അലിഗഢ് യൂണിവേഴ്‌സിറ്റിയിലെ ബീഫ് നിരോധനം: വിസിക്ക് വിദ്യാര്‍ത്ഥികളുടെ കത്ത്; മോദി സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിച്ച് വിസി

ലഖ്‌നൗ: യുപിയില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രി ആയതിന് ശേഷം ആദ്യം നടത്തിയ പ്രഖ്യാപനങ്ങളില്‍ ഒന്നാണ് അറവുശാലകളുടെ നിരോധനം. ഈ തീരുമാനത്തിന്റെ ഏറ്റവും വലിയ ഇരകളായി മാറിയത് അലിഗഢ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ്. തെരഞ്ഞെടുപ്പാനന്തരം ഭക്ഷണ മെനുവില്‍ നിന്ന് സര്‍വകലാശാല അധികൃതര്‍ മാംസാഹാരങ്ങള്‍ പടിപടിയായി ഒഴിവാക്കുകയായിരുന്നു.

അനധികൃത അറവുശാലകള്‍ അടച്ചു പൂട്ടിയതോടെ ഉണ്ടായ ലഭ്യതക്കുറവും വിലക്കൂടുതലുമാണ് കാരണമായി യൂണിവേഴ്‌സിറ്റി വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനങ്ങളും താത്പര്യങ്ങളും അക്ഷരം പ്രതി അനുസരിക്കുന്ന വൈസ്ചാന്‍സലര്‍ ലെഫ്റ്റ്. കേണല്‍ സമീറുദ്ദീന്‍ ഷാ ഇതിന് പിന്നിലെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സംശയമില്ല. ദിവസങ്ങളായി യൂണിവേഴ്‌സിറ്റിയിലെ മെനുവില്‍ പച്ചക്കറി ഭക്ഷണങ്ങള്‍ മാത്രമാണ് ഉള്ളത്.

20,000ത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിഖ്യാതമായ സര്‍വ്വകലാശാലയിലെ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും മാംസാഹാരം ഉപയോഗിക്കുന്നവരാണ്. യുപിയിലെ ഒരു പ്രധാന തെരഞ്ഞെടുപ്പ് വിഷയം കൂടിയായിരുന്നു അലിഗഢ് മുസ്ലീം യൂണിവേഴ്‌സിറ്റി. യൂണിവേഴ്‌സിറ്റിക്ക് ന്യൂനപക്ഷ പദവി നല്‍കേണ്ടതില്ലെന്ന നിലപാട് മോദി സര്‍ക്കാര്‍ നേരത്തെ സുപ്രീംകോടതിയില്‍ അറിയിച്ചിരുന്നു.

യൂണിവേഴ്‌സിറ്റിക്കകത്ത് ഇതിനെതിരെ നടന്ന പ്രതിഷേധങ്ങളെ വിസി കര്‍ശനമായി കൈകാര്യം ചെയ്യുകയും ചെയ്തു. പ്രതിഷേധങ്ങളോട് ഒരു തരത്തിലും വിട്ടുവീഴ്ചകള്‍ വേണ്ടെന്ന കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരുന്നു വിസിയുടെ പ്രവര്‍ത്തനം. അന്നത്തെ നടപടികള്‍ ഉണ്ടാക്കിയ ഭയം വിദ്യാര്‍ത്ഥികളില്‍ നിന്നും വിട്ടൊഴിഞ്ഞിട്ടില്ലെന്ന് ബീഫ് നിരോധനത്തോടുള്ള തണുത്ത പ്രതികരണം വ്യക്തമാക്കുന്നു.

ഭക്ഷണമെനുവില്‍ നിന്ന് മാംസാഹാരങ്ങള്‍ ഒഴിവാക്കപ്പെടുന്നതിനെതിരെ കാര്യമായ പ്രതിഷേധങ്ങള്‍ ഒന്നും തന്നെ ക്യാമ്പസില്‍ കാണാനില്ല. സ്റ്റുഡന്റ് യൂണിയന്‍ പോലുള്ള ക്യാമ്പസിലെ പ്രധാന സംഘടനകള്‍ക്കും കാര്യമായ പ്രതിഷേധമില്ല. സോഷ്യല്‍മീഡിയയിലെ വിദ്യാര്‍ത്ഥികളുടെ പ്രതികരണം പോലും ശക്തവുമല്ല. വിസിക്ക് കത്തയച്ച് പരിഹാരത്തിനുള്ള കാത്തിരിപ്പിലാണ് വിദ്യാര്‍ത്ഥികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here