ഇന്ന് ലോക ഓട്ടിസം ദിനം: ലോകം കണ്ട പ്രതിഭകളില്‍ പലരും ഓട്ടിസം ബാധിച്ചവരാണെന്ന് എത്രപേര്‍ക്കറിയാം?

1943ല്‍ ലിയോ കാനര്‍ എന്ന മനോരോഗ വിദഗ്ധനാണ് ‘ഓട്ടിസം’ എന്ന അസുഖത്തെപ്പറ്റി ആദ്യമായി വിശദീകരിച്ചത്. ഇന്‍ഫന്റൈല്‍ ഓട്ടിസം എന്നാണ് അദ്ദേഹം ഈ അസുഖത്തിന് പേരിട്ടത്. 1980ലാണ് ഇതിനെ വ്യക്തമായ ഒരു മാനസിക രോഗമായി അംഗീകരിച്ചത്. 12 വയസ്സിന് താഴെയുള്ള പതിനായിരം കുട്ടികളില്‍ രണ്ട് മുതല്‍ അഞ്ച് ശതമാനം പേര്‍ക്ക് ഓട്ടിസം ഉള്ളതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മൂന്ന് വയസ്സിന് മുമ്പേ കുട്ടികള്‍ അസുഖലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങും. പക്ഷേ, മൂര്‍ധന്യാവസ്ഥയില്‍ എത്തുമ്പോഴാണ് മാതാപിതാക്കള്‍ ഡോക്ടറെ സമീപിക്കുന്നത്. ആണ്‍കുട്ടികളിലാണ് ഓട്ടിസം കൂടുതലായി കാണപ്പെടുന്നത്. പെണ്‍കുട്ടികളെ അപേക്ഷിച്ച് അഞ്ചിരട്ടിയാണ് ആണ്‍കുട്ടികളില്‍ രോഗസാധ്യത. തനിച്ചിരിക്കാന്‍ ഇഷ്ടപ്പെടുന്ന ഇവര്‍ പലപ്പോഴും സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുന്ന ദയനീയമായ കാഴ്ചയാണ് കാണുന്നത്.

ലോകം കണ്ട അപൂര്‍വ്വ പ്രതിഭകള്‍ പലരും ഓട്ടിസം ബാധിച്ചവരാണെന്ന് എത്രപേര്‍ക്കറിയാം?

പാശ്ചാത്യ ശാസ്ത്രീയ സംഗീത ലോകത്തെ അത്ഭുത പ്രതിഭകളായിരുന്ന മൊസാര്‍ട്ടും ബിഥോവനും ഓട്ടിസം ബാധിച്ച വ്യക്തികളായിരുന്നു. എന്തിനേറേ ലോകം കണ്ട ഏറ്റവും വലിയ ബുദ്ധിമാന്‍മാരായിരുന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും ഐസക് ന്യൂട്ടണും ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ കാട്ടിയിരുന്നതായി തെളിവുകളുടെ അടിസ്ഥാനത്തില്‍ മനശാസ്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Albert-Einstein

ഓട്ടിസത്തെ ഒരു മാനസിക വൈകല്യത്തിനേക്കാള്‍ ഒരു മാനസിക അവസ്ഥയായാണ് മനശാസ്ത്രജ്ഞര്‍ കാണുന്നത്. ചെറിയ പ്രായത്തില്‍ത്തന്നെ കുട്ടികളുടെ പെരുമാറ്റ രീതികള്‍ വെച്ച് അവരില്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് കണ്ടെത്താം. ശൈശവ ഓട്ടിസം ഉള്ള കുട്ടികള്‍ നന്നേ ചെറുപ്പത്തില്‍ പലതരം ലക്ഷണങ്ങളും പ്രകടമാക്കുന്നു. മറ്റുള്ളവരാകട്ടെ 1518 മാസം വരെ യാതൊരു കുഴപ്പവുമില്ലാതെയിരിക്കുകയും അതിനുശേഷം വളര്‍ച്ച കുറഞ്ഞുവരികയും ചെയ്യുന്നു.

