മലപ്പുറത്ത് ബീഫ് നിരോധനത്തെ കുറിച്ച് മിണ്ടാനുള്ള ചങ്കൂറ്റം ഉണ്ടോ? ബിജെപിയോട് ശിവസേന; വ്യത്യസ്ത നിലപാടുകളില്‍ പരിഹാസവും

മുംബൈ: ബീഫ് വിഷയത്തില്‍ ബിജെപിക്കെതിരെ ചോദ്യങ്ങളും വിമര്‍ശനങ്ങളുമായി ശിവസേന മുഖപത്രം സാമ്‌ന. ബീഫ് നിരോധനത്തെക്കുറിച്ച് മലപ്പുറത്ത് മിണ്ടാന്‍ ബിജെപിക്ക് ധൈര്യമുണ്ടോയെന്ന് ശിവസേന ചോദിക്കുന്നു. ഗോവധവുമായി ബന്ധപ്പെട്ട് വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുന്നതിനെയും ശിവസേന വിമര്‍ശിക്കുന്നു. ഒരു വിഷയത്തിലെ വ്യത്യസ്തനിലപാടുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അത് ജനങ്ങള്‍ക്കിടെയിലെ പരിഹാസത്തിന് കാരണമാകുമെന്നും മുഖപത്രത്തില്‍ പറയുന്നു.

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബീഫ് വിഷയം ചര്‍ച്ചയാക്കി ബിജെപി സ്ഥാനാര്‍ത്ഥി എന്‍. ശ്രീപ്രകാശ് തന്നെയാണ് കഴിഞ്ഞിദിവസം രംഗത്തെത്തിയത്. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അറവുശാലകളില്‍ നല്ല ബീഫ് ലഭ്യമാക്കുമെന്ന് ശ്രീപ്രകാശ് പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു. ഗുണമേന്‍മയുളള ബീഫ് കടകള്‍ തുടങ്ങാന്‍ താന്‍ മുന്‍കയ്യെടുക്കുമെന്നും ശ്രീപ്രകാശ് പറഞ്ഞിരുന്നു.

ദേശീയ തലത്തില്‍ ഗോവധത്തിനും ബീഫിനും എതിരായ നിലപാട് ബിജെപി കടുപ്പിക്കുമ്പോഴാണ് മലപ്പുറത്തെ നിലപാട് മാറ്റമെന്നത് പ്രസക്തമാണ്. നേരത്തേ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ബീഫ് വിഷയത്തില്‍ ബിജെപി തന്ത്രം മാറ്റി പിടിച്ചിരുന്നു. വിജയിപ്പിച്ചാല്‍ ബീഫ് നിരോധിക്കില്ലെന്നും അതുകൊണ്ട് തങ്ങള്‍ക്ക് വോട്ട് ചെയ്യണമെന്നുമായിരുന്നു അവിടെ ബിജെപി ആവശ്യപ്പെടുന്നത്. ഈ നിലപാടു മാറ്റത്തെയാണ് ചോദ്യം ചെയ്ത് ശിവസേന രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel