ട്രെയിന്‍ യാത്ര സുരക്ഷിതമാക്കാനുള്ള നടപടികളുമായി റെയില്‍വേ പൊലീസ്; സ്ത്രീസുരക്ഷക്ക് പ്രത്യേക പരിഗണന നല്‍കുന്ന പരിഷ്‌കാരങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കുമെന്ന് ഡിജിപി

തിരുവനന്തപുരം: ട്രെയിന്‍ യാത്രകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള നടപടികളുമായി റെയില്‍വേ പൊലീസ്. പുതിയ സംവിധാനങ്ങളും പരിഷ്‌കാരങ്ങളും നടപ്പാക്കിയാണ് റെയില്‍വേ പൊലീസ് ട്രെയിനിലും സ്റ്റേഷനിലും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നത്. സ്ത്രീസുരക്ഷക്ക് പ്രത്യേക പരിഗണന നല്‍കുന്ന പരിഷ്‌കാരങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കുമെന്ന് ഡി.ജി.പി അറിയിച്ചു.

ട്രെയിനിലെയും റെയില്‍വേ സ്റ്റേഷനിലെയും കുറ്റകൃത്യങ്ങള്‍ തടയുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി സമഗ്രമാറ്റത്തിനൊരുങ്ങുകയാണ് കേരള പൊലീസിന് കീഴിലുള്ള റെയില്‍വേ പൊലീസ്. സ്ത്രീസുരക്ഷ ലക്ഷ്യമിട്ട് റെയില്‍വേ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വനിതാ പൊലീസ് സാന്നിധ്യം വര്‍ദ്ധിപ്പിക്കുകയും കുടുതല്‍ വനിതകളെ ബീറ്റ് ഡ്യൂട്ടിക്ക് നിയോഗിക്കുകയും ചെയ്യുന്നതാണ് പ്രധാന നടപടി. ഇതിനായി റെയില്‍വേ പൊലീസിലെ വനിതകളുടെ എണ്ണം 20 ശതമാനം വര്‍ദ്ധിപ്പിക്കും.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ ഓരോ നായയെ വീതം ഉള്‍പ്പെടുത്തി റെയില്‍വേ പൊലീസിന് പ്രത്യേക ഡോഗ് സ്‌ക്വാഡ് രൂപീകരിക്കും. കൊച്ചിയില്‍ റെയില്‍വേക്കുമാത്രമായി പ്രത്യേക ബോംബ് സ്‌ക്വാഡിന്റെയും മറ്റ് സ്ഥലങ്ങളില്‍ ജില്ലാതല യൂണിറ്റുകളുടെയും സേവനം ലഭ്യമാക്കും. റെയില്‍വേയിലെ രഹസ്യവിവരശേഖരണം ശക്തിപ്പെടുത്താനായി പ്രത്യേക സ്‌പെഷ്യല്‍ ബ്രാഞ്ച് സംവിധാനം രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ആര്‍പിഎഫിന്റെ ചുമതലയുള്ള ഹെഡ്ക്വാര്‍ട്ടേഴ്‌സ് എസ്.പി കാളിരാജ് മഹേഷ് കുമാറാണ് ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം പുതിയ സുരക്ഷനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയത്. ഇവ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

കേരള പാലീസിന് കീഴിലുള്ള റെയില്‍വേ പൊലീസ് വിഭാഗത്തില്‍ 690 അംഗങ്ങളാണ് ഉള്ളത്. ഏറെക്കാലത്തിന് ശേഷമാണ് റെയില്‍വേ പൊലീസില്‍ ആധുനികവത്ക്കരണം നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here