ഈ വിഡ്ഢിദിനത്തിലെ താരം പാക് മുന്‍ വിദേശകാര്യമന്ത്രി; റഹ്മാന്‍ മാലിക്കിന്റെ മണ്ടത്തരം ആഘോഷിച്ച് പാക് മാധ്യമങ്ങള്‍

വിഡ്ഢിദിനത്തില്‍ വിഡ്ഢിയാക്കപ്പെട്ടവര്‍ വാര്‍ത്തകളില്‍ ഇടം പിടിക്കാറില്ല, അല്ലെങ്കില്‍ ആരും ഇക്കാര്യം തുറന്ന് പറയാറില്ല. എന്നാല്‍ ഇത്തവണ ലോക വിഡ്ഢിദിനത്തില്‍ പാക് മുന്‍ വിദേശകാര്യമന്ത്രി റഹ്മാന്‍ മാലിക്ക് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. വിഡ്ഢിദിനമാണെന്നറിയാതെ അക്കിടിയില്‍ ചെന്ന് ചാടിയതാണ് മാലിക്കിന് വിനയായത്.

മുന്‍മന്ത്രിയെ മണ്ടനാക്കിയതാകട്ടെ എക്‌സ്പ്രസ് ട്രൈബ്യൂണ്‍ പത്രവും. ഏപ്രില്‍ ഒന്നില്‍ പത്രത്തിന്റെ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച വാര്‍ത്തയോട് പ്രതികരിച്ചാണ് മാലിക്ക് കുഴിയില്‍ ചാടിയത്. ഇസ്ലാമാബാദിലെ ബേനസീര്‍ ഭൂട്ടോ വിമാനത്താവളം ചൈനീസ് പ്രസിഡന്റ് ഴി ജിപിങ്ങ് എന്ന് പുനര്‍നാമകരണം ചെയ്യുന്നുവെന്നായിരുന്നു വാര്‍ത്ത.

വിഡ്ഢിദിനമായതിനാലാണ് പത്രം ഇല്ലാക്കഥ പ്രചരിപ്പിച്ചതെന്നറിയാതെ മാലിക്ക് സര്‍ക്കാറിനെതിരെ പൊട്ടിത്തെറിച്ചു. പേര് മാറ്റിയാല്‍ പ്രതിഷേധം ഏതറ്റംവരെ പോകുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ വികാരം മാനിച്ച് സര്‍ക്കാര്‍ നീക്കത്തില്‍ നിന്ന് പിന്മാറണമെന്നും മാലിക്ക് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ചാടിയ അബദ്ധം ബോധ്യപ്പെട്ട മുന്‍മന്ത്രി കൂടുതല്‍ വിശദീകരണത്തിന് നില്‍ക്കാതെ പ്രസ്താവന പിന്‍വലിച്ചു. റഹ്മാന്‍ മാലിക്കിന്റെ മണ്ടത്തരം പാക് മാധ്യമങ്ങള്‍ നന്നായി ആഘോഷിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here