വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നു സ്ത്രീധന കുടിയേറ്റങ്ങൾ വ്യാപകമാകുന്നു; അസമിൽ നിന്നെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളിൽ ഭൂരിഭാഗവും വിവാഹത്തിനു പണമുണ്ടാക്കാൻ; കെ.രാജേന്ദ്രന്റെ അന്വേഷണപരമ്പര അവസാനിക്കുന്നു

വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ കുറിച്ച് ഗൂഗിളിൽ പരതിയാൽ ഇപ്പോഴും തെളിയുന്ന ഒരു വാചകമുണ്ട്. ‘A Dowry free Zone in India’. വടക്കു കിഴക്കിൽ സ്ത്രീ ഒരു കാലത്തും സർവംസഹയായിരുന്നില്ല. ബ്രിട്ടീഷുകാർക്കെതിരെ ധീരമായി പോരാടിയ നാഗാലാൻഡിലെ റാണി ഗൈഡിൽല്യൂവും രാജ്യസുരക്ഷയെന്ന പേരുപറഞ്ഞ് എന്തു തെമ്മാടിത്തരവും ചെയ്യാൻ സൈന്യത്തിന് അധികാരം നൽകുന്ന പ്രതേൃക സൈനികാവകാശ നിയമത്തിനെതിരെ പതിനാറു വർഷം നിരാഹാരം കിടന്ന ഈറോം ഷർമിള വരെയുളളവരുടെ മഹത് പാരമ്പര്യം വിളിച്ചോതുന്നത് വടക്കു കിഴക്കൻ പെൺകരുത്തിന്റെ സ്ഥൈര്യമാണ്. മിസോറാമിലെ മിസോ മദേഴ്‌സ് അസോസിയേഷനും നാഗാലാൻഡിലെ നാഗാ മദേഴ്‌സ് അസോസിയേഷനുമെല്ലാം എത്ര ശക്തരായ രാഷ്ട്രീയ-സാമൂഹ്യ-ഭീകര സംഘടനകളേയും വരച്ച വരയിൽ നിർത്താൻ ശേഷിയുളളവരാണ്.

ദേശീയതയിലുമുപരി ഉപദേശീയതയ്ക്കും മൗലിക പ്രശ്‌നങ്ങളിലുമുപരി സ്വത്വബോധത്തിനും പ്രാധാന്യം നൽകുന്ന ഗോത്രങ്ങളും ഉപഗോത്രങ്ങളുമെല്ലാമാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലുളളത്. വടക്കു കിഴക്കുകാർ ചെറിയ പ്രശ്‌നങ്ങളെ പോലും അതിവൈകാരികമായി സമീപിക്കും. ഈ അതിവൈകാരികതയുടെ സൃഷ്ടികളാണ് ഉൾഫ, എൻഡിഎഫ്ബി, കെസിഎൽഎൻഎഫ് തുടങ്ങിയ ഭീകരസംഘടനകളെല്ലാം. പിന്നാക്കാവസ്ഥയും ക്രമസമാധാന തകർച്ചയുമാണ് ഈ മേഖല നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങൾ. എന്നാൽ സ്ത്രീശാക്തീകരണത്തിൽ മേഖല മറ്റു പ്രദേശങ്ങളേക്കാൾ മുന്നിലാണ്. സംസ്‌കാരത്തിനും സാമൂഹ്യാവസ്ഥയ്ക്കുമെതിരെ ഉയരുന്ന വിമർശനങ്ങളെയെല്ലാം പെൺകരുത്ത് ഉയർത്തിപ്പിടിച്ചായിരിക്കും വടക്കു കിഴക്കുകാർ നേരിടുക.

Assam Marriage

ഒരിക്കൽ മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിലെ ഭീകരാക്രമണങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ പ്രസിദ്ധമായ ലുപി മാർക്കറ്റിലെ ഒരു കച്ചവടക്കാരി നൽകിയ മറുപടി ഇപ്പോഴും ഓർക്കുന്നു. ‘നിങ്ങളുടെ നാടുകളിൽ സ്ത്രീധന പീഡനങ്ങളെ തുടർന്ന് കൊല്ലപ്പെടുന്നവരുടെ എണ്ണം എത്രയെന്നു ആദ്യം പരിശോധിക്കുക. അവരുടെ എണ്ണത്തിന്റെ പകുതിയോളം പേർ പോലും ഇവിടെ ഭീകരാക്രമണങ്ങിൽ മരിക്കുന്നില്ല’.

