സംസ്ഥാനത്ത് പൂട്ടുവീണത് 1956 മദ്യശാലകള്‍ക്ക്; വരുമാനത്തില്‍ 50ശതമാനം കുറവുണ്ടാക്കുമെന്ന് വിലയിരുത്തല്‍; പല ഔട്ട്‌ലെറ്റുകളിലും സംഘര്‍ഷം

തിരുവനന്തപുരം: ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റാനുള്ള സുപ്രീംകോടതിവിധി നടപ്പായതോടെ സംസ്ഥാനത്ത് സര്‍ക്കാരിന്റേത് ഉള്‍പ്പെടെ 1956 മദ്യശാലകള്‍ക്കാണ് താഴ് വീണത്. ബഹുഭൂരിപക്ഷം ചില്ലറ മദ്യവില്‍പ്പന ശാലകള്‍ക്കും ബിയര്‍വൈന്‍ പാര്‍ലറുകള്‍ക്കും പൂട്ടുവീണത് സര്‍ക്കാരിന്റെ വരുമാനത്തില്‍ 50 ശതമാനം കുറവുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

അതേസമയം, സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവായി പ്രഖ്യാപിച്ച് എക്‌സൈസ് പരിശോധന ശക്തിപ്പെടുത്തിയിരിക്കുകയാണ്. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് പല ഔട്ട്‌ലെറ്റുകളിലും നേരിയ സംഘര്‍ഷവും ഉണ്ടായി.

ബഹുഭൂരിപക്ഷം ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്കും ചില്ലറ വില്‍പ്പന ശാലകള്‍ക്കും പൂട്ടുവീണതോടെ സംസ്ഥാനത്തെ മദ്യവ്യവസായവും തകര്‍ച്ചയിലായിരിക്കുകയാണ്. ആകെയുള്ള 818 ബീയര്‍ പാര്‍ലറുകളില്‍ 586 എണ്ണത്തിനും താഴ് വീണു. 11 ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ ബാറുകളും സുപ്രീംകോടതിവിധിയിലൂടെ പ്രവര്‍ത്തനരഹിതമായി. എക്‌സൈസ് അധികൃരുടെ കണക്ക് പ്രകാരം എറണാകുളത്താണ് ഏറ്റവും കൂടുതല്‍ മദ്യശാലകള്‍ അടച്ചുപൂട്ടിയത്. 295 എണ്ണത്തിനാണ് ഇവിടെ താഴിട്ടത്. തിരുവനന്തപുരം ജില്ലയില്‍ 84ഉം കണ്ണൂരില്‍ 105ഉം പാലക്കാട് 204ഉം വയനാട്ടില്‍ 25ഉം തൃശ്ശൂരില്‍ 251ഉം മദ്യവില്‍പ്പനശാലകള്‍ പൂട്ടികഴിഞ്ഞു. മദ്യശാലകള്‍ എത്രയൊക്കെ പൂട്ടിയാലും ആവശ്യക്കാര്‍ അത് തേടി ഉപയോഗപ്പെടുത്തുമെന്നതും വസ്തുതയാണ്.

പലരും മദ്യശാലകളുടെ ഔട്ട്‌ലെറ്റുകള്‍ എവിടെയാണ് ഉള്ളത് എന്ന് ചോദിച്ച് ചോദിച്ച് നെട്ടോട്ടത്തിലായി. മറ്റ് ചിലരാകട്ടെ പ്രതീക്ഷയോടെ മദ്യം വാങ്ങാമെന്ന് കരുതി വില്‍പ്പന ശാലകളില്‍ എത്തിയെങ്കിലും ഔട്ട്‌ലെറ്റുകള്‍ അടഞ്ഞു കിടന്നത് അത്തരക്കാരെ നിരാശരാക്കി. തുറന്നു പ്രവര്‍ത്തിച്ച മദ്യവില്‍പ്പനശാലകളില്‍ വലിയ തിരക്കായിരുന്നു. പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പൊലീസിനും രംഗത്ത് എത്തേണ്ടിവന്നു. വ്യാജമദ്യവില്‍പ്പന തടയാന്‍ പൊലീസും ഫലപ്രദമായി നടപടുകളുമായി രംഗത്ത് എത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here