മദ്യശാലകള്‍ക്ക് പൂട്ട്: സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ സാവകാശം തേടാന്‍ സര്‍ക്കാര്‍; മൂന്നു മാസത്തെ അധികസമയം തേടാന്‍ ആലോചന

തിരുവനന്തപുരം: ദേശീയ സംസ്ഥാന പാതയോരത്തെ മദ്യവില്‍പനശാലകള്‍ പൂട്ടണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ സാവകാശം തേടാന്‍ സര്‍ക്കാര്‍. മൂന്നു മാസത്തെയെങ്കിലും അധികസമയം തേടാനാണ് ആലോചന. ഇതിന്റെ നിയമസാധുത പരിശോധിക്കാന്‍ എ.ജിക്കും നിയമവകുപ്പിനും എക്‌സൈസ് വകുപ്പ് നിര്‍ദേശം നല്‍കി. അതേസമയം, സംസ്ഥാനത്തെ മദ്യവില്‍പന ശാലകള്‍ക്ക് മുന്നില്‍ ഇന്നും തിരക്ക് തുടരുകയാണ്.

സംസ്ഥാനത്തെ 1956 മദ്യശാലകള്‍ പൂട്ടിയതോടെ കേരളം വന്‍ സാമ്പത്തികപ്രതിസന്ധിയാണ് നേരിടുന്നത്. സംസ്ഥാനത്തിന്റെ വാര്‍ഷിക വരുമാനത്തില്‍ 4000-5000 കോടിയോളം രൂപയുടെ കുറവുണ്ടാകുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. വാര്‍ഷിക പദ്ധതി വെട്ടിച്ചുരുക്കേണ്ടിവരും. ഇരുപതിനായിരത്തോളം തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇവരുടെ പുനരധിവാസവും സര്‍ക്കാരിന് വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ചയാണ് ദേശീയ പാതയോരത്തെ ബാറുകള്‍ക്ക് സുപ്രീംകോടതി താഴിട്ടത്. ശനിയാഴ്ച ഡ്രൈഡേ ആയിരുന്നതിനാല്‍ ഞായറാഴ്ചയാണ് ഉത്തരവ് പ്രാബല്യത്തില്‍ വന്നത്. തുറന്ന ഔട്ട്‌ലെറ്റുകള്‍ക്കു മുമ്പില്‍ വന്‍ തിരക്കായിരുന്നു. പലയിടത്തും തിരക്ക് നിയന്ത്രിക്കാന്‍ പൊലീസിന് ഇടപെടേണ്ടിവന്നു. നഗരങ്ങളില്‍ തുറന്ന മദ്യശാലകള്‍ക്കു മുന്നില്‍ രാവിലെ മുതല്‍ നീണ്ട ക്യൂവായിരുന്നു. കൊടുംചൂടില്‍ മണിക്കൂറുകള്‍ വരിനിന്നാണ് പലര്‍ക്കും മദ്യം വാങ്ങാനായത്. പലയിടത്തും ഗതാഗതം തടസ്സപ്പെടുന്ന സ്ഥിതിയുണ്ടായി.

ഭൂരിപക്ഷം മദ്യശാലകളും അടച്ചതോടെ തുറന്ന സ്ഥലങ്ങളില്‍ വന്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്ന ആശങ്കയിലാണ് എക്‌സൈസും പൊലീസും. വ്യാജമദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഒഴുക്ക് വര്‍ധിക്കുമെന്ന ആശങ്കയുമുണ്ട്. അതിനാല്‍ എക്‌സൈസും പൊലീസ് ഇന്റലിജന്‍സും സര്‍ക്കാരിന് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.

സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിന് മൂന്നു മാസത്തെ സാവകാശം ലഭിക്കുമോയെന്ന് ആരായാന്‍ അഡ്വക്കേറ്റ് ജനറലിനോടും നിയമസെക്രട്ടറിയോടും എക്‌സൈസിന്റെ ചുമതല വഹിക്കുന്ന മന്ത്രി ജി സുധാകരന്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News