അന്നു വടക്കു കിഴക്കൻ ഇന്ത്യയെ കുറിച്ച് അഭിമാനം തോന്നി. എന്നാൽ പിന്നാക്കമായ മണിപ്പൂരിലേയും നാഗാലാൻഡിലെയും അവസ്ഥയല്ല അയൽ സംസ്ഥാനമായ അസമിൽ. അസം പൊലീസിന്റെ ചില ഔദ്യോഗിക കണക്കുകൾ ആരെയും ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ ആറു വർഷങ്ങൾക്കിടയിൽ അസമിൽ നടന്നത് 850 സ്ത്രീധന മരണങ്ങൾ. ജനസംഖ്യയിൽ ന്യൂനപക്ഷമായ ബംഗാളികൾക്കും ബിഹാറികൾക്കും മാർവാഡികൾക്കും സിഖുകാർക്കും എല്ലാമിടയിൽ പണ്ടുമുതലേ സ്ത്രീധനമുണ്ട്. എന്നാൽ തദ്ദേശീയർ പ്രത്യേകിച്ച് ഗോത്ര വിഭാഗക്കാർക്കിടയിൽ സ്ത്രീധനം അന്യമായിരുന്നു.

Assam Marriage 1

വിവാഹസമയത്ത് സ്തീധനം ചോദിക്കുന്നതും നൽകുന്നതും പുകൾപെറ്റ ഗോത്ര സംസ്‌കാരത്തോടു പുലർത്തുന്ന അവഹേളനമായാണ് അസമുകാർ കണ്ടത്. ബ്രഹ്മപുത്രയിലൂടെ ഒഴുകിയിരുന്ന തെളിമയുളള വെള്ളത്തിന്റെ നിറം ചിലയിടങ്ങളിൽ മാലിന്യ കറുപ്പിലേക്ക് മാറിയതോടൊപ്പം അവരുടെ രീതികളും മാറി. ഉപഭോഗതൃഷ്ണ പതുക്കെ പതുക്കെ സംസ്‌ക്കാരത്തെ കാർന്നുതിന്നാൻ തുടങ്ങി. അസമുകാർക്ക് അന്യമായിരുന്ന ‘ധാഹിജ്’ (സ്ത്രീധനം) എന്ന പദം ജീവിതത്തിന്റെ ഭാഗമായി മാറി.

കുടിയേറ്റവും സ്ത്രീധനവും

ഇതര സംസ്ഥാന തൊഴിലാളികളുടെ പറുദീസയാണ് ഇന്നു കേരളം. ബംഗാൾ കഴിഞ്ഞാൽ ഏറ്റവുമധികം ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിലെത്തുന്നത് അസമിൽ നിന്നാണ്. 2013-ൽ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് നടത്തിയ പഠനമനുസരിച്ച് കേരളത്തിൽ തൊഴിലെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളിലെ 17.28 ശതമാനം പേർ അസം സ്വദേശികളാണ്. അസം തൊഴിലാളികളുടെ എണ്ണം ആറര ലക്ഷം കവിയും.

ഇവരുടെ കുടിയേറ്റങ്ങൾക്ക് പുറകിൽ നിരവധി കാരണങ്ങൾ ഉണ്ട്. ഉൽപാദന മേഖലയിലെ മുരടിപ്പ്, കാലാവസ്ഥ വ്യതിയാനം, തൊഴിലില്ലായ്മ എന്നിങ്ങനെ കാരണങ്ങൾ നിരവധി. എന്നാൽ കുടിയേറ്റങ്ങൾക്കു പുറകിലെ സാമ്പത്തിക കാരണങ്ങൾ അല്ലാതെ സാമൂഹിക കാരണങ്ങൾ ഗൗരവതരമായ രീതിയിൽ ഇതുവരെ പരിശോധിച്ചിട്ടില്ല.