Beethoven

ഓട്ടിസ്റ്റിക് കുട്ടികള്‍ അച്ഛനമ്മമാരോടും വേണ്ടപ്പെട്ടവരോടും അടുപ്പമോ പരിചയത്തോടെയുള്ള ചിരിയോ എടുക്കാന്‍ വേണ്ടി കൈനീട്ടുന്ന സ്വഭാവമോ കാണിക്കാറില്ല. ചില കുട്ടികള്‍ തങ്ങളോട് ആരെങ്കിലും സംസാരിക്കുമ്പോള്‍ ബധിരരെപ്പോലെ അങ്ങോട്ട് ശ്രദ്ധിക്കുകയേയില്ല. ചിലര്‍ പരിചിതരോടും അപരിചിതരോടും ഒരുപോലെ അടുപ്പം പ്രകടിപ്പിക്കും. സാധാരണ കുട്ടികളെപ്പോലെ മാതാപിതാക്കളെ പിരിഞ്ഞാല്‍ പേടിയോ ഉത്കണ്ഠയോ ഓട്ടിസ്റ്റിക് കുട്ടികള്‍ കാണിക്കുകയില്ല. മറ്റുള്ളവരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കാനോ അതില്‍ സഹതപിക്കാനോ ഓട്ടിസ്റ്റിക് കുട്ടികള്‍ക്ക് കഴിയില്ല. സ്വതഃസിദ്ധമായ ഉള്‍വലിയല്‍ മൂലം, ആഗ്രഹമുണ്ടെങ്കില്‍പ്പോലും സുഹൃത്തുക്കളെ സമ്പാദിക്കാന്‍ ഇവര്‍ക്ക് കഴിയില്ല.

ഓട്ടിസ്റ്റിക് കുട്ടികള്‍ സംസാരിക്കാന്‍ തുടങ്ങുന്നതുതന്നെ വൈകിയായിരിക്കും. മിതമായേ ഇത്തരക്കാര്‍ സംസാരിക്കൂ. ഉച്ചാരണത്തില്‍ പല ശബ്ദങ്ങളും ഇവര്‍ വിട്ടുകളയും. വാക്കുകളുടെ അര്‍ഥം ഉള്‍ക്കൊള്ളാതെ ഒഴുക്കന്‍ മട്ടിലാണ് സംസാരിക്കുക. സംസാരത്തിന് വിചിത്രമായ ഒഴുക്കും ശബ്ദവും ഇവരുടെ പ്രത്യേകതകളാണ്. വാക്കുകളോ വാചകങ്ങളോ തന്നെ സംസാരിക്കുമ്പോള്‍ വിട്ടുപോകാം. ചില വാക്കുകള്‍ ഒരിക്കല്‍ പറഞ്ഞാല്‍ പിന്നീട് ആഴ്ചകളോ മാസങ്ങളോ ആ വാക്ക് ഉച്ചരിക്കുകയില്ല. ചില വാക്കുകള്‍ ആവശ്യമില്ലാത്ത സന്ദര്‍ഭങ്ങളില്‍ ആവര്‍ത്തിച്ച് പറയുന്ന പ്രത്യേകതയും.

autism-1

അപൂര്‍വം ചിലര്‍ അക്ഷരങ്ങളിലും വാക്കുകളിലും അമിതമായ പ്രാവീണ്യവും ഓര്‍മശക്തിയും പ്രകടിപ്പിക്കാറുണ്ട്. ‘ഹൈപ്പര്‍ ലെക്‌സിയ’ എന്നാണ് ഇതിനെ പറയുന്നത്. ഓട്ടിസ്റ്റിക് കുട്ടികളുടെ കളികളിലും പ്രത്യേകതകള്‍ ഉണ്ട്. പാവകളോടും മൃഗങ്ങളോടും ഇവര്‍ക്ക് താത്പര്യം കുറവായിരിക്കും. കളിപ്പാട്ടങ്ങള്‍ വട്ടംകറക്കുക, നിലത്തിട്ട് അടിക്കുക, വരിവരിയായി അടുക്കിവെക്കുക എന്നിവയാണ് ഇവരുടെ പ്രധാന വിനോദങ്ങള്‍. ദൈനംദിനകാര്യങ്ങള്‍ ഒരേമാതിരി ചെയ്യാനാണ് ഇവര്‍ക്കിഷ്ടം. ഉദാഹരണത്തിന്, ഭക്ഷണം കഴിക്കുവാന്‍ ഒരേ പ്ലേറ്റ്, ഇരിക്കാന്‍ ഒരേ കസേര, ഒരേ ഡ്രസ്സ് എന്നിങ്ങനെ ഇവര്‍ വാശിപിടിച്ചെന്നിരിക്കും. പുതിയ സ്ഥലത്തേക്ക് താമസംമാറല്‍, ഗൃഹോപകരണങ്ങള്‍ മാറ്റല്‍, ജീവിതക്രമങ്ങളിലുള്ള വ്യതിയാനങ്ങള്‍ എന്നിവയെ ഇവര്‍ ശക്തിയായി എതിര്‍ക്കും.

