പതിനൊന്നാം നൂറ്റാണ്ടിലെ ചോള ശിലാ ശാസനം ഇടുക്കിയില്‍ കണ്ടെത്തി

ഇടുക്കി: ഇടുക്കിയില്‍ നിന്നും പതിനൊന്നാം നൂറ്റാണ്ടിലെ ചോള ശിലാ ശാസനം കണ്ടെത്തി. ചോളവശംത്തിലെ പ്രശസ്ത ഭരണാധികാരിയായിരുന്ന രാജേന്ദ്ര ചോളന്റെ ഭരണത്തിന്റെ പത്താം വര്‍ഷത്തിലേതാണ് ശാസനം. തമിഴിലും സംസ്‌കൃതം എഴുതാന്‍ പഴയകാലത്ത് ഉപയോഗിച്ചിരുന്ന ഗ്രന്ഥലിപിയിലുമുള്ളതാണ് വലിയ പാറയില്‍ കൊത്തിയ ശാസനം.

കേരള സര്‍കലാശാല പുരാവസ്തു പഠനവകുപ്പിലെ റീഡര്‍ ഡോ.അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. മധ്യകേരളത്തില്‍നിന്നു ചോളകാലത്തെ ശാസനം ആദ്യമായാണ് കിട്ടുന്നത്. രാജേന്ദ്ര ചോളന്റെ തഞ്ചാവൂര്‍ ബ്രഹദീശ്വര ക്ഷേത്രത്തിലെയും തിരുമലയിലെയും ശാസനങ്ങളില്‍ ആയ് രാജവംശജനായ വിക്രമവീരനില്‍ നിന്നും മലനിരകള്‍ പിടിച്ചടക്കിയതായി പറയുന്നുണ്ട്. എന്നാല്‍ ഇത് ഏത് പ്രദേശമാണ് എന്നതിനെ സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ ഉണ്ടായിരുന്നില്ല. ഈ ശാസനത്തോടെ ചോളന്‍മാര്‍ ഇടുക്കി മലനിരകളിലാണ് ആധിപത്യം സ്ഥാപിച്ചിരുന്നതെന്ന് വ്യക്തമായി. സുഗന്ധവ്യജ്ഞനങ്ങള്‍ തേടിയാണ് ചോളന്‍മാര്‍ ഇടുക്കിയിലെത്തിയതെന്നാണ് ഡോ.അജിത് കുമാറിന്റെ നിഗമനം.
കോഴിക്കോട് സര്‍വ്വകലാശാലയിലെ മുന്‍ അധ്യാപകന്‍ ഡോ.ജോണ്‍ ഓച്ചന്‍തുരുത്താണ് ഇടുക്കിയിലെ മോപ്പറയിലെ പാറയില്‍ ശാസനം കണ്ടെത്തിയത്. സ്വ്‌സ്തിശ്രീ…….. എന്നു തുടങ്ങുന്ന ശാസനത്തില്‍ രാജേന്ദ്ര ചോളന്റെ ഭരണ നേട്ടങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 15 അടിയോളം ഉയരമുള്ള പാറയുടെ അടിഭാഗത്താണ് എഴുത്തുള്ളത്. ചില വരികള്‍ മാഞ്ഞ് പോയെങ്കിലും ബാക്കിയുള്ളവ വായിച്ചെടുക്കാം. പോണ്ടിച്ചേരി സര്‍വ്വകലാശാലയിലെ ഡോ.കെ.രാജന്‍, മൈസൂര്‍ ആര്‍ക്കിയോളജി സര്‍വ്വേ ഓഫ് ഇന്ത്യയിലെ ഡോ.എസ്.ബാലമുരുകന്‍ എന്നിവരാണ് ശാസനത്തിലെ വിവരങ്ങള്‍ പരിഭാഷപ്പെടുത്തിയത്.

ഭീമന്‍ ശില എന്നറിയപ്പെടുന്ന കല്ലിലാണ് ശാസനമുള്ളതാണ്. ഇത് പ്രമുഖരുടെ മരണവുമായി ബന്ധപ്പെട്ട് മഹാശിലായുഗ കാലത്ത് സ്ഥാപിച്ചിരുന്ന സ്മാരക ശിലയാണെന്നും സംശയിക്കുന്നുണ്ട്. ഇതില്‍ പിന്നീട് ശാസനം കൊത്തിവച്ചതാകാമെന്നാണ് പുരാവസ്തു വിദഗ്ദ്ധരുടെ നിഗമനം. കന്യാകുമാരിജില്ലയില്‍ നിന്നും നേരത്തെ രാജേന്ദ്ര ചോളന്റെ ശാസനങ്ങള്‍ ലഭിച്ചിട്ടുണ്ട്. വിഴിഞ്ഞം, കൊല്ലം, കൊടുങ്ങല്ലൂര്‍ ഭാഗങ്ങളിലേക്ക് രാജരാജചോളനും, മകന്‍ രാജേന്ദ്ര ചോളനും നടത്തിയ പടയോട്ടങ്ങളെക്കുറിച്ചാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News