Assamese-2

ഒരുവർഷം മുമ്പ് അസമിലെ നാഗയോണിൽ നിന്ന് കേരളത്തിലേക്കു തൊഴിൽ തേടി കുടിയേറിയ നിർമ്മാണ തൊഴിലാളിയാണ് കിഷോർനാഥ്. ഗ്രാമത്തിൽ തൊഴിലുണ്ട്. നല്ല കാലാവസ്ഥയിൽ അരിയും ഉരുളക്കിഴങ്ങും ഭൂമിയിൽ നന്നായി വിളയും. എന്നാൽ വേനൽകാലത്തും വർഷക്കാലത്തും കൃഷി നടക്കില്ല. അക്കാലത്ത് ഗ്രാമീണർ ആരും വെറുതെയിരിക്കാറില്ല. അവർ മറ്റെന്തെങ്കിലും തൊഴിലുകൾ ചെയ്തു ജീവിക്കും.

എന്നാൽ, അസമിൽ മാറുന്ന കാലത്തിന്റെ ജീവിത ചെലവുകൾക്കൊപ്പം കിഷോർനാഥിന് ഓടിയെത്താനാവുന്നില്ല. കാലം മാറുന്നതോടെ ജീവിതശീലങ്ങളും മാറുന്നു. ഈ മാറ്റമാണ് അസമിലെ നാഗയോണിൽ നിന്ന് കിഷോർനാഥിനെ ഇങ്ങു തെക്ക് കേരളത്തിലെ തിരുവനന്തപുരം നഗരത്തിലെത്തിച്ചത്.

Assamese-3

‘എനിക്ക് രണ്ടു സഹോദരിമാർ ഉണ്ട്. അവരുടെ വിവാഹം നടത്തണം. പണ്ടായിരുന്നെങ്കിൽ കൃഷിയിടത്തിൽ തൊഴിലെടുത്ത് കിട്ടുന്ന പണം കൊണ്ട് ഇതെല്ലാം നടക്കുമായിരുന്നു. എന്നാൽ ഇന്ന് അതിനാവില്ല’. അസമിലെ മിഷിംഗ് ഗോത്രവിഭാഗത്തിൽപ്പെട്ട ആളാണ് കിഷോർനാഥ്. പണ്ടെല്ലാം ബ്രഹ്മപുത്ര, ബാരക്ക് നദികളിൽ നിന്നും കുളങ്ങളിൽ നിന്നും മീൻ പിടിച്ച് ജീവിച്ചിരുന്ന സമൂഹമായിരുന്നു മിഷിംഗുകൾ. എവിടെയായാലും കൂട്ടുചേർന്നുളള ജീവിതമാണ് ഇവരുടേത്. വിവാഹമായാലും മരണമായാലും സന്തോഷമായാലും സന്താപമായാലും ഇവർ ഒരുമിച്ച് മധുരവും കയ്പും അനുഭവിക്കും.

GUWAHATI—11-04-2008 :( RONGALI BIHU CELEBRATION ON THE OCCASION OF ASSAMESE NEW YEAR IN GUWAHATI) Boys and girls performing Bihu dance on the occasion of Rongali Bihu celebration in Guwahati on Sunday April 13, 2008. Rongali Bihu” is celebrated in the first month of the Assamese calendar which is starting from April 15 and thus marks the advent of the Assamese New Year. This festival also coincides with the advent of the spring season in the state. Bihu Dance and Bihu Songs are the main features of this Bihu, which continue for a month throughout the state. PHOTO: RITU_RAJ_KONWAR