ഒരു കാരണവുമില്ലാതെ ചിരിക്കുക, കരയുക, കോപിക്കുക, വാശിപിടിക്കുക, സ്വയം മുറിവേല്‍പ്പിക്കുക എന്നീ സ്വഭാവങ്ങളും ഓട്ടിസത്തില്‍ കാണാം. ചിലര്‍ക്ക് വേദന സഹിക്കാനുള്ള കഴിവ് വളരെ കൂടുതലാണ്. ഗുരുതരമായ പരിക്കുകളുണ്ടായാല്‍പ്പോലും ഓട്ടിസ്റ്റിക് കുട്ടികള്‍ കരയില്ല. വട്ടംകറങ്ങല്‍, ഊഞ്ഞാലാടല്‍, പാട്ട്, വാച്ചിന്റെ ടിക്ടിക് ശബ്ദം എന്നിവയോട് ചില ഓട്ടിസ്റ്റിക് കുട്ടികള്‍ അതിരുകവിഞ്ഞ കമ്പം കാണിക്കും. സ്വസ്ഥമായി ഒരിടത്തിരിക്കാതെ ഓടിനടക്കുന്ന രോഗവും ഇത്തരക്കാരില്‍ കൂടുതലാണ്.

autism-2

ഓട്ടിസം പരിപൂര്‍ണമായി സുഖപ്പെടാനുള്ള സാധ്യത കുറവാണ്. ഇവരില്‍ ബുദ്ധിവളര്‍ച്ച കൂടിയവര്‍ക്ക് കൂടുതല്‍ സുഖപ്രാപ്തി ലഭിക്കാം. പ്രായപൂര്‍ത്തിയാകുമ്പോള്‍ മൂന്നില്‍ രണ്ടുഭാഗമെങ്കിലും മാനസികവൈകല്യം ബാധിച്ചവരും ഒറ്റയ്ക്ക് ജീവിക്കാന്‍ കഴിയാത്തവരുമായിത്തീരുന്നു. ചെറിയൊരു വിഭാഗത്തിന് മാത്രമേ സ്വന്തമായി തൊഴില്‍ചെയ്ത് ജീവിക്കാനാകൂ. മരുന്നുനല്‍കിയുള്ള ഫലപ്രദമായ ചികിത്സ ഓട്ടിസത്തിന് നിലവിലില്ല.

സൗഹൃദപരവും അനുയോജ്യവുമായ ജീവിതാന്തരീക്ഷം സൃഷ്ടിച്ച് നിരന്തരമായ പരിശീലനത്തിലൂടെ സൗഹൃദപരവും അനുയോജ്യവുമായ ജീവിതാന്തരീക്ഷം നല്‍കുകയാണ് ഓട്ടിസത്തിന്റെ പ്രധാനചികിത്സ. ചിത്രരചന, സംഗീതം, ചെസ്, കംപ്യൂട്ടര്‍പഠനം തുടങ്ങിയ മേഖലകളില്‍ ഇവര്‍ക്ക് അസാമാന്യ പാടവമുള്ളതായി കാണാറുണ്ട്. ഇത്തരം കഴിവുകള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ അവ വളര്‍ത്താന്‍ പരമാവധി അവസരങ്ങള്‍ ഒരുക്കിക്കൊടുക്കണം?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News