കുടിമുട്ടിച്ച ആ ‘കുടിയൻ’ ആരാണെന്നറിയാമോ? അധികം അന്വേഷിച്ച് വലയേണ്ട; ആൾ ഇവിടെ തന്നെയുണ്ട്

ആയിരക്കണക്കിന് കുടിയൻമാരുടെ കുടിമുട്ടിച്ച ആ ‘കുടിയൻ’ ആരാണെന്നുള്ള അന്വേഷണത്തിലാണ് പലരും. കുടിയൻമാരെ പെരുവഴിയിലാക്കി മദ്യശാലകൾ പൂട്ടിച്ച ‘മഹാനെ’ അന്വേഷിച്ച് ഇനി അധികം വലയേണ്ട. ആൾ ഇവിടെയുണ്ട്. ചണ്ഡീഗഢ് സ്വദേശി സിദ്ധു ഹർമൻ നടത്തിയ വർഷങ്ങൾ നീണ്ട നിയമപോരാട്ടമാണ് ദേശീയപാതകളിൽ മദ്യനിരോധനം ഏർപ്പെടുത്താനുള്ള സുപ്രീംകോടതി വിധിയിലേക്ക് നയിച്ചത്. കഴുത്തിനു താഴെ ശരീരം തളർന്ന് പതിറ്റാണ്ടുകളായി വീൽചെയറിൽ കഴിയുന്ന ഹർമൻ തന്നെ ‘കുടിയൻ’ എന്നാണ് വിശേഷിപ്പിക്കുന്നത്.

1996 ഒക്ടോബറിൽ ഒരു കാറപകത്തോടെയാണ് ഹർമന്റെ ജീവിതം മാറിമറിയുന്നത്. മൂന്നു സുഹൃത്തുകൾക്കൊപ്പം ഹിമാചൽപ്രദേശിലെ രേണുകയിലേക്ക് വിനോദയാത്ര പോവുകയായിരുന്നു ഹർമൻ. ആരും മദ്യപിച്ചിട്ടില്ലായിരുന്നു. വാഹനമോടിച്ചു കൊണ്ടിരുന്ന സുഹൃത്തിന് വണ്ടിയുടെ നിയന്ത്രണം നഷ്ടമായി. ഒരു മലയിൽ വച്ച് വാഹനം കൊക്കയിലേക്ക് വീണു. 60-70 അടി ആഴമുള്ള കൊക്കയിൽ പതിക്കും മുൻപ് സുഹൃത്തുകളെല്ലാം വാഹനത്തിൽ നിന്ന് പുറത്തു കടന്നെങ്കിലും തനിക്ക് അനങ്ങാൻ സാധിച്ചില്ല. ഒടുവിൽ എല്ലാവരും കൂടി താങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചു. ജീവൻ രക്ഷപ്പെട്ടില്ലെങ്കിലും നട്ടെല്ലിനു ഗുരുതരമായി പരുക്കേറ്റതിനാൽ പിന്നീടുള്ള ജീവിതം വീൽചെയറിലായി.

ആശുപത്രി കിടക്കയിൽ കിടന്ന് ചിന്തിച്ചതത്രയും വാഹനാപകടങ്ങളെ കുറിച്ചാണ്. വിവരാവകാശ നിയമം ഉപയോഗിച്ച് വാഹനാപകടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു. ഓരോ നാലു മിനിറ്റിലും ഓരോ ഇന്ത്യക്കാരൻ വീതം വാഹനാപകടത്തിൽ മരണപ്പെടുന്നു. ലോകത്തെ ഏറ്റവും ഉയർന്ന അപകടനിരക്കായിരുന്നു അത്. ലോകാരോഗ്യസംഘടനയുടെ പഠനപ്രകാരം ആകെയുണ്ടാവുന്ന അപകടങ്ങളിൽ 30-35 ശതമാനവും മദ്യപിച്ചുള്ള ഡ്രൈവിംഗ് കാരണമാണ്.

ഈ വിപത്തിനെതിരെ എന്തെങ്കിലും ചെയ്യണമെന്ന ചിന്തയായി പിന്നീട്. അങ്ങനെ പഞ്ചാബ്-ഹരിയാന സംസ്ഥാനങ്ങളിലെ ദേശീയ-സംസ്ഥാന പാതകളിലെ മദ്യശാലകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് 2012-ൽ ഹർമൻ ചണ്ഡീഗഢ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകി. ദേശീയ-സംസ്ഥാനപാതകളിലെ മദ്യശാലകൾ അടച്ചുപൂട്ടാൻ 2014-ൽ ചണ്ഡീഗഢ് ഹൈക്കോടതി ഉത്തരവിട്ടു.

എന്നാൽ സുപ്രീംകോടതിയെ സമീപിച്ച ഹരിയാന-പഞ്ചാബ് സർക്കാരുകൾ സംസ്ഥാനപാതകളെ ഉത്തരവിൽ നിന്ന് ഒഴിവാക്കിയെടുത്തു. അങ്ങിനെ ഹർമന്റെ പോരാട്ടം സുപ്രീംകോടതിയിലെത്തി. ഇത്രയുമൊക്കെ ആണെങ്കിലും താൻ ഒരു മദ്യപാനിയാണെന്ന് ഹർമൻ പറയുന്നു. വീട്ടിലും ബാറിലും റസ്റ്റോറൻറിലുമിരുന്ന് മദ്യപിക്കാനാണ് താൻ ഇഷ്ടപ്പെടുന്നത്. മദ്യപിച്ച് വാഹനമോടിക്കുന്നതിനെയാണ് താൻ എതിർക്കുന്നതെന്നും ഹർമൻ പറയുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here