വിവാഹം ഉത്സവമാണ്. ഗ്രാമത്തിലെ പരമാവധി പേരെ പങ്കെടുപ്പിക്കും. നല്ല സദ്യയും പാട്ടും നൃത്തവും എല്ലാം ഉണ്ടാവും. വെറുതെ വന്ന് ബന്ധുക്കൾ സദ്യയുണ്ട് പോകരുത്. ഓരോരുത്തരും അവരാൽ ആവുന്നത് പണമായോ സാധന സാമഗ്രികളായോ വധുവിന്റെ വീട്ടുകാർക്കു നൽകണം. മിഷിംഗുകളുടെ പുരാതനമായ നാടോടിക്കഥകളും പുരാണ ഇതിഹാസങ്ങളുടെ ഗോത്രാധിഷ്ഠിത പുനർവായനകളുമെല്ലാം സ്തീ കേന്ദ്രീകൃതമാണ്. പെൺകുട്ടി ആർക്കും ബാധ്യതയല്ല. അവൾ ഐശ്വര്യത്തിന്റെ പ്രതീകമാണ്. പെൺകുട്ടിയുണ്ടാവാനായി മലയിൽ കയറി തപസനുഷ്ഠിച്ച മിഷിംഗുകാരനെ മത്സ്യകന്യകയുടെ രൂപത്തിലെത്തിയ ദൈവം താമരക്കുമ്പിളിൽ പെൺകുട്ടിയെ നൽകിയതും പെൺകുഞ്ഞിനെ പ്രസവിക്കാത്തതിനാൽ ഭാര്യയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടശേഷം അയൽ വീട്ടിലെ പെൺകുട്ടിയെ ദത്തെടുത്ത് വളർത്തിയ ദിമാസാ വിഭാഗത്തിൽപ്പെട്ട പിതാവും അസം ഗോത്ര സംസ്‌കാരം സ്ത്രീകൾക്ക് നൽകുന്ന അത്യുന്നതസ്ഥാനം വിളിച്ചോതുന്നു.

ഇപ്പോൾ മേഘാലയയുടെ ഭാഗമായ ഗാരോ, ഘാസി, ജയിന്ത്യ മലകൾ പണ്ട് വിശാല അസമിന്റെ ഭാഗമായിരുന്നു. ഈ മലകളിൽ ഇന്നും മരുമക്കത്തായം നിലനിൽക്കുന്നുണ്ട്. ഗോത്ര സംസ്‌കാരത്തിലെ പെൺപോരിമ തന്നെയാണ് ദീർഘകാലം ഇവിടെ സ്ത്രീധനമില്ലാത്ത വിവാഹാചാരങ്ങളും സൃഷ്ടിച്ചത്. എന്നാൽ ആചാരങ്ങൾ കാലോചിതമായ മാറ്റങ്ങൾ എന്നപേരിൽ പരിഷ്‌കരിക്കപ്പെട്ടു. ഈ പരിഷ്‌കാരങ്ങൾ പലതും ഘട്ടംഘട്ടമായി സ്ത്രീവിരുദ്ധത നടപ്പിലാക്കി.

അസം ഗോത്രങ്ങൾക്കിടയിൽ വിവാഹശേഷം വധുവിനെ വരന്റെ വീട്ടിലേക്കു പറഞ്ഞയയ്ക്കുന്ന ചടങ്ങ് ആർഭാടകരമാണ്. വധുവിനോടൊപ്പം അവൾക്ക് വീട്ടിൽ മാനസികമായി അടുപ്പമുളളതെല്ലാം കൊടുത്തയയ്ക്കണം. അവൾക്കു ഇഷ്ടപ്പെട്ട ചീർപ്പ് മുതൽ വളർത്തുമൃഗങ്ങൾ വരെ വധു കൊണ്ടുപോവും. സ്ത്രീകൾക്കു സന്തോഷവും സാന്ത്വനവും നൽകുന്നതിനായുള്ള ആചാരം എങ്ങനെയാണ് ഉപഭോഗതൃഷ്ണയുടെ ഭാഗമായതെന്ന് കിഷോർനാഥ് വിശദീകരിക്കുന്നു.

Assam Marriage 2

‘വധുവിനെ ആചാരപരമായാണ് ഞങ്ങൾ ഇന്നും യാത്രയയയ്ക്കുന്നത്. എന്നാൽ വധുവിന് ആവശ്യമായ സാധനങ്ങളല്ല, വരൻ ആവശ്യപ്പെടുന്ന സാധനസാമഗ്രികളാണ് ഇപ്പോൾ കൊടുത്തയക്കേണ്ടത്. പഴയതു പോലെ ചീർപ്പിലും കണ്ണാടിയിലും വളർത്തുമൃഗങ്ങളിലും മാത്രമായി യാത്രയപ്പ് ഒതുങ്ങില്ല. വരന്റെ വീട്ടിലേക്കു ആവശ്യമായ ഫർണിച്ചറുകൾ, വാഹനങ്ങൾ, വരന്റെ വീട്ടുകാർക്ക് ആവശ്യമായ വസ്ത്രങ്ങൾ എന്നുതുടങ്ങി സാമ്പത്തിക സ്ഥിതിയും സമൂഹത്തിലെ പദവിയും അനുസരിച്ച് ഈ പട്ടിക നീളും. സ്ത്രീക്കു സംരക്ഷണം നൽകാനായി പുരാതനകാലത്ത് ആരംഭിച്ച ഒരു ഗോത്രാചാരം കാലക്രമത്തിൽ സ്ത്രീയെ ഉപഭോഗ വസ്തുവാക്കി മാറ്റുന്ന ഒരു ദുരാചാരമായി മാറി.

