കടബാധ്യതയുടെ നിലയില്ലാക്കയത്തിൽ മുങ്ങുന്ന കെഎസ്ആർടിസി; കടം 3,200 കോടി രൂപയിൽ അധികം; കട്ടപ്പുറത്താകുന്ന ബസ്സുകളുടെ എണ്ണവും കൂടി

തിരുവനന്തപുരം: നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്കു കൂപ്പുകുത്തുന്ന കെഎസ്ആർടിസി കടബാധ്യതയുടെ നിലയില്ലാക്കയത്തിൽ മുങ്ങുകയാണ്. കെഎസ്ആർടിസിയുടെ കടം 3200 കോടി രൂപ കവിഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു. ആവശ്യത്തിന് സ്‌പെയർപാർട്‌സ് ഇല്ലാത്തതും ടയറുകൾ ലഭ്യമല്ലാത്തതും കാരണം കട്ടപ്പുറത്താകുന്ന ബസ്സുകളുടെ എണ്ണവും വർധിച്ചിരിക്കുകയാണ്. അതേസമയം കെഎസ്ആർടിസിയെ കുറിച്ച് പഠിക്കാൻ നിയോഗിച്ച സുശീൽ ഖന്ന റിപ്പോർട്ടിലെ ശുപാർശകൾ നടപ്പായാൽ കെഎസ്ആർടിസിയെ ലാഭനഷ്ടമില്ലാത്ത പൊതുമേഖലാ സ്ഥാപനമായി മുന്നോട്ട് കൊണ്ടുപോകാനാകുമെന്നും അധികൃതർ കണക്കുകൂട്ടുന്നു.

5600 ഷെഡ്യൂളുകളാണ് കെഎസ്ആർടിസി ഓപ്പറേറ്റ് ചെയ്തിരുന്നത്. എന്നാൽ ആവശ്യത്തിനു ബസുകൾ ഇല്ലാത്തതു മൂലം സർവീസുകൾ പലതും നടത്താനാകാത്ത അവസ്ഥ. കൂടാതെ സർവീസ് നടത്തുന്ന പല ബസുകളും അറ്റകുറ്റപ്പണിക്കായി കട്ടപ്പുറത്തും ആകുകയാണ്. ഇങ്ങനെ നോക്കുമ്പോൾ 4300 ലധികം ഷെഡ്യൂളുകളാണ് കെഎസ്ആർടിസി ഇപ്പോൾ ഓപ്പറേറ്റ് ചെയ്യുന്നത്. ലോ ഫ് ളോർ അടക്കം 900 ലധികം ബസുകൾ കട്ടപ്പുറത്തായിരിക്കുന്നു. കെഎസ്ആർടിസിക്കു ലഭിക്കുന്ന പ്രതിദിന വരുമാനം 5 കോടിക്കും 6കോടി രൂപയ്ക്കും ഇടയിലാണ്.

ജീവനക്കാർക്ക് മാസം ശമ്പളം നൽകാൻ തന്നെ 85 കോടി രൂപ വേണം. ഒരുദിവസം കെഎസ്ആർടിസി ബസുകൾക്കു ഡീസൽ അടിക്കാൻ 2.5 കോടിയിലധികം രൂപ വേണമെന്നും കെഎസ്ആർടിസി മാനേജ്‌മെന്റ് പറയുന്നു. ഡീസൽ വാങ്ങിയതിൽ ഓയിൽ കമ്പനികൾക്ക് കുടിശ്ശികയായി കോടികൾ നൽകാനുണ്ട്. ഇതിനൊക്കെ പുറമെ സർക്കാർ സ്ഥാപനങ്ങൾക്കും വിവിധ ബാങ്കുകൾക്കും വായ്പയെടുത്ത വകയിൽ കോടികളാണ് നൽകാനുള്ളത്.

മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയും ചില ജീവനക്കാരുടെ ആത്മാർത്ഥതിയില്ലായ്മയും കെഎസ്ആർടിസിയെ നഷ്ടത്തിലേക്ക് തള്ളിവിടുകയാണ്. സർക്കാർ നിയോഗിച്ച സുശീൽ ഖന്ന റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കിയാൽ കെഎസ്ആർടിസിയെ ലാഭനഷ്ടമില്ലാത്ത പബ്ലിക് സർവീസാക്കി മാറ്റാൻ സാധിക്കുമെന്നും അധികൃതർ കണക്കാക്കുന്നു. കെഎസ്ആർടിസിയുടെ സർവീസുകൾ പുനഃക്രമീകരിച്ചും ജീവനക്കാർക്ക് വേണ്ടത്ര പരിശീലനം നൽകിയും വരുമാനം വർധിപ്പിക്കാനുള്ള നടപടികളുമായി കെഎസ്ആർടിസി മുന്നോട്ടുപോവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News