ആന്റി റോമിയോ സ്‌ക്വാഡ്; ശ്രീകൃഷ്ണനാണ് ഏറ്റവും വലിയ പൂവാലനെന്നു പ്രശാന്ത് ഭൂഷൺ; പരാതിയുമായി ബിജെപി

ദില്ലി: ഭഗവാൻ ശ്രീകൃഷ്ണനാണ് ഐതിഹാസികനായ പൂവാലൻ എന്നു അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷൺ. ഭഗവാൻ കൃഷ്ണൻ തന്നെ ഐതിഹാസികനായ പൂവാലൻ ആകുമ്പോൾ യോഗി ആദിത്യനാഥിന്റെ ആന്റി റോമിയോ സ്‌ക്വാഡിനെ ആന്റി കൃഷ്ണൻ സ്‌ക്വാഡ് എന്നു വിളിക്കാൻ ധൈര്യമുണ്ടോയെന്നും അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ ചോദിച്ചു. ട്വിറ്ററിലൂടെയാണ് പ്രശാന്തിന്റെ പരിഹാസം.

എന്നാൽ, പ്രസ്താവന വിവാദമായതോടെ പിന്നീട് തന്റെ ട്വീറ്റ് വളച്ചൊടിക്കപ്പെടുകയായിരുന്നെന്ന വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി. തന്റെ ലോജിക് അനുസരിച്ച് കൃഷ്ണനും പൂവാലനാണെന്ന് അദ്ദേഹം പറഞ്ഞു. പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റിനെതിരെ ബിജെപി രംഗത്തെത്തി. ഭഗവാൻ കൃഷ്ണനെ അപമാനിക്കുകയാണ് അദ്ദേഹം ചെയ്തതെന്നു ബിജെപി കുറ്റപ്പെടുത്തി. ബിജെപിയുടെ ദില്ലി വക്താവ് തേജീന്ദർ ബഗ്ഗ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഐപിസി സെക്ഷൻ 153 (എ), 295 എന്നിവ പ്രകാരമാണു പരാതി.

പൂവാലശല്യവും സ്ത്രീകൾക്കെതിരായ അക്രമങ്ങളും തടയാൻ ഉത്തർപ്രദേശ് സർക്കാർ രൂപം നൽകിയതാണ് ‘ആന്റി റോമിയോ ദൾ’. എന്നാൽ, സ്‌ക്വാഡിന്റെ പ്രവർത്തനം തുടക്കം മുതൽ വിവാദത്തിലായി. പൂവാലശല്യം തടയാൻ ഇറങ്ങിത്തിരിച്ച പൊലീസ് സേന ദമ്പതികളെപ്പോലും വെറുതെ വിടുന്നില്ലെന്ന് ആരോപണം ഉയർന്നിരുന്നു. സ്ത്രീകളെയും പെൺകുട്ടികളെയും കളിയാക്കുകയും കമന്റടിക്കുകയും ചെയ്യുന്നവരെ പിടികൂടി ഗുണ്ടാ നിയമമനുസരിച്ചു കേസെടുക്കാനായിരുന്നു സർക്കാർ നിർദ്ദേശം. അധികാരത്തിലെത്തിയാൽ ‘ആന്റി റോമിയോ ദൾ’ രൂപീകരിക്കുമെന്നു തിരഞ്ഞെടുപ്പു പ്രകടന പത്രികയിൽ ബിജെപി വാഗ്ദാനം ചെയ്തിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here