നിശബ്ദമാകുന്ന സ്വത്വങ്ങൾ

സ്വത്വബോധം ബീഭത്സരൂപം പൂണ്ട് ഏറെ രക്തപ്പുഴയൊഴുക്കിയ നാടാണ് അസം. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എന്ന പൊതുമേഖലാ സ്ഥാപനം അസമിലെത്തുമ്പോൾ അസം ഓയിൽ കോർപ്പറേഷനനായി മാറുന്നു. തേയിലത്തോട്ടങ്ങളിലും ഇഷ്ടികക്കളങ്ങളിലും തൊഴിലെടുത്തിരുന്ന നിരവധി ദരിദ്രരായ ബംഗാളികളേയും ബിഹാറികളേയും കുടിയേറ്റക്കാരെന്നു മുദ്രകുത്തി ഉൾഫ ഭീകരർ കൊലപ്പെടുത്തി. അസം സ്വതവാദത്തിന്റെ സംരക്ഷകരെന്ന വ്യാജേന എൺപതുകളിലും തൊണ്ണൂറുകളിലും അഴിഞ്ഞാടിയിരുന്ന ഉൾഫ ഇന്ന് ദുർബലമാണ്. എന്നാൽ, സ്വത്വം മാത്രം ഉയർത്തിപ്പിടിച്ചു പ്രവർത്തിക്കുന്ന നിരവധി സംഘടനകൾ അസമിലുണ്ട്.

Assam-Wedding

ചില സംഘടനകൾ വിധ്വംസക പ്രസ്ഥാനങ്ങളാണ്. രാഷ്ട്രീയ പാർട്ടികൾ, മനുഷ്യാവകാശ സംഘടനകൾ എന്നിങ്ങനെ അസമീസ് സ്വത്വത്തിന് നിരവധി മുഖങ്ങൾ ഉണ്ട്. എന്നാൽ വർധിച്ചു കൊണ്ടിരിക്കുന്ന സ്ത്രീധന സമ്പ്രദായം, സ്ത്രീപീഡനങ്ങൾ തുടങ്ങിയവ തടയാൻ ഇവരാരും ശ്രമിക്കുന്നില്ലെന്നാണ് അസമിലെ കാമരൂപ് സ്വദേശിയും പേരൂർക്കട മാർക്കറ്റിലെ ഇറച്ചിവെട്ടുകാരനുമായ അതുൽ ബോറയുടെ പരാതി.

‘അസം സംസ്‌കാരത്തെക്കുറിച്ചും ഗോത്രസംസ്‌കാരത്തെക്കുറിച്ചും വൈകാരികമായി പ്രതികരിക്കുന്നവർക്ക് താൽപര്യം അധികാര സ്ഥാനങ്ങളിലെത്തുന്നതും സമ്പത്ത് കൊള്ളയടിക്കലും മാത്രമാണ്. സ്ത്രീധനം വാങ്ങുന്നവരെ വെടിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാൽ പിന്നെ ആരും ധൈര്യപ്പെടില്ല. എന്നാൽ ഇത്തരം അടിസ്ഥാന വിഷയങ്ങളൊന്നും ഇവരുടെ പരിഗണനയിലേയില്ല’.

Assamese-1

മോറിഗയോണിൽ നിന്നുളള ശ്രീദിലീപ് കുമാർ തമ്പാനൂരിൽ പൊറോട്ടയടിക്കുന്നതും തിസ്പൂരിൽ നിന്നുളള രാജ്ദീപ് ഗോലോ പ്ലംബിംഗ് പണിചെയ്യുന്നതും വിഹാഹപ്രായത്തോട് അടുത്തുകൊണ്ടിരിക്കുന്ന പെൺമക്കൾക്കായുളള സ്ത്രീധന തുക കണ്ടെത്താനായാണ്. ഗുവാഹത്തി എക്‌സ്പ്രസ്സിൽ കേരളത്തിലേക്കു ഉയർന്ന വേതനം തേടി ഒഴുകിയെത്തുന്നവരിലെ നല്ലൊരു വിഭാഗത്തിന്റെയും അവസ്ഥ ഇതുതന്നെയാണ്.

