിമാനങ്ങള്‍ അമേരിക്കയുടെ അഭിമാന സ്തംഭങ്ങള്‍ക്ക് നേരെ ഇടിച്ചിറക്കുകയായിരുന്നു. അല്‍ഖ്വയ്ദയിലെ പത്തൊന്‍പത് അംഗങ്ങളായിരുന്നു ഭീകരാക്രമണം നടത്താന്‍ നിയോഗിക്കപ്പെട്ടവര്‍. വിമാനങ്ങള്‍ ഇടിച്ച് ഇറക്കി നിമിഷങ്ങള്‍ക്കകംതന്നെ ഇരട്ടമന്ദിരങ്ങള്‍ നിലം പൊത്തി.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2985 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 265 വിമാന യാത്രക്കാര്‍, പെന്റഗണിലെ 125 പേര്‍, 343 അഗ്‌നിശമന സേനാംഗങ്ങള്‍, വേള്‍ഡ് ട്രേഡ് സെന്ററിലുണ്ടായിരുന്ന 2595 പേര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

ഭീകരാക്രമണത്തിന്റെ രൂക്ഷത വെളിപ്പെടുത്തുന്നതാണ് പുറത്തുവിട്ട ഇരുപത്തിയേഴ് ചിത്രങ്ങള്‍. ലോകചരിത്രത്തില്‍ ഈ ആക്രമണം 9/11 എന്നാണ് അറിയപ്പെടുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം അല്‍ഖ്വയ്ദ തലവന്‍ ഉസാമ ബിന്‍ ലാദന്‍ നിഷേധിച്ചിരുന്നു. എന്നാല്‍ 9/11ന് ശേഷം രാജ്യാന്തര തലത്തില്‍ ഭീകരവേട്ട അമേരിക്ക വ്യാപിപ്പിച്ചു. ഉസാമ ബിന്‍ ലാദനെ വധിച്ച് പകരവും വീട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News