ആധുനികത അസമീസ് ഗോത്രമൂല്യങ്ങൾ തകർത്തെറിഞ്ഞ് തിൻമകൾക്ക് വിത്ത് പാകുമ്പോൾ ഇതിനെയെല്ലാം ധീരതയോടെ ചെറുത്തു നിൽക്കുന്നവരും അസം അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലുണ്ട്. തിരുവനന്തപുരം പള്ളിമുക്കിൽ വാച്ച്മാനായി ജോലിചെയ്യുന്ന സജ്ജയ് ഇപ്പോഴും ശക്തമായ സ്ത്രീധനവിരുദ്ധ സമീപനം ഉയർത്തിപ്പിടിക്കുന്നു. സുനിൽപൂർ ജില്ലയിലെ കൗറിപത്തർ സ്വദേശിയായ സജ്ജയ് നേപ്പാളി വംശജനാണ്. അസമിലെ നേപ്പാളികൾ ഇന്നും സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യാറില്ലത്രേ.

എന്നാൽ അടുത്തിടെ അയൽവീട്ടിലെ ഒരു സഹോദരിയുടെ വിവാഹം മുടങ്ങി. സഹോദരി ബംഗാളിൽ നിന്ന് കുടിയേറിയവളാണ്. വരന്റെ വീട്ടുകാർ സ്ത്രീധനമായി അമ്പതിനായിരം രൂപ ആവശ്യപ്പെട്ടു. നാലു പെൺകുട്ടികളുള്ള ഗൃഹനാഥന് അത്രയും തുക നൽകാനാകമായിരുന്നില്ല. സജ്ജയും കൂട്ടുകാരും വരന്റെ വീട്ടിലെത്തി സംസാരിച്ചു. അവസാനം അമ്പതിനായിരമെന്നത് ഇരുപതിനായിരമാക്കി ചുരുക്കി. ഒപ്പം ഗ്രാമത്തിലെ നേപ്പാളി കുടുംബങ്ങളുടെ കൂട്ടായ്മയായ ‘റൈസ്’ ഒരു വലിയ ഭജന സംഘടിപ്പിച്ചു. ഭജനയിൽ പങ്കെടുത്തവരെല്ലാം സഹോദരിയുടെ വിവാഹത്തിനായി നന്നായി സഹായിച്ചു. സ്ത്രീധന തുക മുഴുവൻ ‘റൈസ്’ ആ പെൺകുട്ടിക്ക് നൽകി.

തിരുവനന്തപുരത്ത് തൊഴിലെടുക്കുന്ന അസമീസ് തൊഴിലാളികൾക്ക് കൂട്ടായ്മകൾ ഉണ്ട്്. വിവാഹിതരാകാനായി നാട്ടിലേക്കു തിരിക്കുന്നതിനു മുമ്പ് സുഹൃത്തുക്കൾക്ക് പാർട്ടികൾ നൽകണം. ഇത്തരം കൂട്ടായ്മകളിൽ സജ്ജയ് ഉപദേശിക്കുമത്രെ; ‘സഹോദരാ.., സ്ത്രീധനം വാങ്ങരുതേ.’ പക്ഷേ അധികമാരും സജ്ജയ്ക്ക് ചെവികൊടുക്കാറില്ല. മകളുടേയും സഹോദരിയുടേയുമെല്ലാം വിവാഹത്തിനാവശ്യമായ സ്ത്രീധന തുകയുണ്ടാക്കാനായി അസമിൽ നിന്ന് ഇതരസംസ്ഥാന തൊഴിലാളികൾ ഒഴുകിയെത്തിക്കൊണ്ടേയിരിക്കുന്നു.

(നാഷണൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ മാധ്യമ ഫെലോഷിപ്പിന്റെ ഭാഗമായി തയ്യാറാക്കിയ ഫീച്ചർ)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News